
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
സമൂഹത്തില്‍ കാന്‍സര്‍ പോലെ വര്‍ഗീയത പടര്‍ന്ന് പിടിച്ചിരിക്കുന്നു. ഇന്നലെ വരെ നമ്മോട് ആത്മാര്‍ത്ഥമായി ചിരിച്ചിരുന്നവരുടെ മുഖത്ത് എന്തോ ഒരു ഗൗരവം. സംസാരങ്ങളില്‍ ചില നിയന്ത്രണങ്ങള്‍. മതപരമായും വംശീയമായും ദേശടിസ്ഥാനത്തിലും കടുത്ത വര്‍ഗീയതയാണ് നമുക്ക് ചുറ്റും വ്യാപിച്ചിരിക്കുന്നത്. മതമായാലും മറ്റേത് ഇസങ്ങളായാലും അമിതമായി തലയ്ക്ക് പിടിച്ചാല്‍ അതിന്റെ മൂല്യം ഇല്ലാതാവുകയും അന്യമത വിദ്വേഷം ഉള്ളില്‍ കയറുകയും ചെയ്യുന്നു. വര്‍ഗീയമായ ചിന്ത മനസിലേക്ക് കയറിയാല്‍ മറ്റെന്തിനേക്കാളും അപകടകരമാണ്.
മാനവികത നഷ്ടപ്പെടുകയും മനുഷ്യത്വം ഇല്ലാതാവുകയും സഹജീവിയെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ലോകത്ത് ഒരു സംഘടിത മതങ്ങളും വര്‍ഗീയതയിലേക്ക് ക്ഷണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഇസ്ലാം വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്നു. മാനവികതയാണ് ഇസ്ലാമിന്റെ മുഖമുദ്ര. നബി (സ) പറയുന്നു: ”വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്ക് വേണ്ടി യുദ്ധത്തിലേര്‍പ്പെടുന്നവര്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതയുടെ പേരില്‍ മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല.” (അബുദാവൂദ്)
ഏതെങ്കിലുമൊരു ദേശത്തോടോ വര്‍ഗത്തോടോ മതവിഭാഗത്തോടോ ഉള്ള അന്ധമായ ആഭിമുഖ്യം അനേകം അനര്‍ഥങ്ങള്‍ക്ക് കളമൊരുക്കുന്നു. കക്ഷി വാദവും വിഭാഗീയതയും സ്വജനപക്ഷപാതവുമെല്ലാം ഇതിന്റെ അനുബന്ധങ്ങളാണ്. താന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തില്‍ എന്തൊക്കെ വീഴ്ചകളും തെറ്റുകളും സംഭവിച്ചാലും അവയെല്ലാം ശരികളായി കാണുകയും അതിനെ നീതികരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് സര്‍വവ്യാപകമാണ്. വര്‍ത്തമാനകാല സോഷ്യല്‍ മീഡിയകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും വിഭാഗീയതയുടെ ആഴം. അന്യായത്തെ പിന്തുണക്കുക, അതിന് വേണ്ടി പ്രചാരണം നടത്തുക, അധര്‍മത്തിന്റെ പേരില്‍ അക്രമാസക്തരാവുക അതിന് ആദര്‍ശത്തിന്റെ പരിവേഷം നല്‍കുക തുടങ്ങിയ പ്രവണതകള്‍ അധികമാണ്. സ്നേഹത്തിനും സഹവര്‍ത്തിത്വത്തിനും പകരം പകയും അക്രമവും കൈയ്യടക്കിയിരിക്കുന്നു. വംശീയവര്ഗീയ കലാപങ്ങള്‍ മനുഷ്യരാശിയെ സര്‍വനാശത്തിലേക്ക് എത്തിക്കുന്ന തരത്തില്‍ ഭൂമുഖത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇസ്ലാം ഇത്തരം സങ്കുചിതത്വത്തെയും അസമത്വത്തെയും ശക്തമായി എതിര്‍ക്കുന്നു. സ്വന്തം ആളുകളുടെ അന്യായത്തെ പിന്തുണയ്ക്കലാണ് വര്‍ഗീയതയെന്ന് നബി (സ) നിര്‍വചിച്ചിട്ടുണ്ട്. ഇസ്ലാമിക കാഴ്ചപ്പാടില്‍ അത് ആര് ചെയ്യുന്നുവെന്നതല്ല, എന്ത് ചെയ്യുന്നുവെന്നതാണ് പ്രധാനം. ധര്‍മം ആര് ചെയ്താലും ധര്‍മമാണ്. അധര്‍മം ആര് ചെയ്താലും അധര്‍മമാണ് നബി (സ) പറഞ്ഞു. വര്‍ഗീയത എന്ന വാക്കിന്റെ വിശാലമായ അര്‍ത്ഥം മനസ്സിലാക്കി തിന്മകളെ കരിച്ചു കളയുന്ന വ്രതമാസക്കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിനിറങ്ങാം.