
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അതിഥി മര്യാദ മനുഷ്യന്റെ സാംസ്കാരിക ജീവിതത്തില്‍ മുഖ്യ ഘടകമാണ്. ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും മനസ്സിലാക്കാന്‍ അതിഥികളോടുള്ള അയാളുടെ സമീപനം നോക്കിയാല്‍ മതിയാവും. ഒരാള്‍ അതിഥിയെ തിരസ്കരിക്കുക, പിശുക്കും സംസ്കാര ശൂന്യതയും ഒത്തുചേരുമ്പോഴാണ്. ഭക്ഷണം കഴിക്കാന്‍ നേരത്ത് വല്ലവരും വീട്ടിലേക്ക് കയറിവന്നാല്‍ അയാള്‍ തിരിച്ചുപോവുന്നത് വരെ, എത്ര വൈകിയാലും അതുവരെ ഭക്ഷണം കഴിക്കാതിരിക്കുന്നവരുണ്ട്. ഉള്ളഭക്ഷണം പങ്കുവെക്കാന്‍ അയാളെ ക്ഷണിക്കുന്നതാണ് ആതിഥ്യ മര്യാദ. അതിഥിയെ ആദരിക്കാന്‍ ഇസ്ലാം ശക്തമായി കല്പിക്കുകയും പ്രവാചകന് (സ) അതിന് വഴികാട്ടിയാവുകയും ചെയ്തിട്ടുണ്ട്.
നബി (സ) പറഞ്ഞു: ‘ വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് തന്റെ അതിഥിയെ ആദരിക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അയല്‍വാസിയെ അവന് ദ്രോഹിക്കാതിരിക്കട്ടെ. വല്ലവനു അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് നല്ലതുപറയട്ടെ. അല്ലെങ്കില്‍ മൗനം പാലിക്കട്ടെ.” (ബുഖാരി, മുസ്ലിം). ഈ പ്രവാചക വചനത്തില്‍ നിന്നും മനസ്സിലാക്കാം അതിഥിയെ ആദരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച്. വിശ്വാസകാര്യങ്ങളോട് ചേര്‍ത്താണ് അതിഥി ആദരവിനെക്കുറിച്ച് പ്രവാചകന് പറയുന്നത്. അതോടൊപ്പം അതിഥി പാലിക്കേണ്ട മര്യാദകളെക്കുറിച്ചും പ്രവാചകന് പഠിപ്പിക്കുന്നുണ്ട്. ഭക്ഷണ സമയം നോക്കി ഒരു വീട്ടിലേക്ക് ചെല്ലുക. കിട്ടുവോളം അവിടെ ഇരിക്കുക, ഇതൊന്നും നല്ല ശീലമല്ല. ആതിഥേയന് വിഷമമുണ്ടാക്കാതിരിക്കാന്‍ അതിഥി ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു പ്രവാചക വചനം നോക്കാം.
നബി (സ) പറഞ്ഞു: ” അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് തന്റെ അതിഥിയെ ആദരിക്കട്ടെ. (ആദ്യത്തെ) രാവും പകലും അവന്റെ സല്ക്കാരമാകുന്നു. വിരുന്ന് മൂന്ന് ദിവസമാണ്. അതിന് ശേഷമുള്ളത് ദാനവും. ആതിഥേയന് വിഷമമാകുവോളം അവന്റെ അടുക്കല്‍ താമസിക്കുന്നത് അതിഥിക്ക് അനുവദനീയമല്ല.” (ബുഖാരി, മുസ്ലിം). മുഖം കറുപ്പിച്ച് അതിഥിക്ക് മുന്തിയ ഭക്ഷണം കൊടുക്കുന്നതിനേക്കാള്‍ നല്ലത് മുഖപ്രസന്നതയോടെ ലഘുഭക്ഷണം നല്‍കുന്നതാണ്. അതിഥി ആരാണെന്ന സങ്കല്പത്തില് നമുക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. നമ്മള് ക്ഷണിച്ചുവരുത്തുന്നവരെയാണ് സാധാരണയായി അതിഥിയായി കണക്കാക്കാറ്. ഇവര്‍ അതിഥികളാണെങ്കിലും യഥാര്‍ത്ഥ അതിഥികള്‍ അവിചാരിതമായി നമ്മുടെ വീട്ടിലെത്തുന്നവരാണ്.
ഒരു ഖുര്‍ആന്‍ വാക്യം ഇത് വ്യക്തമാക്കുന്നു: ” ഇബ്രാഹീമിന്റെ മാന്യരായ അതിഥികളെപ്പറ്റി നിനക്ക് വിവരം കിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം, നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ച്) വേവിച്ച് കൊണ്ടുവന്നു.” (ഖുര്‍ആന്‍: 51:2426). നമ്മള് പ്രത്യേകം ക്ഷണിക്കുന്നവര് മാത്രമല്ല അതിഥികളെന്ന് ഇതില്‍ നിന്നും വ്യക്തം. പണക്കാരന് പണക്കാരെ മാത്രം ക്ഷണിക്കുക,പണ്ഡിതന് പണ്ഡിതരെ മാത്രം ക്ഷണിക്കുക എന്നതൊഴിവാക്കി ദരിദ്രനും പണക്കാരനും പണ്ഡിതനും സാധാരണക്കാരനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വേദികളെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ പരിശുദ്ധ റമസാനില്‍ പോലും ഇഫ്താര്‍ വിരുന്നെന്ന പേരില്‍ പന്തിയില്‍ പക്ഷപാതം കാണിക്കുന്നവര്‍ വരെ നമുക്കിടയിലില്ലേ. ധനികര്‍ ക്ഷണിക്കപ്പെടുകയും ദരിദ്രര്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്ന വിവാഹസദ്യ ഭക്ഷണങ്ങളില്‍ ചീത്തയാണെന്നാണ് നബി (സ) പഠിപ്പിക്കുന്നത്. ഇത് എല്ലായിടത്തുംബാധകമാണ്.