
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
സാമൂഹ്യ മര്യാദയുടെ പ്രധാനഘടകമാണ് അഭിവാദ്യം. പരസ്പരമുള്ള അഭിവാദ്യങ്ങള്‍ മനുഷ്യരെ മാനസികമായി അടുപ്പിക്കുന്നു. വലിപ്പവും ചെറുപ്പവുമില്ലാതെ ആണ്, പെണ് വ്യത്യാസമില്ലാതെ സലാം അല്ലെങ്കില്‍ അഭിവാദ്യം വര്‍ധിപ്പിക്കാനാണ് പ്രവാചകന് (സ) പഠിപ്പിക്കുന്നത്. ഒരു സംസ്കാരമുള്ള ജനതയില്‍ അഭിവാദ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സുപ്രഭാതം, ശുഭരാത്രി, നമസ്തേ, നമസ്കാരം, തിരുവായുസ്സ് തുടങ്ങിയ അഭിവാദനരീതികള്‍ മലയാളത്തിലുണ്ട്. എന്നാല്‍ ചിലതിലൊക്കെ സാമൂഹിക അസമത്വത്തിന്റെയും പദവികളിലെ ഏറ്റക്കുറച്ചിലുകളുടെയും അടയാളങ്ങള്‍ വ്യക്തമാണ്.
തിരുവായുസ്സ് എന്ന പ്രയോഗം അവര്ണന് സവര്ണന് നല്കുന്ന അഭിവാദ്യമാണെന്ന് വ്യക്തം. എന്നാല്‍ ഇസ്ലാമില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ പണ്ഡിത പാമര വേര്‍തിരിവില്ലാതെ ഒരൊറ്റ അഭിവാദന രീതി മാത്രമാണുള്ളത്. ‘അല്ലാഹുവില്‍ നിന്നുള്ള ശാന്തി നിങ്ങളിലുണ്ടാവട്ടെ.’ എന്നാല്‍ മാനവികമായ ഈ അഭിവാദനരീതിയെ പോലും നമ്മള് വേണ്ടത്ര മാനിക്കുന്നില്ല. ഇന്ന് ആളും തരവും നോക്കി സലാം പറയുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പണക്കാരന് പാവപ്പെട്ടവനോട് സലാം പയറുന്നത് കുറച്ചിലായി കാണുന്നവരുണ്ട്. അത് പോലെ തന്നെ പണക്കാരനും പ്രഗത്ഭര്‍ക്കും പലരും ശക്തമായ രീതിയില്‍ സലാം പറയുന്നത് കാണാം. ഇത്തരം വേര്‍തിരിവുകളുള്ള അഭിവാദനരീതികള്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. നടന്നുവരുന്നവര്‍ ഇരിക്കുന്നവര്‍ക്ക് സലാം പറയുക, എണ്ണക്കൂടുതലുള്ള സംഘത്തോട് എണ്ണക്കുറവുള്ളവര് പറയുക, രണ്ട്് ചെറിയവരെ പ്രായം ചെന്ന ആള് കണ്ടാല്‍ പ്രായം ചെന്നവര്‍ പറയുക എന്നതാണ് അഭിവാദനത്തിന്റെ ഇസ്ലാമിക മാതൃക.
ഒരാള്‍ നബി (സ) ചോദിച്ചു: ഇസ്ലാമിക മര്യാദകളില്‍ ഉത്തമമായത് ഏതാണ്? നബി (സ) അരുളി: ‘നീ (വിശന്നവര്‍ക്ക്) ഭക്ഷണം നല്കല്. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയല്‍’ (ബുഖാരി). നബി (സ) പറഞ്ഞു: ‘വാഹനത്തിലേറിയവന്‍ നടക്കുന്നവനും നടക്കുന്നവന് ഇരിക്കുന്നവനും എണ്ണം കുറഞ്ഞവര്‍ കൂടുതലുള്ളവര്‍ക്കും സലാം പറയട്ടെ’ (മുസ്ലിം). ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘മുസ്ലിംകളും ബിംബാരാധകരും യഹൂദരും കലര്‍ന്നിരിക്കുന്ന ഒരു സദസ്സിന്നരികിലൂടെ നബി ഒരിക്കല്‍ നടന്നുപോകുമ്പോള്‍ അവിടുന്ന് അവര്‍ക്ക് സലാം പറയുകയുണ്ടായി’. (ബുഖാരി). മുസ്ലിംകള്ക്ക് സലാം, എന്റെ അമുസ്ലിം സഹോദരന്മാര്ക്ക് കൂപ്പുകൈഎന്ന് ചില പ്രാസംഗികര്‍ പറയാറുണ്ട്. സത്യത്തില്‍ അതിന്റെ ആവശ്യമില്ല. എല്ലാവര്‍ക്കുമായി സലാം പറഞ്ഞാല്‍ മതി. മനുഷ്യര്‍ തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ ഏറ്റവും ഉത്തമമായതും എളുപ്പത്തിലുള്ളതുമായ മാര്‍ഗം സലാം പറയലാണ്. പിണക്കം തീര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നവനാണ് അല്ലാഹുവിന്റെ പ്രീതി നേടുക. സലാം പറയലാണ് സ്നേഹ ബന്ധത്തിലേക്കുള്ള ആദ്യപടി. അവന് ആദ്യം പറയട്ടെ എന്ന മത്സരം അവസാനിപ്പിച്ച് സലാം പറഞ്ഞ് എത്രയും വേഗം പിണക്കം തീര്‍ക്കണമെന്നാണ് ഇസ്ലാം കല്പിക്കുന്നത്. അഭിവാദ്യം ചെയ്യല്‍ പവിത്രവും മാനവികവുമായ സംസ്കാരമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്.