കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മാനസികാരോഗ്യവും മാനസിക സ്വാസ്ഥ്യവും വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങളാണ്. മനസിന്റെ സ്വസ്ഥത വലിയ അനുഗ്രഹമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. മാനസികാരോഗ്യത്തിന് ഇസ്ലാം മതം വലിയ പ്രാധാന്യം നല്കുന്നുണ്ട്. അതുകൊണ്ടാണ് ‘നിനക്ക് നിന്റെ സ്വന്തത്തോടും ചില ബാധ്യതകളുണ്ട്’ എന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞത്. അതായത് മനസിനെ പരിരക്ഷിക്കാനും മനസിനെ ദുര്ബലപ്പെടുത്തുന്ന കാര്യങ്ങളെ വിദൂരത്താക്കാനുമുള്ള കല്പനയാണത്. അല്ലാഹു പറയുന്നു: മനസിനെ (ആത്മാവിനെ) ശുദ്ധീകരിച്ചവന് വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു, അതിനെ മലിനീകരിച്ചവന് നിശ്ചയം പരാജിതനായിരിക്കുന്നു (സൂറത്തുശ്ശംസ് 9,10). സ്വസ്ഥപൂര്ണവും നിയന്ത്രണവിധേയവുമായ മനസാണ് ഒരു മനുഷ്യന്റെ വിജയത്തിന്റെ പ്രധാന നിദാനം.
മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള പ്രധാന മാര്ഗമാണ് ദൈവത്തിലേക്ക് അടുക്കുക എന്നുള്ളത്. ദൈവമാര്ഗത്തില് വ്യാപൃതമാവുന്നതും ആരാധനാനിമഗ്നമാകുന്നതും ദിക്റുകള് ചൊല്ലുന്നതുമെല്ലാം മാനസിക സൗഖ്യം നല്കുന്ന കാര്യങ്ങളാണ്. അല്ലാഹു പറയുന്നു: അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങള്ക്കു പ്രശാന്തി കൈവരൂ(സൂറത്തു റഅ്ദ് 28).നബി (സ്വ) നമസ്കാരങ്ങളിലൂടെ മാനസികാനന്ദം കണ്ടെത്തുമായിരുന്നു. അതിനാല് ബിലാലി (റ)നോട് ബാങ്ക് കൊടുത്ത് മനസിന് സമാശ്വാസം പകരാന് പ്രവാചകന് പറയുമായിരുന്നു. നമസ്കാരത്തിലൂടെ കണ്കുളിര്മ നേടാനാവുന്നു എന്ന് നബി (സ്വ) പറയുമായിരുന്നു.
മാനസികാരോഗ്യത്തിനും മനശ്ശാന്തിക്കുമുള്ള മറ്റൊരു മാര്ഗമാണ് ദൈവവിധിയില് തൃപ്തിയടയല്. പ്രമുഖ സ്വഹാബിവര്യന് അബൂദ്ദര്ദാഅ് (റ) പറയുമായിരുന്നു: അല്ലാഹു ഒന്നു വിധിച്ചാല് അതില് തൃപ്തിയടയുക. നേരെമറിച്ച് ജീവിത ഘട്ടങ്ങളില് പ്രതിസന്ധികളുണ്ടാവുമ്പോഴും ദുഃഖഭാണ്ഡങ്ങള് പേറുമ്പോഴും ആപല്സന്ധികളുണ്ടാവുമ്പോഴും മാനസിക പിരിമുറുക്കമുണ്ടായി ജീവിത നൈരാശ്യത്തിലകപ്പെട്ടു പോവരുത്. അങ്ങനെയുള്ളവരെ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നു.
എല്ലാഴ്പ്പോഴും അല്ലാഹുവിന്റെ വിധിയില് വിശ്വാസമര്പ്പിക്കുക. എന്നിട്ട് സൂറത്തു ത്തൗബയിലെ 51ാം സൂക്തത്തിന്റെ ആശയം മനസില് ആവര്ത്തിച്ചുകൊണ്ടിരിക്കുക. അതിങ്ങനെയാണ്: ‘ഞങ്ങള്ക്ക് അല്ലാഹു നിശ്ചയിച്ചതല്ലാത്ത മറ്റൊന്നും തന്നെ സംഭവിക്കുകയില്ല’. പ്രത്യക്ഷത്തില് ഒരു പ്രശ്നമുണ്ടായാല് അതിനൊരു നല്ല പരിണിതി ഉണ്ടാവുമെന്ന് വിശ്വസിക്കലാണ് സത്യവിശ്വാസിക്ക് ഭൂഷണം. അല്ലാഹു പറയുന്നു: ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങള്ക്ക് അനിഷ്ടപ്പെട്ടെന്നു വരാം (സൂറത്തുല് ബഖറ 216).
മാനസികാരോഗ്യത്തിന് ബലമേകുന്ന കാര്യങ്ങളാണ് പോസിറ്റീവ് ചിന്തയും ശുഭാപ്തി വിശ്വാസവും. നെഗറ്റീവ് ചിന്തകളിലോ മാനസിക പീഡകളിലോ പെടരുത്. നല്ല ചിന്ത നല്ലതേ വരുത്തുള്ളൂ. ചീത്ത വിചാരം ചീത്തയേ വരുത്തുള്ളൂ. ശുഭാപ്തി വിശ്വാസത്തില് സന്തോഷം കൊള്ളുന്നവരായിരുന്നു പ്രവാചകന്.
