കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഗസ്സയിലും ലബനനിലും എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് ബിന്‍ അല്‍ ഹുസൈന് എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നു. ഗസ്സയിലെയും ലെബനനിലെയും സ്ഥിതിയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. ഗസ്സയിലും ലെബനനിലും വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി സിവിലിയന്മാര്ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ദുരിതബാധിതര്‍ക്ക് മാനുഷിക പിന്തുണ നല്കുന്നതിന്റെയും പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു. ലെബനന് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ ലെബനന്റെ ഐക്യം,പരമാധികാരം,പ്രദേശിക സമഗ്രത എന്നിവയെ പിന്തുണയ്ക്കുന്നതില്‍ യുഎഇയുടെയും ജോര്‍ദാനിന്റെയും ഉറച്ച നിലപാട് അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ഊന്നിപ്പറഞ്ഞു. കാരണം ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. എല്ലാവര്ക്കും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പുനല്‍കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയും സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും സഹകരണ ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിനുമാണ് ജോര്‍ദാന്‍ രാജാവ് ഇന്നലെ യുഎഇയിലെത്തിയത്.