
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
പൊങ്ങച്ചവും ദുര്‍വ്യയവും പരസ്പരം ചേര്‍ന്ന് നില്ക്കുന്ന ദുര്ഗണങ്ങളാണ്. ആധുനിക സമൂഹത്തില്‍ പൊങ്ങച്ചം ഒരു രോഗമായി മാറിയിരിക്കുന്നു. മുസ്ലിം സമൂഹത്തിലും ഇത് കൂടുതല്‍ കടന്നുകൂടിയിട്ടുള്ളത് ദൗര്‍ഭാഗ്യകരമാണ്. ഇസ്ലാം എന്ത് വിലക്കിയോ, അതെല്ലാം പതിന്മടങ്ങ് ശക്തിയില്‍ പിന്‍പറ്റുന്ന തരത്തില്‍ ഒരു വലിയ വിഭാഗം സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. നാട്ടില്‍ കണ്ടുവരുന്ന വിവാഹമാമാങ്കങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കുന്ന കൊട്ടാരം കണക്കെയുള്ള വീടുകളും താജ്മഹലിന് തുല്യമായ പള്ളികളും ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ മറ്റെവിടെയും പോകേണ്ടതില്ല. പൊങ്ങച്ചവും ദുര്‍വ്യയവും നല്ലൊരു ശതമാനം ആളുകളുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്നു.
പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ട പണ്ഡിതരിലെ ചിലര്‍ പോലും ഇതിന് അടിമപ്പെട്ടിരിക്കുന്നു. ഈ റമസാനില്‍ നടക്കുന്ന ചില കാര്യങ്ങളിലേക്ക് കൂടി കണ്ണോടിക്കാം. ഇഫ്താര്‍ സംഗമങ്ങള്‍ സാമൂഹിക കൂട്ടായ്മക്ക് ഗുണകരമാകുന്നുണ്ടെങ്കിലും റമസാന്റെ ഇസ്സത്തും പ്രതാപവും നശിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷ്യമേളകളല്ലേ സത്യത്തില്‍ ചിലയിടങ്ങളിലെങ്കിലും അരങ്ങേറുന്നത്. വ്രതത്തിന്റെ പുണ്യം കരിച്ചുകളയുന്ന രീതിയിലുള്ള ദുര്വ്യയമല്ലേ ഇഫ്താര്‍ മേളകളില്‍ നടക്കുന്നത്. ഇഫ്താര്‍ സംഗമങ്ങളിലെ അണിയറക്ക് പിന്നില്‍ മണ്ണില്‍ കുഴിച്ചുമൂടുന്ന ഭക്ഷണത്തിന്റെ അളവ് കണക്കെടുത്താല്‍ മതിയാവും റമസാനില്‍ നടക്കുന്ന ഭക്ഷണ ധൂര്‍ത്തിന്റെ അളവ് മനസിലാക്കാന്‍. ഖുര്‍ആന്‍ ഒറ്റവരിയില്‍ ദുര്‍വ്യയത്തെ രൂക്ഷമായി വിലയിരുത്തുന്നു: ‘തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവന് പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാണ്.'(17:27)
പൊങ്ങച്ചത്തിന് വേണ്ടിയുള്ള മത്സരം വല്ലാത്തൊരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. അയല്‍വാസി നല്ലൊരു വീട് പണിതാല്‍, അല്ലെങ്കില്‍ വീട് മോടി പിടിപ്പിച്ചാല്‍ അതിനേക്കാള്‍ മുന്തിയ വീട് പണിയാനും മോടിപിടിപ്പിക്കാനും കടംവാങ്ങിയും മെനക്കെടുന്ന അവസ്ഥ. നിലവിലുള്ള വീടും പരിസരവും കുത്തിപൊളിച്ച് അപരന്റെ വീടിനോട് മത്സരിക്കാന്‍ പണം ദുര്‍വ്യയം ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷം. സാമ്പത്തിക സ്ഥിതി നോക്കാതെ പൊങ്ങച്ചം കാണിക്കാന്‍ വേണ്ടിമാത്രം മക്കളെ വേഷം കെട്ടിക്കുന്നതും അനാരോഗ്യകരമായ മത്സരം നടത്തുന്നതും നിത്യകാഴ്ചയായി മാറിയിരിക്കുന്നു. ദാനം ചെയ്യുന്നതില്‍ പോലും മിതത്വം പാലിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരാള്‍ക്ക് കുറെ സമ്പത്തുണ്ടെങ്കിലും സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം നോക്കാതെ അമിതമായി ദാനം ചെയ്യുന്നത് പോലും ഇസ്ലാം വിരോധിച്ചിട്ടുണ്ട്. അന്തരാവകാശികളെ കൈനീട്ടി യാചിക്കാന്‍ ഇടവരുത്തുന്ന രീതിയില്‍ ദാനം ചെയ്യരുതെന്നാണ് പ്രവാചകന് (സ) പഠിപ്പിക്കുന്നത്. ചെലവഴിക്കുന്നവരില്‍ ഉത്തമ ദാസന്മാരെ കുറിച്ച് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘ചെലവ് ചെയ്താല്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍.’ (25:67).