എല്ലായിടങ്ങളിലും നല്ലതേ പ്രതീക്ഷിക്കാവൂ. അല്ലാഹുവില് നിന്നും നല്ലതേ ഭാവിക്കാവൂ. എന്റെ അടിമ എന്നെ എങ്ങനെയാണോ ഭാവിക്കുന്നത് അങ്ങനെയായിരിക്കും ഞാനെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുദ്സിയ്യായ ഹദീസില് കാണാം. ഒരു മോശം കാര്യം വന്നുപ്പെടുന്നതിന് മുമ്പായി തന്നെ അതങ്ങനെയെന്ന ഊഹാപോഹത്തില് പെട്ടുപോകരുത്. ഒരു രോഗം വരുന്നതിന് മുമ്പായി രോഗമാണെന്ന് സ്വന്തം മനസില് വിധിയെഴുതി നിരാശപ്പെടരുത്. ദരിദ്രാവസ്ഥ ഉണ്ടാവുന്നതിന് മുമ്പായി സ്വയം ദരിദ്രനായി എന്ന് ആശാഭംഗപ്പെട്ടവനാകരുത്. എല്ലാം പൈശാചികമായ ദുര്ചിന്തകളാണ്. പിശാച് ദാരിദ്യം വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്ന് ഖുര്ആന് തന്നെ വിവരിക്കുന്നുണ്ട് (സൂറത്തുല് ബഖറ 268).
കഴിഞ്ഞ കാലത്തെ പ്രയാസങ്ങളുടെ ഓര്മകളില് ജീവിതം കഴിച്ചുകൂട്ടരുത്. അത് മനസിനെ ഭീതിപ്പെടുത്തും. ജോലികളില് ഭഗ്നം വരുത്തും. ഭാവിയെ ചിന്തിച്ച് പേടിച്ച് കഴിഞ്ഞുകൂടരുത്. അത് മനസിനെ കൂടുതല് അസ്വസ്ഥമാക്കും. എല്ലാം സത്യവിശ്വാസികളെ ഖിന്നരാക്കാനുള്ള പൈശാചിക തന്ത്രങ്ങളാണ്. എല്ലാ കാര്യത്തിലും മറ്റുള്ളവരോട് തുലനം ചെയ്യരുത്. അത് അപകടമാണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടലാണ് അഭികാമ്യം. ഉപജീവനത്തില് മതിയായത് ലഭിക്കുകയും അങ്ങനെ അല്ലാഹു നല്കിയതില് തൃപ്തിയടയുകയും ചെയ്ത സത്യവിശ്വാസി വിജയിക്കുക തന്നെ ചെയ്തിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഓരോര്ത്തര്ക്കും അല്ലാഹു പ്രത്യേകം കാര്യങ്ങള് ചെയ്തിട്ടുണ്ടാവും. എല്ലാം അല്ലാഹുവിന്റെ യുക്തിയിലും ജ്ഞാനത്തിലുമാണ്. നമുക്കാര്ക്കും അതറിയുകയില്ല.
നമ്മുടെ മക്കളുടെയും വീട്ടുകാരുടെയും ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പരിരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്നാലേ വീടകങ്ങളില് ശാന്തിയും സമാധാനവുമുണ്ടാവുകയുള്ളൂ. ജോലി സമ്മര്ദങ്ങളുടെ വ്യാകുലതകള് വീടുകളിലേക്കും കൊണ്ടുപോവരുത്. നമ്മുടെ പ്രശ്നങ്ങളില് വീട്ടുകാരെയും പെടുത്തരുത്. അതവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. വീട്ടിലെത്തിയാല് ഒരു സമ്മര്ദവും കാണിക്കാതിരിക്കുക. ഏവരോടും പുഞ്ചിരിച്ച് മയത്തോടെയും സ്നേഹത്തോടെയും പെരുമാറുക. ഒരു വീട്ടുകാരില് അല്ലാഹു നന്മ ഉദ്ദേശിച്ചാല് അവരില് നിര്മലത ഇട്ടുകൊടുക്കും (ഹദീസ്). ഇടപാടുകളിലും ഇടപെടലുകളിലും ക്ഷമ പാലിക്കണം. നമ്മുടെ മാനസികാവസ്ഥ കുടുംബക്കാരിലും പ്രതിഫലിക്കും. അതിനാല് ഏവര്ക്കും ശാന്തിയും സ്വസ്ഥതയും പകരുക. അത് വ്യക്തിരൂപീകരണത്തിലും മറ്റുള്ളവരുമായുള്ള പെരുമാറ്റങ്ങളിലും നല്ല പ്രതിഫലനങ്ങളുണ്ടാക്കും. ജീവിതത്തില് ആപത്ഘട്ടത്തില് സഹനം കൈകൊണ്ട ഇബ്രാഹിം നബി (അ)ക്ക് അല്ലാഹു സല്സന്താനമേകി സന്തോഷവാര്ത്ത അറിയിക്കുന്നത് ഖുര്ആന് വിവരിക്കുന്നുണ്ട്.