സൈക്കിള്‍ യാത്രക്കാര്‍ക്കായി മൂന്ന് മാസത്തെ ബോധവത്കരണം
യാത്രകളും സഞ്ചാരങ്ങളും അത്രമേല്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും വര്‍ധിച്ചു വരുന്നു. സഞ്ചാരികളുടെ സ്വപ്ന നാടാണിന്ന് റാസല്‍ ഖൈമ. ‘കൂടാരത്തിന്റെ തലഭാഗം’ എന്നാണ് റാസല്‍ഖൈമയുടെ അര്‍ത്ഥം. ഒന്നര ലക്ഷത്തോളമാളുകള് ഇവിടെ താമസിക്കുന്നുണ്ട്. 7000ത്തിലധികം വര്‍ഷങ്ങളായി ജനവാസമുളള നാട്. കനത്ത ചൂടിന് വിരാമമിട്ട് യുഎഇ ശൈത്യത്തിലേക്ക് കടന്നപ്പോള്‍ അത് ആഘോഷിക്കാനുള്ള തിരക്കിലാണ് റാസല്‍ഖൈമയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. അതില്‍ ഏറ്റവും മനോഹരം ഹജര്‍ പര്‍വത നിരകളാണ്. വടക്കുകിഴക്കന്‍ ഒമാന്‍,കിഴക്കന്‍ യുഎഇ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന കിഴക്കന്‍ അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളാണ് അല്‍ ഹജര്‍. ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് കാഴ്ചാ വസന്തമാണ്. ഹജറില്‍ നിന്ന് നിരവധി ഉറവകള്‍ പുറപ്പെട്ട് പാലരുവിയായി മാറുന്നതും അവയുടെ തീരങ്ങള്‍ പച്ചപ്പണിഞ്ഞ് നില്ക്കുന്നതും മനോഹരമായ കാഴ്ചയാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്താണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടേക്ക് എത്തുന്നത്. നിരവധി അണക്കെട്ടുകളും ഹജര്‍ താഴ്വരയിലുണ്ട്. അറേബ്യയുടെ ഭൂപ്രകൃതി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളും ഇവിടെ കാണാം. നിരവധി ഫലവൃക്ഷങ്ങളും മാതളവും ആപ്രിക്കോട്ടും പോലുള്ള പഴവര്‍ഗങ്ങളും ഈ താഴ്വരയില് ധാരാളമായുണ്ട്.
അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികള്‍ മുതല്‍ അറേബ്യന്‍ വരയാട് പോലുള്ള സസ്തനികളും ഇവിടെയുണ്ട്. പ്രകൃതി വൈവിധ്യങ്ങള്‍ കൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഹജര്‍ പര്‍വത നിരകളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്.
യുഎഇയിലെ ഏറ്റവും വലിയ മലനിരകളായ ജബല്‍ ജെയ്സ് പ്രകൃതിയുടെ വിസ്മയങ്ങളുടെ കലവറ തന്നെയാണ്. മലയിടുക്കുകളിലൂടെ അസ്തമയസൂര്യനെയും കണ്ട് ജബല്‍ ജെയ്സിലേക്ക് എത്തുക എന്നത് കൗതുകം പകരുന്ന അനുഭവമാണ്. റാസല്‍ഖൈമയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ഏകദേശം 6345 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ അതിന്റെ തീവ്രതയില്‍ത്തന്നെ അനുഭവപ്പെടുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അപൂര്‍വയിനം കാട്ടുചെടികളും മരങ്ങളും ഈ മലനിരകളുടെ പ്രത്യേകതയാണ്. വ്യത്യസ്തയിനത്തില്‍പ്പെട്ട 100 ലധികം ചെടികളാണ് യുഎഇയിലെ ഈ പര്‍വത നിരകളില്‍ മാത്രം കണ്ടെത്തിയിട്ടുള്ളത്. വിപണിയില്‍ പോലുമില്ലാത്ത ഔഷധ മൂല്യങ്ങളുള്ള അത്തിപ്പഴവും ബദാമുമെല്ലാം ഇവിടെ സുലഭമാണ്. 36 കിലോ മീറ്ററിലുള്ള റോഡ് വഴി സഞ്ചാരികള്‍ക്ക് ജബല്‍ ജെയ്സ് മലനിരകളിലേക്ക് എത്തിപ്പെടാന്‍ കഴിയും. 20 വിശ്രമ കേന്ദ്രങ്ങളും വ്യൂപോയിന്റുകളുമായി മനോഹരമായ യാത്രാ അനുഭവമാണ് ഈ റോഡ് വഴി സാധ്യമാവുക. ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ഈ യാത്രാനുഭവം സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
റാസല്‍ഖൈമയിലെ ദയാ ഫോര്‍ട്ട് പ്രൗഢമായ കാഴ്ചയാണ്. യുഎഇ മലമുകളിലെ ഏകകോട്ടയെന്ന ഖ്യാതിയും 16ാം നൂറ്റാണ്ടില്‍ അല്‍ ഖാസിമി കുടുംബം നിര്‍മിച്ച ദയാ ഫോര്ട്ടിനുണ്ട്. ചരിത്ര പൗരണിക ശാസ്ത്ര പഠിതാക്കളുടെ ഇഷ്ടകേന്ദ്രമായ ദയാ ഫോര്‍ട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അധിനിവേശ
ശക്തികള്‍ക്കെതിരെയുള്ള പോരാട്ട ഭൂമികയായ ദയാഫോര്ട്ട് 2000 ലേറെ വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന പ്രദേശമാണ്. മലനിരകളാല്‍ സംരക്ഷിക്കപ്പെടുന്ന കോട്ടയിലെ ഇരട്ട ഗോപുരങ്ങളിലിരുന്നാണ് കടല്‍ വഴി വരുന്ന ശത്രുക്കളെ നിരീക്ഷിച്ചിരുന്നത്. കോട്ടയുടെ നിര്‍മിതിയും സംരക്ഷണവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. സാഹസിക സഞ്ചാരികള്‍ ട്രക്കിങ്ങിനെത്തുന്ന പ്രധാനയിടമാണ് റാസല്‍ഖൈമയിലെ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലനിരകളും അല്ഗലീല താഴ്വാരവും. ഉപജീവനത്തിന് കൃഷിയും മുത്തുവാരലും മത്സ്യബന്ധനവും നടത്തിയിരുന്ന പൂര്‍വികരുടെ ജീവിത രീതികളുടെ ശേഷിപ്പുകളും അല്‍ ഗലീല മലനിരകള്‍ കേന്ദ്രീകരിച്ച് കാണാം. പൂര്‍വികരുടെ ജീവിത രീതികള്‍ തൊട്ടറിയാന്‍ പര്‍വത നിരയിലുള്ള കല്ല് വീടുകളിലൂടെ സാധിക്കും. കല്ലുകള്‍ ക്രമപ്പെടുത്തി നിര്‍മിച്ച വളരെ ചെറിയ മുറികളിലായിരുന്നു പൂര്‍വികരുടെ താമസം. പാറകളും ഈന്തപ്പനയോലകളും തടികളും ചുണ്ണാമ്പു കല്ലുമായിരുന്നു നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവിടെ നിന്നും ആളുകള്‍ പൂര്‍ണമായും താമസം മാറിയത്.
