ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ദുബൈ : യുഎഇയില്‍ ഗാര്‍ഹികപീഡനത്തിനും സമാന കുറ്റകൃത്യങ്ങള്‍ക്കും 50,000 ദിര്‍ഹംവരെ പിഴയും തടവുശിക്ഷയും ലഭിക്കുമെന്ന് അധികാരികളുടെ മുന്നറിയിപ്പ്. 2024ലെ ഫെഡറല്‍ നിയമത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇരകള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കാനാണ് ഗാര്‍ഹികപീഡനക്കേസുകളില്‍ ശിക്ഷ കര്‍ശനമാക്കിയത്. വീടുകളില്‍വെച്ച് ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണംനല്കാനാണ് നിയമം ഭേദഗതിചെയ്തത്. ഗാര്‍ഹികപീഡനം തടയാനും ഇരകള്‍ക്കും അവരുടെ കുടുംബത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കാനും നിയമം നിലകൊള്ളും. പീഡനവിവരം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കും പീഡനങ്ങള്‍ സംബന്ധിച്ച് തെറ്റായവിവരങ്ങള്‍ നല്കുന്നവര്ക്കും 5000 മുതല്‍ 10,000 ദിര്‍ഹംവരെയാണ് പിഴ. രക്ഷിതാക്കള്‍, 60 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ എന്നിവരാണ് ഇരകളെങ്കില്‍ ശിക്ഷ കടുപ്പിക്കും. ഒരുവര്‍ഷത്തിനകം സമാനകുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഇരട്ടി ശിക്ഷലഭിക്കും. പീഡനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക്കും അധികൃതരെ വിവരമറിയിക്കാം. പരാതിനല്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ശാരീരികാക്രമങ്ങള് പോലീസില്‍ നേരിട്ട് റിപ്പോര്‍ട്ടുചെയ്യണം. ഇരയ്ക്ക് 30 ദിവസംവരെ സംരക്ഷണം നിയമം വാഗ്ദാനംചെയ്യുന്നു. ആവശ്യമെങ്കില്‍ ഇതിന്റെ കാലാവധി 90 ദിവസംവരെ നീട്ടാനും അനുമതിയുണ്ട്. ഇരയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചാല്‍ 10,000
ദിര്‍ഹംമുതല്‍ അരലക്ഷം ദിര്‍ഹംവരെയാണ് പിഴ. സംരക്ഷണ ഉത്തരവ് നിലനില്‍ക്കുന്ന കാലയളവില്‍ കുറ്റവാളി ഇരയുമായി സമ്പര്ക്കംപുലര്ത്തുന്നതും ഇരയുടെ താമസസ്ഥലം, തൊഴിലിടം എന്നിവയിലുള്‍പ്പെടെ പ്രവേശിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ഗാര്‍ഹികപീഡനം കാരണമുണ്ടാകുന്ന ചികിത്സച്ചെലവുകള്‍ ഉള്‍പ്പടെയുള്ള സാമ്പത്തികസഹായം കുറ്റവാളി നല്‍കണമെന്നും ഇരയുടെ താത്പര്യങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിയമത്തിലുണ്ട്.