
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ധനസമ്പാദനത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. അതേസമയം ദുര്മാര്ഗത്തിലൂടെയുള്ള ധനസമ്പാദനത്തെ അങ്ങേയറ്റം വിലക്കുന്നുണ്ട്. പണത്തോടും ധനസമ്പാദനത്തോടും അത് ചെലവഴിക്കുന്നതിനെ കുറിച്ചും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പണത്തോടുള്ള സമീപനം മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളിലൊന്നാണ്. പണം നിലനില്പിന്റെ ആധാരമായതിനാല്‍ ഒരു വ്യക്തി അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രം വരുമാനമുണ്ടായാല്‍ അതോടുകൂടി സമ്പാദനം നിര്‍ത്തിവെക്കാനും പാടില്ല.
അധ്വാനശീലം ഒരു സ്വഭാവമാക്കി മാറ്റണമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. സമ്പാദ്യത്തില്‍ മിച്ചമുണ്ടായാല്‍ ഒരു മുസല്‍മാനെ സംബന്ധിച്ചിടത്തോളം അതിന്റെ ഗുണം അവന്റെ കുടുംബത്തില്‍ മാത്രമായി ഒതുങ്ങുന്നില്ലല്ലോ. ജാതി-മത വ്യത്യാസമില്ലാതെ അവന്റെ അയല്‍വാസിക്കു പോലും അതിന്റെ ഗുണം ലഭിക്കും. സമൂഹത്തില്‍ ഒരാള്‍ക്കുള്ള സ്ഥാനവും അയാളുടെ സംസ്കാരവും പണത്തോടുളള സമീപനത്തെ ആശ്രയിച്ചിരിക്കും. ചിലര്‍ എത്രയധികം പണമുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും ചെലവഴിക്കില്ല. ഇസ്ലാം പിശുക്കിനെയം ദുര്‍വ്യയത്തെയും ഒരുപോലെ എതിര്‍ക്കുന്നു. ഒരു മധ്യമ നിലപാട് സ്വീകരിക്കാനാണ് ഇസ്ലാം കല്പിക്കുന്നത്.
ഖുര്‍ആന്‍ പറയുന്നു: ‘നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും’. കൈ പിരടിയില്‍ ബന്ധിക്കരുത് എന്നത് കൊണ്ടുദ്ദേശിക്കുന്നത് പിശുക്കു കാണിക്കരുതെന്നാണ്. മുഴുവനായ നീട്ടിയിടരുത് എന്നതിന്റെ ഉദ്ദേശ്യം അമിതമായി ചെലവഴിക്കരുതെന്നാണ്. സമ്പത്ത് ചെലഴിക്കുന്നതിനെക്കുറിച്ചുള്ള വളരെ കൃത്യമായ കാഴ്ചപ്പാടാണ് ഇവിടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഭൗതിക കാര്യങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും ഒരുപോലെ ഇതേ നിലപാട് തന്നെയാണുള്ളത്.
സമ്പാദിച്ച ധനം അനിയന്ത്രിതമായി ചെലവഴിച്ച് ധൂര്‍ത്തടിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ സാമ്പത്തിക സുരക്ഷ വരെ ഇല്ലാതാവുന്നു. അതേസമയം പിശുക്ക് അല്ലെങ്കില്‍ ലുബ്ധ്, ഒരു സാമൂഹിക തിന്മയായാണ് ഇസ്ലാം കാണുന്നത്. പിശുക്കന്മാര്ക്കും ധൂര്ത്തന്മാര്ക്കും ഒരുപോലെ സാമൂഹ്യ നിന്ദ ഏല്ക്കേണ്ടിവരും. പിശുക്കനെ നിന്ദിക്കുന്നതുപോലെ തന്നെ എല്ലാം ചെലവഴിച്ച് സ്വന്തം വീട് പട്ടിണിയിലായ അവസ്ഥിലാവുന്ന ദുര്‍വ്യയം ചെയ്യുന്നവനെയും സമൂഹം പഴിക്കും. അതേസമയം പണമുണ്ടായാലും നല്ല വസ്ത്രം ധരിക്കാത്തവര്‍ പോലുമുണ്ട്. ജീവിതത്തില്‍ അനുഗ്രമുണ്ടായാല് അത് നിയന്ത്രിതമായി അനുഭവിക്കണമെന്ന് തന്നെയാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. നബി(സ) പറയുന്നു: ‘അല്ലാഹു തന്റെ ദാസന് വല്ല അനുഗ്രഹവും ചെയ്താല്‍ ആ അനുഗ്രഹത്തിന്റെ അടയാളം ആ ദാസനില്‍ കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു’.