
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
(യുഎഇ ജുമുഅ ഖുതുബ)
ലൗകിക ബന്ധങ്ങളില്‍ നിന്നു വിട്ടുനിന്ന് ശരീരവും മനസും സ്രഷ്ടാവിലേക്ക് തിരിക്കുന്ന ആരാധനാകര്‍മമായ നമസ്കാരം ഹൃദയത്തിന് വിശുദ്ധിയും മനസിന് ശാന്തതയും സ്വസ്ഥതയും നല്‍കുന്നതാണ്. യഥാര്‍ത്ഥ സത്യവിശ്വാസി നമസ്കാരത്തിലൂടെ നിത്യശാന്തിയും സമാധാനവും കൊതിക്കുന്നു. നമസ്ക്കാരത്തിലെ ഭക്തിയും ഹൃദയ സാന്നിധ്യവുമാണ് മനുഷ്യമനസുകളെ ശാന്തി തീരത്തെത്തിക്കുന്നത്. നമസ്ക്കാരം ആശ്വാസദായകമായ കര്‍മമാണെന്ന് മുഹമ്മദ് നബി(സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നമസ്കാരത്തിനായി ബാങ്ക് വിളിച്ചയാളോട് പെട്ടെന്ന് നമസ്കാരം തുടങ്ങി മനസിന് ആശ്വാസം പകരാന്‍ അവസരമേകൂവെന്ന് നബി(സ്വ) പറയുമായിരുന്നു.(ഹദീസ് അബൂദാവൂദ് 4985). നമസ്കാരമെന്നത് കേവലം ശരീരത്തിന്റെ അനക്കങ്ങളും ചലനങ്ങളുമല്ല,മനസിന്റെ ആത്മീയ പ്രയാണം കൂടിയാണത്. മനസാന്നിധ്യമുണ്ടായാല് നമസ്കാരത്തിന്റെ ഓരോ കര്‍മങ്ങള്‍ക്കും ഉരുവിടലുകള്ക്കും പ്രതിഫലങ്ങള്‍ ഇരട്ടിയിരട്ടിയാവും. അങ്ങനെ നമസ്കാരത്തിന്റെ ആത്മസുഖം അനുഭവിക്കാനാവും. നമസ്കാരത്തിനായുള്ള ബാങ്ക് അല്ലാഹുവില്‍ നിന്നുള്ള വിളിയാളമാണ്. അതിന് ഉത്തരം നല്‍കണം. ബാങ്കില്‍ അല്ലാഹു അക്ബര്‍ എന്ന് ഉരുവിടപ്പെടുമ്പോള് അല്ലാഹുവാണ് സകലതിനേക്കാളും വലിയനും ഉന്നതനുമെന്ന് മനസില്‍ പ്രഖ്യാപിക്കണം. ശേഷം സൃഷ്ടികളുമായുള്ള ഇടപാടുകള്‍ വിഛേദിച്ച് നമസ്കാരത്തിലൂടെ സ്രഷ്ടാവിലേക്ക് തിരിയാന്‍ ഒരുങ്ങണം. നമസ്കാരമെന്ന വിജയത്തിലേക്ക് സ്വാഗതമരുളുന്നതുമാണ് ബാങ്ക്.
