ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികളുടെ മനസുകള്‍ ഒരുങ്ങി. പരിശുദ്ധ റമസാന്‍ വ്രതാരംഭത്തിന് ഇനി 30 ദിവസങ്ങള്‍ മാത്രം. ഹിജ്റ കലണ്ടര്‍ അനുസരിച്ചു മാര്‍ച്ച് ഒന്നിനാണ് യുഎഇയില്‍ റമസാന്‍ നോമ്പ് ആരംഭിക്കുന്നത്. ആത്മീയതയുടെ ആനന്ദം കണ്ടെത്തുന്ന പുണ്യറമസാന്‍ വരുന്നതോടെ മനസും ശരീരവും ഒരുപോലെ വിശുദ്ധമാക്കാനൊരുങ്ങുകയാണ് ഓരോ വിശ്വാസിയും. അബുദാബിയില്‍ ആദ്യനോമ്പിന്റെ ദൈര്‍ഘ്യം 12 മണിക്കൂറും 59 മിനുട്ടുമാണ്. അവസാന നോമ്പിന്റെ ദൈര്‍ഘ്യം 13 മണിക്കൂറും 40 മിനുട്ടുമായിരിക്കും.
ഹജ്റ കലണ്ടര്‍ പ്രകാരം ഇത്തവണ 30 നോമ്പ് ലഭിക്കുമെന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍ മാസപ്പിറവിയനുസരിച്ച് മാറ്റം വരാം. റമസാനിലെ ഓരോ വെള്ളിയാഴ്ചയും ഏറെ പവിത്രത നിറഞ്ഞതാണ്. ഈ വര്‍ഷം നാലു വെള്ളിയാഴ്ചയാണ് ലഭിക്കുക. അതേസമയം ഒരുദിവസം നേരത്തെ മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ അഞ്ച് വെള്ളിയാഴ്ച ലഭിക്കും. പള്ളികളും വീടുകളുമെല്ലാം റമസാന്‍ മാസത്തെ വരവേല്ക്കുന്നതിനുള്ള ഒരുക്കത്തിലാണ്. സ്വദേശി ഭവനങ്ങള്‍ റമസാനിന്റെ മുന്നോടിയായി കൂടുതല്‍ മോടിപിടിപ്പിക്കുകയും പരവതാനികളും നിത്യോപയോഗ സാധനങ്ങളും മാറ്റി സ്ഥാപിക്കുകയും ചെയ്യും.
പള്ളിയോടനുബന്ധിച്ചു ഇഫ്താര്‍ കൂടാരങ്ങള്‍ ഉയരും. നൂറുകണക്കിന് പേരാണ് ഇത്തരം കൂടാരങ്ങളില്‍ ഓരോദിവസവും നോമ്പ് തുറക്കാനെത്തുക. ശൈഖ് സായിദ് ഗ്രാന്റ് മോസ്കില്‍ ദിനേന മുപ്പതിനായിരം പേര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കിയിരുന്നത്. ജാതിമത ഭേദമെന്യെ റമസാന്‍ ടെന്റുകളിലെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ വലിയ തയാറെടുപ്പുകളാണ് നടക്കുക. ഓരോവര്‍ഷവും നിരവധി ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. ശൈഖ് സായിദ് പള്ളിയിലെ നോമ്പുതുറ ദേശ,ഭാഷാ,ജാതി,മത,സമ്പന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രിയങ്കരമായിരിക്കും. ഭൂഖണ്ഡ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് ഒരേ ഭക്ഷണം കഴിക്കുന്ന കാഴ്ച അതിമനോഹരമാണ്. വാണിജ്യ മേഖല പ്രതീക്ഷയോടെയും കണക്കുകൂട്ടലുകളോടെയുമാണ് റമസാന്‍ മാസത്തെ കാത്തിരിക്കുന്നത്. നോമ്പുകാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വിവിധയിനം ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇതിനകം തന്നെ വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. വിവിധ ഇനം ഭക്ഷ്യവസ്തുക്കള്‍,ശീതള പാനീയങ്ങള്‍ പഴവര്‍ഗങ്ങള്‍ എന്നിവയുടെ വിപണനം പതിന്മടങ്ങായി നടക്കും.
വാണിജ്യ സ്ഥാപനങ്ങളില്‍ താമസിയാതെ തന്നെ റമസാന്‍ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കും. ഇവിടങ്ങളില്‍ വിലകുറവും പ്രത്യേക ഓഫറുകളുമുണ്ടാകും. ഇത്തവണ നോമ്പ് വരുന്നത് തണുപ്പ് കാലാവസ്ഥയിലായതിനാല് നോമ്പുകാര്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടില്ല. 48 ഡിഗ്രിവരെ ചൂട് അനുഭവപ്പെട്ട ജൂണ്‍,ജൂലൈ മാസങ്ങളിലും നോമ്പെടുത്ത് പരിചയമുള്ളവരാണ് പ്രവാസികള്‍. അന്ന് പതിനഞ്ചര മണിക്കൂര്‍ വരെയായിരുന്നു നോമ്പിന്റെ ദൈര്‍ഘ്യം.