
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മള് ജീവിക്കുന്നത്. കൂട്ടുകുടുംബ സംവിധാനത്തില്‍ നിന്നും മാറി അണുകുടുംബങ്ങളിലേക്ക് മാറിയതോടെ ബന്ധങ്ങള്‍ ഓരോന്നായി നമ്മില്‍ നിന്നകന്നു. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം തീരെ ഇല്ലാതായി. പിന്നീട് പ്രവാസവും ശേഷം ദേശാടനവും വര്‍ധിച്ചതോടെ അണുകുടുംബ സംവിധാനവും തകര്‍ന്നിരിക്കുന്നു. മാതാപിതാക്കളും മക്കളും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യം പോലും ആധുനിക ജീവിതത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതല്ലേ. ബന്ധങ്ങളെക്കുറിച്ച് ഇസ്ലാമില്‍ വ്യക്തമായ നിലപാടുകളുണ്ട്. അത് വ്യക്തിയിലും കുടുംബത്തിലും ഒതുങ്ങുന്നില്ല,
സാമൂഹ്യ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം സാമൂഹ്യ ബന്ധങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കല്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥരോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (4:36) ഈ ഖുര്‍ആന്‍ സൂക്തം ഉള്‍കൊള്ളുന്ന ആരും സമൂഹത്തിന്റെ വെളിച്ചമാകുമെന്നതില് സംശയമില്ല.
സമൂഹത്തില്‍ നിന്നും അവനെ പറിച്ചെറിയാന്‍ ആര്‍ക്കും കഴിയില്ല. അവന്റെ അഭാവത്തില്‍ സമൂഹം വ്യസനിക്കും. ഇതില്‍ കുടുംബബന്ധം കാത്തുസൂക്ഷിക്കുന്നവനെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. കുടുംബ ബന്ധം മുറിക്കുന്നവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് പ്രവാചകന് (സ) പഠിപ്പിക്കുന്നു. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ജോലി, വ്യാപാരം തുടങ്ങിയ തിരക്കിടയില്‍ കുടുംബത്തില്‍ ചെലവഴിക്കാനും നമ്മള് മറന്നുപോവുന്നു. എത്ര തിരക്കിനിടയിലും കുടുംബ ബന്ധം നിലനിര്‍ത്താനും അറ്റുപോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇസ്ലാം ഉണര്‍ത്തുന്നു. ഒപ്പം അയല്പക്ക ബന്ധത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്നു.
തന്റെ അഭാവത്തില്‍ തന്റെ സ്വത്തും വീടും സംരക്ഷിക്കുന്ന ഒരു അയല്വാസിയുണ്ടാവുക എന്നത് എത്രമാത്രം ആശ്വാസകരമായിരിക്കും. അയല്പക്കം മോശമായത് കൊണ്ട് മാത്രം വീട് വിറ്റ് പോകുന്നവരില്ലേ നമുക്കിടയില്‍. അത്തരക്കാര്‍ ഒരിക്കലും സത്യവിശ്വാസിയുടെ കൂട്ടത്തില്‍ ഉള്‍പ്പെടില്ലെന്നാണ് പ്രവാചകന് (സ) പഠിപ്പിക്കുന്നത്. തന്റെ സ്വത്തിന്റെ അനന്തരവാകാശം വരെ ലഭിക്കാവുന്ന തരത്തില്‍ അയല്പക്ക ബന്ധത്തെ ഇസ്ലാം കാണുന്നു. അയല്‍വാസിയോട് തന്റെ അതിര്‍ത്തിയിലെ മരം മുറിക്കാന്‍ ആവശ്യപ്പെടുകയും അവന് മുറിച്ച ശേഷം അവന്റെ പറമ്പിലേക്ക് പടരുന്ന തരത്തില്‍ അതിര്‍ത്തിയില്‍ മരം വെക്കുകയും ചെയ്യുക, അതിര്‍ത്തിയില്‍ മരംവെച്ച് പിടിപ്പിക്കുന്നതില്‍ മത്സരിക്കുക, ഇതൊക്കെ സാധാരണയായി നമുക്കിടയില്‍ നടക്കുന്ന കാര്യങ്ങളാണ്. തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടാന്‍ അര്‍ഹതയുണ്ടെന്ന നിസ്വാര്‍ത്ഥമായ ചിന്തയുണ്ടായാല്‍ മനുഷ്യര്‍ തമ്മിലുള്ള പക തീരുകയും നല്ല ബന്ധങ്ങള്‍ തഴച്ചു വളരുകയുംചെയ്യും.