
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
(യുഎഇ ജുമുഅ ഖുതുബ
റമസാന്‍ മാസത്തിലെ അവസാന പത്തുരാവുകള്‍ അതിവിശിഷ്ട രാവുകളാണ്. ഇതില്‍പ്പെട്ട ഒന്നാണ് ലൈലത്തുല്‍ ഖദ്റെന്ന മഹത്തായ രാവ്. വിധി നിര്‍ണയത്തിന്റെ രാത്രി എന്ന് അര്‍ത്ഥമാക്കുന്ന ലൈലത്തുല്‍ ഖദ്ര് ഏതു രാത്രിയാണെന്ന് പക്ഷേ,നിര്‍ണിതമല്ല. ആ മഹത്വം കരസ്ഥമാക്കാന്‍ സത്യവിശ്വാസികള്‍ പത്തുരാവുകളും ആരാധനാപൂര്ണമാക്കണം. കാരണം ലൈലത്തുല്‍ ഖദ്റിലെ ഒരു സല്‍ക്കര്‍മത്തിന് 83 വര്‍ഷവും നാലും മാസവും (ആയിരം മാസം) തുടരെ സല്‍ക്കര്‍മങ്ങള്‍ ചെയ്തതിനേക്കാള്‍ പ്രതിഫലമുണ്ട്. ലൈലത്തുല്‍ ഖദ്റിലാണ് അല്ലാഹു പരിശുദ്ധ ഖുര്‍ആന്‍ ഇറക്കിയതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നിശ്ചയമായും ഒരു അനുഗ്രഹീത രാത്രിയില്‍ നാം അത് അവതരിപ്പിച്ചു (സൂറത്തു ദ്ദുഖാന് 2). ആ രാവില്‍ തന്നെയാണ് അല്ലാഹു പ്രപഞ്ചത്തിലെ സകലതിന്റെയും ആയുസുകളും ഉപജീവനങ്ങളും കണക്കാക്കുന്നത്. യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്തിരിച്ചുവിവരിക്കുന്നുണ്ട് (സൂറത്തു ദ്ദുഖാന് 3,4). അല്ലാഹു പറയുന്നു: ലൈലത്തുല്‍ ഖദ്ര് ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ കല്പന പ്രകാരം എല്ലാ കാര്യവും കൊണ്ട് അന്ന് ഇറങ്ങിവരുന്നു. പ്രഭാതം വരെ അത് സമാധാനമായിരിക്കുന്നതാണ് (ഖുര്‍ആന്‍,സൂറത്തുല്‍ ഖദ്ര് 2,3,4,5). മാത്രമല്ല ആ രാവില്‍ പ്രഭാതം വിടരുവോളം അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയു ഭൂമിയിലേക്ക് ഇറങ്ങും. മലക്കുകള്‍ ഇറങ്ങിവന്ന് സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് ആമീന്‍ പറയുകയും അവരുടെ ആരാധനാകര്‍മങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കുകയും ചെയ്യും. എണ്ണമറ്റ മാലാഖമാരാണ് ലൈലത്തുല്‍ ഖദ്റില്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്നത്. അവര്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധം ചരല്‍ക്കല്ലുകളേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് നബി(സ്വ) പറഞ്ഞത് (ഹദീസ് അഹ്മദ് 11019).
ലൈലത്തുല്‍ ഖദ്റില്‍ പ്രാര്ത്ഥിക്കുന്നവന് അല്ലാഹു ഉത്തരം നല്കിയിരിക്കും. കേണപേക്ഷിക്കുന്നവന് പ്രായശ്ചിത്തവും നല്‍കും. ഇത്രയേറെ പവിത്രതയുള്ള രാത്രിയെ ആരാധനകളും പുണ്യപ്രവര്‍ത്തനങ്ങളും ചെയ്ത് ഫലപ്രദമാക്കാനും നാഥനിലേക്ക് അടുക്കാനുമാണ് ഇസ്ലാം മതം പ്രചോദിപ്പിക്കുന്നത്. റമസാനിലെ അവസാന പത്തു രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷാനിര്‍ഭരമായി കരുതിയിരിക്കാന്‍ നബി(സ്വ) കല്പ്പിച്ചിട്ടുണ്ട് (ബുഖാരി,മുസ്ലിം). ഒരുത്തന് ലൈലത്തുല്‍ ഖദ്ര് നഷ്ടമായാല്‍ സകല നന്മകളും അവന് നഷ്ടമായിരിക്കുന്നു. ഹതഭാഗ്യര്‍ക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ.(ഹദീസ് ഇബ്നു മാജ 1644). അല്ലാഹുവില്‍നിന്ന് വിടുതി തേടിയുള്ള പ്രാര്‍ത്ഥനയും നമസ്കാരവും അധികരിപ്പിച്ചുകൊണ്ടാണ് ലൈലത്തുല്‍ ഖദ്ര് രാവിനെ ഉപയോഗപ്പെടുത്തേണ്ടത്. ലൈലത്തുല്‍ ഖദ്റിലെ ഖിയാമുല്ലൈല്(രാത്രി നമസ്ക്കാരം) നബി (സ്വ) ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി (സ്വ) പറയുന്നു: ഒരാള്‍ ദൃഢവിശ്വാസത്തോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചും ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ നമസ്കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ ദോഷങ്ങളെല്ലാം പൊറുക്കപ്പെടും (ബുഖാരി,മുസ്്ലിം). പാപദോഷങ്ങളില്‍ നിന്ന് മോക്ഷം തേടി പശ്ചാത്തപിച്ചു മടങ്ങുന്നവനുള്ള സുവര്‍ണാവസരമാണ് ലൈലത്തുല്‍ ഖദ്ര്. റമസാന്‍ മാസം കടന്നുവന്നിട്ടും പശ്ചാതാപത്തിന്റെ അവസരങ്ങള്‍ മുതലെടുക്കാത്തവന് നിന്ദിക്കപ്പെട്ടവന്‍ തന്നെയെന്നാണ് നബി(സ്വ) പറഞ്ഞിരിക്കുന്നത്. റമസാനിന്റെ അവസാന പത്തില്‍ നബി(സ്വ) മറ്റു ദിസങ്ങളേക്കാള് കൂടുതല്‍ ആരാധനാനിര്ഭരമായി സജീവമായിരുന്നു(മുസ്ലിം 1175). അവസാന പത്തായാല്‍ നബി (സ്വ) രാത്രികളെ ഉറക്കമൊഴിച്ച് സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നെന്ന് പ്രിയ പത്നി ആയിശ(റ) വിവരിച്ചിട്ടുണ്ട്. ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം കരസ്ഥമാക്കാന്‍ നമസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുക, വിശിഷ്യാ ഇശാഅ്,സുബ്ഹ് നമസ്കാരങ്ങള്‍. നബി(സ്വ) പറയുന്നുണ്ട്: ഒരാള്‍ ഇശാഅ് ജമാഅത്തായി നമസ്കരിച്ചാല്‍ രാത്രിയുടെ പകുതിയും നമസ്കരിച്ചതു പോലെയാണ്. എന്നാല്‍ സുബ്ഹ് ജമാഅത്തായി നമസ്കരിച്ചാല്‍ രാത്രി മുഴുവനും നമസ്കരിച്ചതു പോലെയാണ് (മുസ്്ലിം 656). തറാവീഹ് ജമാഅത്തായി നമസ്കരിക്കുന്നതിലും വീഴ്ച വരുത്തരുത്. ഇമാമിനോടൊപ്പം ഇടതടവില്ലാതെ നമസ്കരിച്ചു പൂര്‍ത്തിയാക്കിയാല്‍ രാത്രി മുഴുവനും നമസ്കരിച്ച പ്രതിഫലം കണക്കാക്കപ്പെടും.(അബൂദാവൂദ് 1375).