യുഎഇയുടെ പാരമ്പര്യത്തിന്റെ കഥ പറയുന്ന മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് അംല്‍ റംസിലെ സുവൈദി പേള്‍ ഫാം. ഒരു കാലത്ത് അറബ് വംശജരുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന മുത്തുവാരലിന് 7500 വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ജലത്തിനടിയിലെ മര്‍ദവും വിഷജീവികളെയും ഭീമാകാരമായ സ്രാവുകളെയും അതിജീവിച്ചാണ് മുന്‍തലമുറ മുത്തുചിപ്പികള്‍ ശേഖരിച്ചിരുന്നത്. കടല്‍ ആഴങ്ങളിലേക്കുള്ള ഓരോ മുങ്ങലിനും 60 സെക്കന്റാണ് ദൈര്‍ഘ്യം. 50 മുതല്‍ 200 തവണ വരെ ഇത് ആവര്‍ത്തിക്കും. കഠിനമായ ഈ തൊഴിലിലൂടെ കടന്നു വന്നതിന്റ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് സുവൈദി പേള്‍ ഫാം. അല്‍റംസ് തീരത്ത് നിന്ന് 30 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്താല്‍ പേള്‍ ഫാമിലെത്താം. മുത്തിന്റെ സംസ്കാരവും വിപണനവും ഇതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം ഇവിടെയുണ്ട്. മാത്രമല്ല മുത്തുകളില്‍ തീര്‍ത്ത ആഭരണങ്ങളും പേനകളും ഇവിടെ വില്പനയ്ക്കുണ്ട്. 2005ലാണ് റാക് അല്‍ റംസില്‍ സുവൈദി പേള്‍ ഫാം പ്രവര്‍ത്തനം തുടങ്ങിയത്. കൂടാതെ വാദി ഷൗക്ക,നാഷണല്‍ മ്യൂസിയം, ജസീറത്ത് അല്‍ ഹംറ, ഖാട്ട് സ്പ്രിംഗ്സ് തുടങ്ങി നിരവധി കാഴ്ചകള്‍ റാസല്‍ഖൈമയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ശൈത്യമായതോടെ റാസല്‍ഖൈമയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. തണുത്ത കാലാവസ്ഥയും കാഴ്ചകളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. വര്‍ഷം തോറും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കി ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കോന്ദ്രങ്ങളിലൊന്നാക്കി റാസല്‍ഖൈമയെ മാറ്റാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്. അതുകൊണ്ട് തന്നെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് ഭരണാധികാരികള്‍. ഇതിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന തുറമുഖവും അതിനോട് അനുബന്ധിച്ച് 80 ലക്ഷം ചതുരശ്ര മീറ്റര്‍ ഫ്രീ സോണും നിര്‍മിക്കും. സഖര്‍ 2 തുറമുഖ ഫ്രീസോണ്‍ പദ്ധതി 2027ലാണ് പ്രവര്‍ത്തനം ആരംഭിക്കുക. ആഡംബര നൗകകളുടെ അറ്റകുറ്റപ്പണികള്‍, ചരക്കു നീക്കത്തിനുള്ള മികച്ച സൗകര്യങ്ങള്‍, വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയവ സഖര്‍ തുറമുഖ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പരിസ്ഥിതി സൗഹൃദമായിരിക്കും തുറമുഖത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും. ആഗോള പാരിസ്ഥിതിക മുന്‍ഗണനകള്‍ക്കനുസരിച്ച് സുസ്ഥിരമായ കപ്പല്‍ പുനരുപയോഗത്തിന് വഴിയൊരുക്കിയാകും തുറമുഖത്തിന്റെ പ്രവര്‍ത്തനം. നിലവിലെ തുറമുഖങ്ങളായ അല്‍ജീര്‍,സഖര്‍,മാരിടൈം,റാക്,ജസീറ തുടങ്ങിയവയുടെ വൈവിധ്യവത്കരണത്തിനുള്ള പ്ലാറ്റ്ഫോമായി സഖര്‍ 2.0 മാറും. കൂടാതെ 2030 ആകുമ്പോഴേക്കും സന്ദര്‍ശകര്‍ക്കായി തയ്യാറാക്കുന്ന ഹോട്ടലുകളുടെ എണ്ണവും ഇരട്ടിയാക്കും. നിലവില്‍ 8000 ഹോട്ടല്‍ മുറികളാണ് ഇവിടെയുള്ളത്. ഇത് 16,000 മുതല്‍ 20,000 വരെ ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം അല്‍ മര്‍ജാന്‍ ദ്വീപില്‍ യുഎഇയുടെ ആദ്യ സംയോജിത ഗെയിമിംഗ് റിസോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. 2027ന്റെ തുടക്കത്തില്‍ മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യും. ഇതില്‍ 1500 മുറികളാണ് ഉണ്ടാവുക. 22 ഔട്ട്ലറ്റുകള്, വിനോദ സൗകര്യങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, എന്നിവയും ഉണ്ടാകും. നിലവില്‍ റാസല്‍ഖൈമയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ആഭ്യന്തര വിനോദ സഞ്ചാരികളാണ്. വരുംനാളുകളില്‍ ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാവാനുളള ഒരുക്കത്തിലാണ് റാസല്‍ഖൈമ.