
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) ഒരു മാസം നീണ്ടുനില്‍ക്കുന്ന റമസാന്‍ സാംസ്കാരിക പരിപാടികള്‍ പ്രഖ്യാപിച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിശുദ്ധ മാസത്തിന്റെ പാരമ്പര്യങ്ങളും ചൈതന്യവും ആഘോഷിക്കാനുള്ള അവസരമാണ് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ഒരുക്കുന്നത്. സര്‍ഗാത്മകതയും സമൂഹ ഇടപെടലും വളര്‍ത്തുന്നതിനൊപ്പം അബുദാബിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്.
എമിറേറ്റിന്റെ പാരമ്പര്യങ്ങള്‍,കലകള്‍,സാഹിത്യം,പാചക പൈതൃകം എന്നിവ എടുത്തുകാണിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടിയാണിത്. കഥപറച്ചില്‍, ചര്‍ച്ചകള്‍,പരിശീലനങ്ങള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. അര്‍ത്ഥവത്തായതും അവിസ്മരണീയവുമായ രീതിയില്‍ റമസാനിന്റെ സത്തയുമായി ബന്ധപ്പെടാന്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുന്ന സംംസ്കാരിക പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പൈതൃക പരിപാടികളുടെ ഭാഗമായി അല്‍ ഐന്‍ ഒയാസിസ് എല്ലാ വെള്ളിയാഴ്ചയും റമസാനിലെ ഹരീസ് വിതരണം ചെയ്യും. ഇമാറാത്തിയിലെ പ്രധാന വിഭവമായ ഹരീസ് തയാറാക്കി വിതരണം ചെയ്യുന്ന പാരമ്പര്യത്തെ ഇത് പുനരുജ്ജീവിപ്പിക്കും. 2023ല്‍ ഇത് യുനെസ്കോയുടെ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ടതാണ്.
മാര്‍ച്ച് 15 വരെ എല്ലാ വാരാന്ത്യങ്ങളിലും സുഹൂറിലെ ബൈത്ത് മുഹമ്മദ് ബിന്‍ ഖലീഫക്കു മുമ്പില്‍ സാംസ്കാരിക,വിനോദ,സംവേദനാത്മക പരിപാടികള്‍ നടക്കും. ഇമാറാത്തി, സിറിയന്‍,പാകിസ്താന്,ഇറാഖി സംഗീതവും നൃത്തവും പ്രദര്‍ശിപ്പിക്കുന്ന തീം രാത്രികളും ചെസ്,കാരംസ് തുടങ്ങിയ പരമ്പരാഗത ഗെയിമുകളും നടക്കും. 12 മുതല്‍ 15 വരെ അല്‍ ജാഹിലി ഫോര്‍ട്ടില്‍ നടക്കുന്ന പരമ്പരാഗത ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത, ഗ്രൂപ്പ് ഗെയിമുകള്‍,പൊതു പരിപാടികള്‍, വിദ്യാഭ്യാസ വര്ക്ഷോപ്പുകള് എന്നിവയിലൂടെ ഇമാറാത്തി പൈതൃകം ആഘോഷിക്കും. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.
11,12 തീയതികളില്‍ അല്‍ ദഫ്ര ഫോര്‍ട്ടില്‍ നടക്കുന്ന റമസാന്‍,ഇഫ്താര്‍ ഒത്തുചേരലുകള്‍,പാനല്‍ ചര്‍ച്ചകള്‍, കുട്ടികളുടെ മത്സരങ്ങള്‍,പരമ്പരാഗത ഇമാറാത്തി വസ്ത്രങ്ങളുടെ പ്രദര്‍ശനം എന്നിവ നടക്കും. 14 മുതല്‍ 21 വരെ നടക്കുന്ന ഹെറിറ്റേജ് വില്ലേജിലെ റമസാന്‍ നൈറ്റ്സ്, സംവേദനാത്മക വിനോദം, വര്ക്ഷോപ്പുകള്,പാചക അനുഭവങ്ങള്‍ എന്നിവയിലൂടെ യുഎഇ പൈതൃകങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ സഹായിക്കുന്നതാകും സാംസ്കാരിക പരിപാടികള്‍.