
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുംഇന്ന് റമസാന്‍ ഒന്ന്
അബുദാബി: വിശുദ്ധിയുടെ വസന്തോത്സവത്തിന് ഗള്‍ഫില്‍ ഭക്തിധന്യതയോടെ തുടക്കം. യുഎഇയില്‍ ഇന്ന് വിശുദ്ധ റമസാന്‍ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതിയാണ് പ്രഖ്യാപിച്ചത്. അബുദാബിയില്‍ യുഎഇ കൗണ്‍സില്‍ ഫോര്‍ ഫത്വ യോഗം ചേര്‍ന്നാണ് റമസാന്‍ മാസപ്പിറവി സ്ഥിരീകരിച്ചത്. ഈ അനുഗ്രഹീത അവസരത്തില്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റു സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്സ് ഭരണാധികാരികളും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും കിരീടാവകാശികളും ഉപഭരണാധികാരികളും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തെ മുഴുവന്‍ മുസ്്ലിം സമൂഹത്തിനും റമസാന്‍ ആശംസകള്‍ നേരുന്നതായി അറിയിച്ചു. പ്രിയപ്പെട്ട രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കും അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ക്കും നന്മയും സന്തോഷവും നിലനില്ക്കുന്നതിനും സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ലോകനാഥനായ അല്ലാഹുവിന് എല്ലാ സ്തുതിയും നേരുന്നുവെന്നും ഭരണാധികാരികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സഊദി അറേബ്യയും ഒമാനും ഉള്‍പ്പെടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമസാന്‍ ഒന്നായി പ്രഖ്യാപിക്കുകയായിരുന്നു. സഊദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅബാന്‍ 29 ആയ ഇന്നലെ മാസപ്പിറവി ദര്‍ശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുമൈല്,അല്‍ ഹരീഖ്,ശഖ്റ,ഹുത്ത സുദൈര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഊദി വിപുലമായ നിരീക്ഷണ സംവിധാനം ഒരുക്കിയിരുന്നു. മേഘാവൃത അന്തരീക്ഷമായിരുന്നുവെങ്കിലും തുമൈറില്‍ ആകാശം തെളിഞ്ഞതോടെ മാസപ്പിറവി ദൃശ്യമാവുകയായിരുന്നു. പുണ്യങ്ങളുടെ പൂക്കാലം വന്നണഞ്ഞതോടെ ഇനിയുള്ള മുപ്പത് രാപ്പകലുകള്‍ ഭക്തിയുടെ വസന്തകാലമായിരിക്കും. പകല്‍ നോമ്പനുഷ്ഠിച്ചും ജമാഅത്ത് നമസ്കാരങ്ങള്‍ പതിവാക്കിയും പള്ളികളില്‍ ഇഅ്തികാഫിരുന്നും ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിച്ചും വിശ്വാസികള്‍ വിശുദ്ധ മാസത്തെ ധന്യമാക്കും. ഇന്നലെ റമസാന്‍ മാസപ്പിറ ദൃശ്യമായത് അറിഞ്ഞതോടെ ആദ്യ തറാവീഹ് നമസ്കാരത്തിന് വര്‍ധിത ആവേശത്തോടെയാണ് വിശ്വാസികള്‍ പള്ളികളിലെത്തിയത്. ഇനിയുള്ള രാത്രികള്‍ വിശ്വാസികള്‍ തറാവീഹ് നമസ്കാരങ്ങളാലും ഖിയാമുല്ലൈലും തസ്ബീഹ് നമസ്കാരങ്ങളാലും അല്ലാഹുവിലേക്ക് അടുക്കുന്നതിന് ആരധനാനിമഗ്നനാകും.
കാരുണ്യത്തിന്റെ ആദ്യ പത്തിലും പാപമോചനത്തിന്റെ രണ്ടാം പത്തിലും നരകമോചനത്തിന്റെ മൂന്നാം പത്തിലും ഓരോ വിശ്വാസിയും ഉള്ളുരുകി അല്ലാഹുവിനോട് അര്‍ത്ഥിക്കുന്ന ദിനങ്ങളാണ് പുണ്യ റമസാന്‍. സത്കര്‍മങ്ങള്‍ അധികരിപ്പിച്ചും ദാനദര്മങ്ങളില് മുഴുകിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും സുകൃതങ്ങള്‍ വാരിക്കൂട്ടാന്‍ വിശ്വാസികള്‍ പവിത്രമാസത്തെ
ഉപയോഗപ്പെടുത്തും.