നബി(സ്വ) ബാങ്ക് കേട്ട ഉടനെ നമസ്കാരത്തിനായുള്ള അംഗശുദ്ധി വരുത്താന്‍ ധൃതികാട്ടി പുറപ്പെടുമായിരുന്നു (ഹദീസ് അഹ്മദ് 25435). പടച്ചവനുമായി ഹൃദയബന്ധം സ്ഥാപിച്ച പടപ്പുകള്‍ നമസ്ക്കാരത്തിനായി വുദൂ ചെയ്ത് പാപങ്ങള്‍ കഴുകിക്കളയാന്‍ ഉത്സാഹം കാണിക്കും. നബി (സ്വ) പറയുന്നുണ്ട്: ഒരാള്‍ യഥാവിധി പരിപൂര്‍ണരൂപത്തില്‍ വുളൂ ചെയ്താല്‍ അവന്റെ ശരീരത്തില്‍ നിന്ന് ദോഷങ്ങള്‍ ഇളകിപ്പുറപ്പെട്ടു പോവും, എത്രത്തോളമെന്നാല്‍ നഖങ്ങള്‍ക്കിടയില്‍ നിന്നുപോലും (ഹദീസ് മുസ്്ലിം 245). വുളൂ ചെയ്ത് വിരമിച്ചാല്‍ പ്രപഞ്ചനാഥനുമായുള്ള അഭിമുഖ സംഭാഷണമായ നമസ്കാരത്തിനായി മനസിനെ തയാറാക്കി വുളൂവിന്റെ പ്രത്യേക ദിക്ര് ദുആ ചൊല്ലണം. അത് ചൊല്ലിയവന് സ്വര്ഗവാതിലുകളെല്ലാം തുറക്കപ്പെടുമെന്നും ഇഷ്ടമുള്ള വാതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്നും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്്ലിം 234). നല്ല വസ്ത്രം ധരിച്ച് സുഗന്ധം പൂശി നമസ്കാരത്തിനായി ഒരുങ്ങണം. അല്ലാഹു പറയുന്നുണ്ട്: ഹേ മനുഷ്യരേ, ആരാധനാ വേളകളിലൊക്കെ നിങ്ങള്‍ വസ്ത്രാലങ്കാരമണിയുക (സൂറത്തുല്‍ അഅ്റാഫ് 31). നമ്മള് കാരണം മറ്റുള്ളവര്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാവരുത്. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുമ്പോള്‍ അത് മലക്കുകള്‍ക്ക് പ്രയാസമാവുമത്രെ (ഹദീസ് മുസ്ലിം 564). മഹത്തുക്കള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍ അവരുടെ മട്ടും ഭാവവും മാറുമായിരുന്നു. മഹാനായ അലിയ്യു ബ്നുല്‍ ഹുസൈന് (റ) അങ്ങനെയായിരുന്നു. നമസ്കാരത്തിനായി വുളൂ ചെയ്താല്‍ അദ്ദേഹത്തിന്റെ അവസ്ഥാവിശേഷം തന്നെ വിത്യസ്തമായിരുന്നു. ഇതേപ്പറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളറിയുമോ ആരുടെ മുമ്പിലാണ് ഞാന്‍ നില്ക്കാന് പോവുന്നത്! ആരോടാണ് ഞാന്‍ സംഭാഷണം നടത്താന്‍ പോവുന്നതെന്ന്?!. അതേ നമസ്ക്കരിക്കുമ്പോള്‍ നിറുത്തത്തിലും സുജൂദിലാകുമ്പോഴുമൊക്കെ താങ്കളെ കണ്ടുക്കൊണ്ടിരിക്കുന്ന കരുണാമയനും പ്രതാപശാലിയുമായ അല്ലാഹുവിനെയാണ് അഭിമുഖീകരിക്കാന്‍ പോവുന്നത്.