ഖുര്‍ആന്‍ പാരായണവും ദിക്റുകളും പ്രാര്‍ത്ഥനകളും അധികരിപ്പിക്കണം. വ്രതാനുഷ്ഠം പ്രതിപാദിക്കുന്ന സൂക്തങ്ങളുടെ മധ്യഭാഗത്തായി അല്ലാഹു പറയുന്നുണ്ട്: എന്റെ അടിമകള്‍ അങ്ങയോട് എന്നെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥന്‍ തന്നെയാണെന്ന് മറുപടി നല്‍കുക. അര്ത്ഥിക്കുന്നവന് എന്നോടു പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ഉത്തരം നല്‍കും.(സൂറത്തുല്‍ ബഖറ 186). നബി(സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ പ്രത്യേകം അധികരിപ്പിക്കണം. ഒരിക്കല്‍ പ്രിയപത്നി ആയിശ(റ) നബി(സ്വ)യോട് ചോദിച്ചു: തിരുദൂതരേ,ലൈലത്തുല്‍ ഖദ്ര് ഏത് രാത്രിയിലാണെന്ന് എനിക്ക് അറിയുകയാണെങ്കില്‍ ആ രാത്രിയില്‍ ഞാന്‍ എന്താണ് ചൊല്ലേണ്ടത്?. നബി (സ്വ) പറഞ്ഞു: ‘അല്ലാഹുവേ, നീ മാപ്പു നല്കുന്നവനാണ്,മാപ്പു നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്,നീ എനിക്ക് മാപ്പു നല്കണമേ’ എന്ന് പ്രാര്‍ത്ഥിക്കണം (തുര്‍മുദി 35135,ഇബ്നു മാജ 3850,അഹ്മദ് 25384). റമസാനിലെ അവസാന പത്ത് ദിവസങ്ങള്‍ മാപ്പപേക്ഷിക്കലിന്റെയും ഖേദിച്ചുമടങ്ങുന്നതിന്റെയും നരകമോചനം തേടുന്നതിന്റെയും ദിനരാത്രങ്ങളാണല്ലൊ. ആ പത്തിലെ ലൈലത്തുല്‍ ഖദ്ര് രാവ് അല്ലാഹുവോട് മാപ്പിരക്കാന്‍ ഏതുകൊണ്ടും അനുയോജ്യവുമാണ്. സ്രഷ്ടാവായ അല്ലാഹു ഏറ്റവും കൂടുതല്‍ പൊറുത്തുതരുന്നവനും വിടുതി നല്കുന്നവനുമാണ്. സൃഷ്ടികള്‍ പരസ്പരം വിടുതിയും വിട്ടുവീഴ്ചയും നല്‍കുന്നതിനെയും അല്ലാഹു ഇഷ്ടപ്പെടുന്നു.
മാതാപിതാക്കള്‍ക്ക് ഗുണങ്ങള്‍ ചെയ്യണം. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കണം. ഈ പുണ്യരാവില്‍ മനുഷ്യന് മനസും ശരീരവും ശുദ്ധീകരിച്ച് സൃഷ്ടികളോട് അസൂയയും വിദ്വേഷവുമില്ലാതെ സൃഷ്ടാവിലേക്ക് മുന്നിടേണ്ടിയിരിക്കുന്നു. തര്‍ക്കം ഒഴിവാക്കുകയും വിട്ടുവീഴ്ചയും സഹിഷ്ണുതയും ശീലമാക്കുകയും വേണം. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജങ്ങളും പാഴ്വാക്കുകളും പ്രചരിപ്പിച്ച് സമയം കളയരുത്. അസഭ്യങ്ങളും അശ്ലീലങ്ങളും ശീലമാക്കിയവരോടൊപ്പം കൂടരുത്. അവരുടെ ദുസ്വഭാവങ്ങള്‍ നമ്മെയും ദോഷകരമായി സ്വാധീനിക്കും. അല്ലാഹു പറയുന്നുണ്ട്: അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയേ ഇല്ല. ദാനം ചെയ്യാനോ സദാചാരമനുവര്‍ത്തിക്കാനോ ആളുകള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ നിര്ശേദിക്കുന്നവരുടേതിലൊഴികെ (സൂറത്തുന്നിസാഅ് 114).