ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : പൊലീസിന്റെയും ക്യാമറക്കണ്ണുകളെയും വെട്ടിച്ച് ദുബൈയില്‍ എങ്ങനെയും രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട. വളരെ കുറച്ചു ദൂരത്തേക്ക് പോലും സീറ്റ് ബെല്‍റ്റ് ധരിക്കാതെ പോകാമെന്ന് കരുതേണ്ട. വാഹനത്തിലിരുന്ന് ഫോണ്‍ ചെയ്യുന്നവര്‍ക്കും പണി കിട്ടും. പിടികൂടുന്നത് ക്യാമറയോ പൊലീസോ അല്ല, ദുബൈയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ ഓരോ ചലനങ്ങളും ഒപ്പിയെടുക്കും. ദുബൈയില്‍ പാര്‍പ്പിട മേഖലയിലെ ഗതാഗതനിയമ ലംഘകരെ കുരുക്കാന്‍ നിശ്ശബ്ദ റഡാറുമായി രംഗത്തിറങ്ങുകയാണ് ദുബൈ പൊലീസ്. പൊലീസിന്റെ നിരീക്ഷണം ഉണ്ടാകില്ലെന്ന ധാരണയില്‍ നിസ്സാര നിയമലംഘനങ്ങള്‍ മുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ വരെ ചെയ്യാന്‍ പാര്‍പ്പിട മേഖലകളില്‍ ഡ്രൈവര്‍മാര്‍ മുതിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാര്‍പ്പിട മേഖലയില്‍ പ്രധാന റോഡുകള്‍ മുഴുവന്‍ ട്രാഫിക് റഡാറിന്റെ നിയന്ത്രണത്തിലായിരിക്കും. അമിതവേഗം മാത്രമല്ല, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണില്‍ നോക്കുന്നതും അടക്കം റഡാറുകള്‍ കണ്ടെത്തും. സാധാരണ ട്രാഫിക് റഡാറുകളിലേതു പോലെ ഫ്ളാഷ് ലൈറ്റുകള്‍ ഉണ്ടാകില്ല. പിഴ അടയ്ക്കാനുള്ള സന്ദേശം ഫോണില്‍ കിട്ടുമ്പോള്‍ മാത്രമേ വിവരം അറിയൂ. പ്രധാന റോഡുകളിലേക്ക് എത്തുന്നത് വരെ പലപ്പോഴും ഡ്രൈവമാര്‍ സീറ്റ് ബെല്‍റ്റ് ഇടാനോ മൊബൈല്‍ ഫോണ്‍ വിളി ഒഴിവാക്കാനോ ശ്രദ്ധിക്കാറില്ല. പാര്‍പ്പിട സമുച്ചയങ്ങള്ക്കകത്തെ യാത്രയായതിനാല്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ഏതു സാഹചര്യത്തിലും ഏതു സ്ഥലത്തും രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ ബാധകമാണെന്ന് നിയമപാലകര്‍ ഓര്‍മിപ്പിക്കുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചു യാത്ര ചെയ്താല്‍ 800 ദിര്‍ഹമാണ് പിഴയായി ലഭിക്കുക. കൂടാതെ 4 ബ്ലാക്ക് പോയിന്റ് കൂടിയുണ്ട്. സൈലന്റ് റഡാറുകള്‍ എവിടെയാണ് സ്ഥാപിക്കുക എന്നോ ഏതെല്ലാം പ്രദേശങ്ങളാണ് റഡാറിന്റെ പരിധിയില്‍ വരികയെന്നോ പൊലീസ് വെളിപ്പെടുത്തില്ല എന്നതാണ് മറ്റൊരു കാര്യം. കാരണം, റഡാര്‍ കാണുമ്പോള്‍ മാത്രം മര്യാദ കാണിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പരിഷ്കാരമല്ല. ദുബൈയുടെ ഏതു ഭാഗത്തും ട്രാഫിക് നിയമം പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള നടപടിയാണ്. ഫോണ്‍വിളി, സീറ്റ്ബെല്‍റ്റ് ഇടല് ഉള്‍പ്പെടെ ഡ്രൈവറുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ പലതവണ കണ്ട് ഉറപ്പാക്കിയ ശേഷമായിരിക്കും ഫൈന്‍ ഈടാക്കുക. അനധികൃത യു ടേണുകള്‍ വരെ റഡാറില്‍ പതിയും. പാര്‍പ്പിട കമ്യൂണിറ്റിക്ക് ഉള്ളിലാണെന്നതിന്റെ പേരില്‍ അനുവാദമില്ലാത്ത സ്ഥലത്ത് യു ടേണ്‍ എടുക്കുന്നതും പിഴ ശിക്ഷ വരുത്തിവയ്ക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ റഡാറില്‍ കൃത്യമായി പതിയും. നമ്പര്‍ പ്ലേറ്റിനു തകരാറുണ്ടെങ്കിലും നടപടിയുണ്ടാകും. കാല്‍നട യാത്രക്കാര്‍ക്കുള്ള ക്രോസിങ്ങില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയിടണം. കാല്‍നട യാത്രക്കാര്‍ ക്രോസിങ് പൂര്‍ണമായും കടന്ന ശേഷമേ വണ്ടി മുന്നോട്ട് എടുക്കാവൂ. അല്ലാതെ മുന്നോട്ട് എടുത്താല്‍ 500 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണിത്. മുന്നിലെ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതും പ്രധാനമാണ് അത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. റഡാറുകളില്‍ നിയമലംഘനങ്ങള്‍ പതിയുന്ന അതേസമയം തന്നെ പൊലീസിന്റെ കണ്ട്രോള് റൂമിലിരുന്നു റോഡിലെ കാര്യങ്ങള്‍ മോണിറ്ററില്‍ നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. ട്രാഫിക് കുരുക്കും നിയമലംഘനങ്ങളും പൊലീസുകാര്‍ക്കു നേരിട്ടു കാണാം. അപകടം ഉണ്ടായാലും വഴിതിരിച്ചു വിടേണ്ട സാഹചര്യവും കണ്ട്രോള് റൂമിലിരുന്നു കാണാം. ഡ്രൈവര്‍മാര്‍ക്ക് എന്തെങ്കിലും തരത്തില്‍ ആവശ്യമുണ്ടായാല്‍ അതും നിരീക്ഷിച്ചു അടിയന്തര സഹായം എത്തിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.