അലസമായും ആലസ്യത്തോടെയും നമസ്ക്കരിക്കുന്നവരുടെ കാര്യം പരിതാപകരം തന്നെ. അങ്ങനെ നമസ്കരിക്കുന്നവര്‍ക്ക് ആ നമസ്കാരത്തിന്റെ പത്തിലൊരു ഭാഗം സ്വീകര്യമായി രേഖപ്പെടുത്തിയാലായി എന്ന ദുഖസത്യത്തെപ്പറ്റി നബി (സ്വ) ഉണര്‍ത്തിയിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 796). നമസ്ക്കരിക്കുന്നയാള്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോട് സംഭാഷണം നടത്തുകയാണല്ലൊ (ഹദീസ് ബുഖാരി 508). നമസ്ക്കാരത്തില്‍ മനസ്സാന്നിധ്യമുറപ്പിക്കാന് വേണ്ടത് ശാന്തതയും കാര്യക്ഷമതയുമാണ്. നമസ്ക്കാരം തുടങ്ങിയാല്‍ ഫാതിഹ സൂറത്ത് ഓതുമ്പോള്‍ അല്ലാഹുവിനോടുള്ള കീഴ്വണക്കം മനസിലും പ്രകടമാക്കി എല്ലാം അല്ലാഹു കേള്‍ക്കുന്നു, അവന് ഉത്തരം നല്‍കുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടാവണം. ഫാതിഹ ഓതുമ്പോള്‍ അതിലെ ഓരോ സൂക്തങ്ങള്‍ക്കും അല്ലാഹു പ്രത്യേകം പ്രത്യേകം ഉത്തരം നല്‍കുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 395). റുകൂഇലും റുകൂഇല്‍ നിന്നുള്ള നിറുത്തത്തിലും പ്രത്യേകം ദിക്റുകള്‍ ചൊല്ലി അല്ലാഹുവിന്റെ അപദാനങ്ങള്‍ വാഴ്ത്തണം. ആ വിളികള്‍ അല്ലാഹു കേട്ട് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതായിരിക്കും. ഇമാം റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍ സമിഅല്ലാഹു ലിമന് ഹമിദ എന്നു പറയുന്ന സമയം തുടര്‍ന്ന് നമസ്ക്കരിക്കുന്നവര്‍ അല്ലാഹുവിന് സ്തുതികളര്പ്പിച്ചുകൊണ്ടുള്ള ദിക്ര് ചൊല്ലി ഇമാമിനോട് യോജിച്ചുവന്നാല്‍ മുന്‍കാല ദോഷങ്ങള്‍ പൊറുക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്്ലിം).
നമസ്കാരത്തിലെ താഴ്മയുടെയും വണക്കത്തിന്റെയും സുപ്രധാന ഭാഗമാണ് സുജൂദ്. സുജൂദിലും മനസ്സാന്നിധ്യത്തോടെ അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തി ദിക്ര് ചൊല്ലണം. അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് സുജൂദ്. നബി (സ്വ) പറയുന്നു: ഒരാള്‍ അല്ലാഹുവിനോട് കൂടുതല്‍ അടുക്കുന്നത് അവന് സുജൂദിലായിരിക്കുമ്പോഴാണ്, അതിനാല്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക (ഹദീസ് മുസ്്ലിം 482). നമസ്ക്കാരത്തിന്റെ അവസാനത്തില്‍ അല്ലാഹുവിനുള്ള അഭിവാദ്യങ്ങളര്പ്പിച്ചുക്കൊണ്ടുള്ള അത്തഹിയാത്തും നബി (സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തി സലാമോടെ വിരമിക്കണം. സലാം നബി (സ്വ)ക്കും സ്വന്തത്തിനും സച്ചരിതരായ ജനങ്ങള്‍ക്കും പറയണം. നബി (സ്വ) പറയുന്നു: മനുഷ്യന് അന്ത്യനാളില്‍ കര്‍മ്മത്തിന്റെ കാര്യത്തില്‍ ആദ്യമായി ചോദ്യം ചെയ്യുപ്പെടുന്നത് നമസ്ക്കാരത്തിന്റെ വിഷയത്തിലാണ്. അവന്റെ നമസ്കാരം സ്വീകാര്യയോഗ്യമായാല് അവന് വിജയിച്ചിരിക്കുന്നു. നമസ്കാരം അയോഗ്യമായാല് അവന് പരാജയപ്പെട്ടിരിക്കുന്നു. നിര്‍ബന്ധ നമസ്ക്കാരത്തിന് വല്ല ന്യൂനതയുമുണ്ടെങ്കില്‍ അല്ലാഹു മലക്കുകളോട് പറയും: അയാള്‍ക്ക് വല്ല സുന്നത്ത് നമസ്ക്കാരങ്ങളുണ്ടോ എന്ന് നിങ്ങള്‍ പരിശോധിക്കുക. അങ്ങനെ നിര്‍ബന്ധ നമസ്കാരത്തിന്റെ കുറവുകള്‍ സുന്നത്ത് നമസ്ക്കാരത്തിലൂടെ പരിഹരിക്കപ്പെടും (ഹദീസ് അബൂദാവൂദ് 864, തുര്‍മുദി 413).