
ഫുജൈറ കെഎംസിസി മുസ്ലിം ലീഗ് സ്ഥാപകദിന സംഗമവും ഹൈദരലി തങ്ങള്‍ അനുസ്മരണവും
മുംബൈ : വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 1991ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. കഴിഞ്ഞ നാലു ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. പത്മവിഭൂഷനും പത്മഭൂഷനും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പോകുകയും പീന്നീട് ഇതിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. 2016 മുതല്‍ ഇടക്കാല ചെയര്‍മാനായിരുന്നു. 1991 മാര്‍ച്ചിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാലയളവില്‍ കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1991 ല്‍ 10,000 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്മാന് സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ ഈ സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.
ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍. ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു.
കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയറിങ് ബിരുദം. 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ച അദ്ദേഹം ടാറ്റയെ രാജ്യാന്തര ബ്രാന്റ് ആയി ഉയര്‍ത്തി. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിക്കിയതും സ്വച്ഛ് എന്ന സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങളാണ്.