
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
മനുഷ്യകുലത്തിന്റെ നിലനില്പിന് ആധാരമായ അടിസ്ഥാന ഭാവമാണ് സ്നേഹം. മൃഗങ്ങളിലും മനഷ്യരിലും സ്നേഹവും വികാരവും പ്രകടമാണെങ്കിലും മനുഷ്യ സ്നേഹത്തിന്റെ തലം വ്യത്യസ്തമാണ്. മനുഷ്യര്‍ക്കിടയില്‍ വ്യക്തിത്വത്തിന്റെ നൈസര്‍ഗികമായ ഗുണമാണ് സ്നേഹം. പലപ്പോഴും സ്നേഹം എന്താണെന്ന് വ്യാഖ്യാനിക്കാന്‍ കഴിയാറില്ല. സ്നേഹമെന്ന ഭാവത്തിന് അതിന്റെ വാക്ക് ഉള്കൊള്ളുന്നതിനപ്പുറം അഗാധമായ അര്‍ത്ഥതലങ്ങളുണ്ട്. എല്ലാ മേഖലകളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ സ്നേഹത്തിന്റെ ദാരിദ്ര്യവും ജീര്‍ണതയും സമൂഹമാകെ പടര്‍ന്നുപിടിച്ചിരിക്കുന്നു. സ്നേഹമെന്ന തരളമായ വികാരത്തെ സ്വാര്‍ത്ഥതയും പകയും അസൂയയും പിടിമുറുക്കിയിരിക്കുന്നു.
സ്നേഹമെന്നത് ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് സംക്രമിക്കുന്ന സജീവ പ്രക്രിയയാണ്. മനുഷ്യനെ ഒറ്റപ്പെടലില്‍ നിന്നും അകറ്റി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നമ്മെ ആരൊക്കെയോ സ്നേഹിക്കാന്‍ ഉണ്ടെന്ന ഉറച്ച വിശ്വാസമാണ്. അത് സമൂഹത്തിന്റെയും കൂട്ടായ നിലനില്പിന് ആധാരമായി മാറുന്നു. മനുഷ്യനില്‍ അന്തര്‍ലീനമായ ഒരു ശക്തിയുടെ ആവിഷ്കാരമാണ് യഥാര്‍ത്ഥത്തില്‍ സ്നേഹം. അടിച്ചമര്‍ത്തലുകള്‍ക്കും പ്രേരണകള്ക്കുമപ്പുറം സ്വതന്ത്രമായി ലഭിക്കേണ്ട ഒന്നായിരിക്കണം സ്നേഹം. സ്നേഹത്തെക്കുറിച്ചുള്ള ഇസ്ലാമിക് കാഴ്ചപ്പാട് സുവ്യക്തമാണ്. മാനവികഭാവമുള്ള ഇസ്ലാം സ്നേഹത്തിലധിഷ്ഠിതമാണ്. പ്രവാചകന് (സ)യുടെ ജീവിതം തന്നെ സ്നേഹത്തിലും ആര്‍ദ്രതയിലും അലിഞ്ഞു ചേര്‍ന്നതാണ്. ഒരിക്കല്‍ ഒരു അനുചരന്റെ അടുത്ത് വെച്ച് പ്രവാചകന് (സ) തന്റെ പേരമകന് ഹസന് (റ)നെ ചുംബിച്ചു. ഇതുകണ്ട അനുചരന് പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളെപോലും ഞാന്‍ ചുംബിച്ചിട്ടില്ല’. നബി (സ) പ്രതികരിച്ചത് ഇങ്ങനെ: ‘സ്നേഹിക്കാത്തവര്‍ സ്നേഹിക്കപ്പെടുകയില്ല.'(ബുഖാരി). നല്‍കുന്നവര്‍ക്ക് തിരികെലഭിക്കുന്ന അമൂല്യ നിധിയാണ് സ്നേഹവും കരുണയുമെന്ന് ഈ പ്രവാചക വചനം വ്യക്തമാക്കുന്നു.
മക്കള്‍ക്ക് ആവോളം സ്നേഹം പകര്‍ന്ന് നല്കി അവരില്‍ നിന്നും സ്നേഹം ലഭിക്കത്തക്കവിധം ജീവിക്കാന്‍ മാതാപിതാക്കള്‍ക്ക് പഠനവും പരിശീലനവും ആവശ്യമുണ്ടെന്നും ഈ വചനം ഉണര്‍ത്തുന്നു. മനുഷ്യനെ വസ്തുവായും വ്യക്തിയായി മാത്രം കാണുകയും ബന്ധങ്ങള്‍ നിരര്‍ത്ഥകമാണെന്ന് പറയുകയും അതിനെ വ്യാപാര താല്പര്യങ്ങള് കീഴടക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സമൂഹത്തില്‍ ഈ നബിവചനത്തിന് ഏറെ അര്‍ത്ഥവ്യാപ്തിയുണ്ട്. പിതാവിന്റെയോ മാതാവിന്റെയോ ജോലിതിരക്ക് കാരണം മക്കള്‍ക്ക് സ്നേഹം നിഷേധിക്കപ്പെടാന്‍ ഇടയാക്കരുത്. നമസ്കരിക്കുമ്പോഴും മിമ്പറില്‍ നിന്ന് ഖുതുബ നിര്‍വഹിക്കുമ്പോഴും നബി (സ) തന്റെ പേരമക്കള്‍ മുന്നില്‍ വന്നാല്‍ അവരെ വാത്സല്യത്തോടെ വാരിയെടുക്കാറുണ്ട്. ഒരിക്കല്‍ പ്രവാചകന് ഇമാമായി നമസ്കരിക്കുമ്പോള്‍ സുജൂദില്‍ പതിവിലേറെ സമയമെടുത്തപ്പോള്‍ അനുചരന്മാര് നബിയോട് ചോദിച്ചു.അപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ‘സുജൂദിലായിരിക്കെ എന്റെ പേരമകന് ഹസന് ചുമലില്‍ കയറി. പെട്ടെന്ന് അവനെ താഴെയിറക്കേണ്ടെന്ന് ഞാന്‍ കരുതി.’ പേര മകന് ഉമൈമയെ ചുമലിലേറ്റി നബി (സ) നമസ്കരിക്കാറുണ്ടായിരുന്നു. സുജൂദ് ചെയ്യുമ്പോള്‍ കുട്ടിയെ താഴെ വെക്കും. എഴുന്നേല്ക്കുമ്പോള് കുട്ടിയെ എടുക്കും. (ബുഖാരി). ഇതില്‍ നിന്നെല്ലാം വ്യക്തമാണ് സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്ക് കാണിക്കേണ്ടതില്ലെന്ന്. അതിന് ഒന്നും തടസമാവരുതെന്ന്. സ്നേഹമെന്ന വികാരം വളരെ ആഴത്തിലുള്ളതും അത് ഭൂമുഖത്തിന്റെ നിലനില്പിന് തന്നെ അനിവാര്യമാണെന്നും നമ്മള് മനസിലാക്കേണ്ടിയിരിക്കുന്നു.