
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
നിരവധി ചാരിറ്റി സംരംഭങ്ങളാണ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്
ദുബൈ: റമസാനില്‍ യുഎഇയിലും വിദേശത്തുമുള്ള 60,000 അനാഥരെ സഹായിക്കുന്നതിനായി അന്താരാഷ്ട്ര ചാരിറ്റി ഓര്ഗനൈസേഷന് നിരവധി സംരംഭങ്ങ ള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ സംഭാവന ചെയ്യുന്ന ചാരിറ്റി ഫണ്ടുകള്‍ വിതരണം ചെയ്യുക,അനാഥര്‍ക്ക് വസ്ത്രങ്ങള്‍ ന ല്കുക,ഭക്ഷണപ്പൊതികള്‍, പ്രതിമാസ സാമ്പത്തിക സഹായം,പെരുന്നാള്‍ സമ്മാനങ്ങള്‍,വൈദ്യസഹായം നല്‍കുക എന്നിവയാണ് പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നതെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
അനാഥരെ പിന്തുണയ്ക്കുന്നതിനും അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിഒയുടെ സെക്രട്ടറി ജനറല്‍ ഡോ. ഖാലിദ് അല്‍ഖാജ പറഞ്ഞു. ചാരിറ്റബിള്‍ സ്ഥാപനങ്ങളുമായും ദാതാക്കളുമായും ശക്തമായ സഹകരണത്തിലൂടെയാണ് ഈ ശ്രമങ്ങള്‍ സാധ്യമാകുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 1984 ല്‍ ലോകമെമ്പാടുമുള്ള ശാഖകളോടെ അജ്മാനിലാണ് സംഘടന സ്ഥാപിതമായത്. വിശുദ്ധ മാസത്തില്‍ യുഎഇയിലുടനീളം ഒരു ദിവസം 7,500 ഇഫ്താര്‍ ഭക്ഷണങ്ങള്‍ ഐസിഒ വിതരണം ചെയ്യുന്നതായി ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.
വിശുദ്ധ മാസത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഏഴ് ദശലക്ഷം ഭക്ഷണം നല്കാന് യുഎഇ ഫുഡ് ബാങ്ക് ആരംഭിച്ച ഒരു കാമ്പയിനിനെ തുടര്‍ന്നാണ് ഐസിഒ സംരംഭങ്ങള്‍. ദുബൈ ഭരണാധികാരിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂമിന്റെ നിര്‍േദശപ്രകാരമാണ് യുണൈറ്റഡ് ഇന്‍ ഗിവിങ് സംരംഭം ആരംഭിച്ചത്. യുണൈറ്റഡ് ഇന്‍ ഗിവിങ്് യുഎഇയുടെ ആഴത്തില്‍ വേരൂന്നിയ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായി യുഎഇ ഫുഡ് ബാങ്കിന്റെ ട്രസ്റ്റീസ് ബോര്‍ഡ് വൈസ് ചെയര്മാന് മര്വാന് അഹമ്മദ് ബിന്‍ ഗാലിറ്റ പറഞ്ഞു.
മാനുഷികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ യുഎഇയെ ആഗോള നേതാവായി സ്ഥാപിക്കുക, ദാനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ദര്‍ശനവുമായി ഈ കാമ്പയിന് യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.