ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബായ് : ഗൾഫിലെ ഏക മലയാളം റേഡിയോ ആയ ‘റേഡിയോ കേരളം 1476 എ.എം ‘ പ്രക്ഷേപണം ആരംഭിച്ചിട്ട് ചിങ്ങം ഒന്നായ ഇന്ന് (ഓഗസ്റ്റ് 17) രണ്ട് വർഷം പൂർത്തിയാക്കുന്നു. രണ്ടാം വാർഷികം പ്രമാണിച്ച് ഇന്ന് 17 മണിക്കൂർ നീളുന്ന ലൈവത്തൺ ആണ് റേഡിയോ കേരളം പ്രക്ഷേപണം ചെയ്യുന്നത്. യു.എ.ഇ സമയം രാവിലെ 7 മുതൽ രാത്രി 12 വരെയാണ് ലൈവത്തൺ. വേറിട്ട ഈ ദൃശ്യ – ശ്രവ്യ വിസ്മയം റേഡിയോ കേരളത്തിലും റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയം ലഭ്യമാകും.
ജാസി ഗിഫ്റ്റ്, പന്തളം ബാലൻ, രവിശങ്കർ, പ്രീത കണ്ണൻ, അഖില ആനന്ദ്, യൂസുഫ് കാരക്കാട് എന്നിവരുടെ ലൈവ് മ്യൂസിക് ഷോ, ശ്രോതാക്കൾക്ക് സമ്മാനപ്പെരുമഴ ഒരുക്കുന്ന ലിസണേഴ്സ് ക്ലബ് – ലോയൽറ്റി പ്രോഗ്രാമിന്റെ ലോഞ്ച്, ഇശൽ ഇമ്പം – സീസൺ 2 ലോഞ്ച്, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കാൻ റേഡിയോ കേരളം ഒരുക്കുന്ന സി.എം.ഡി.ആർ.എഫ് ക്യാംപെയ്ൻ, റേഡിയോ കേരളത്തിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘മെയിൻസ്ട്രീം ടിവി’ അവതരിപ്പിക്കുന്ന വെബ് സീരിസിലേക്ക് കഥയും അഭിനേതാക്കളെയും തേടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം, റേഡിയോ കേരളം, ദുബായ് ബുർജ്മാൻ മാളിൽ ഒരുക്കുന്ന 10 ദിവസത്തെ ഓണഘോഷ പ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ശ്രോതാക്കൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി നൽകുന്ന ലോയൽറ്റി പ്രോഗ്രാം റേഡിയോ പ്രക്ഷേപണ ചരിത്രത്തിൽ ഒരു പുതുമയാണെന്ന് ടീം റേഡിയോ കേരളം വ്യക്തമാക്കി. 17 മണിക്കൂർ നേരം ഒരു റേഡിയോയിൽ പ്രമുഖ ഗായകർ ലൈവ് ഓർക്കസ്ട്രയിൽ തത്സമയം പാടുന്നതും ഒരു അപൂർവതയാണ്. അകാലത്തിൽ അന്തരിച്ച റേഡിയോ കേരളം അവതാരക ലാവണ്യയെ അനുസ്മരിക്കുന്നതിനും ലൈവത്തൺ വേദിയാകും.