രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ഷാര്‍ജ : കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തുന്നത് എഴുത്തുകാര്‍ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നടന്ന കാവ്യ സന്ധ്യയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്.
കവിത മുദ്രാവാക്യ രീതിയില്‍ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടയുള്ള മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.എന്നാല്‍ എഴുത്തും പ്രതികരണവും പോര എന്നഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോള്‍ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമര്‍ശിച്ചു.
സത്യം അതേപടി പകര്‍ത്തിയാല്‍ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണില്‍ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാല് വെച്ച മണ്ണില്‍ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രന് പറഞ്ഞു. 2014 ഇല് ഡല്‍ഹിയില്‍ കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട അണ്ണാന്റെ തൊഴുകൈ നില്‍പ്പ് ഗുജറാത്തിലെ അന്‍സാരിയുടെ കൈകൂപ്പിയുള്ള നില്‍പ്പിനെയാണ് ഓര്‍മിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രന് പറഞ്ഞു. ചെറുപ്പം മുതല്‍ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയില്ലെങ്കില്‍ താന്‍ പറയുന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദുര്‍ബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റെന്ത് ചെയ്യാനാകുമെന്നും റഫീഖ് ചോദിക്കുന്നു. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല,ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാന്‍ വേണ്ടി പാട്ടുകള്‍ എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ ഇപ്പോള്‍ മഴയെക്കുറിച്ച് പറഞ്ഞാല്‍ അടി കിട്ടുന്ന അവസ്ഥയാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. പ്രളയവും ഋതുഭേദങ്ങള്‍ മറികടന്നുള്ള പെയ്ത്തും മഴയുടെ മുഴുവന്‍ കാല്പനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തിയെന്ന് റഫീഖ് പറഞ്ഞു.മഴയെ ആളുകള്‍ ഭയത്തോടെ കാണാന്‍ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കവി,അധ്യാപകന് എന്നതിനപ്പുറം വര,വെബ് പബ്ലിഷിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പിപി രാമചന്ദ്രന് പറഞ്ഞു. 2003 ലാണ് ഹരിതകം. കോം എന്ന പേരില്‍ കവിതക്ക് മാത്രമായി ഒരു വെബ് സൈറ്റ് തുടങ്ങിയത്.ഗള്‍ഫ് പ്രവാസികളില്‍ നിന്നാണ് തനിക്ക് ഏറ്റവും കൂടുതല്‍ കവിതകള്‍ കിട്ടിയിട്ടുള്ളത്.കുഴൂര്‍ വില്‍സണ്‍,ടി കെ അനില്‍കുമാര്‍,അസ്മോ,ടി എ ശശി തുടങ്ങിയവരുടെ കവിതകള്‍ ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു. താന്‍ വര്‍ണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളില്‍ മാത്രമാണ് വരക്കാറുള്ളതെന്നും രാമചന്ദ്രന് പറഞ്ഞു. ജീവിക്കാനുള്ള സാമര്‍ഥ്യമില്ലാത്തവന്‍ എന്ന പേരുദോഷം കവികള്‍ക്കുണ്ടെന്നും എന്നാല്‍ താന്‍ അത്ര മോശക്കാരനല്ല എന്നും രാമചന്ദ്രന് ഒരു വിവര്‍ത്തന കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വിവര്‍ത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവര്‍ത്തനമെന്നും പി പി രാമചന്ദ്രന് പറഞ്ഞു. റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള ‘ ഒരു മുറുക്കാന്‍ പൊതിയുടെ ഓര്‍മയ്ക്ക്’ എന്ന കവിത പി പി രാമചന്ദ്രന് ചൊല്ലി.ഇത് കൂടാതെ ഒരുവള്‍,പച്ച നീല ചുവപ്പ്,പട്ടാമ്പി പുഴമണല്‍ എന്നീ കവിതകളും രാമചന്ദ്രന് ചൊല്ലി. തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്. റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവര്ത്തകന് ഷാബു കിളിത്തട്ടില്‍ മോഡറേറ്ററായിരുന്നു.
കമാല്‍ വരദൂര്‍ ഷാര്‍ജ രാജ്യാന്തരപുസ്തകമേളയില്‍ ഗള്‍ഫ് ചന്ദ്രിക പവലിയന് സന്ദര്‍ശിച്ച് സംസാരിക്കുന്നു