
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
ബഹിരാകാശ സഞ്ചാരം അനന്തസാധ്യതകളാണ് ലോകസമൂഹത്തിന് നല്കുന്നത്. ചരിത്രം സൃഷ്ടിച്ചു കൊണ്ട് നിരവധി ബഹിരാകാശ ദൗത്യങ്ങളും അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില് യുഎഇക്ക് സുപ്രധാന പങ്കുണ്ട്. ഇതിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം അധ്യക്ഷനായ ഒരു കൗണ്സില് പ്രവര്ത്തിക്കുന്നു. ബഹിരാകാശ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനും ഗവേഷണത്തിനു മേല്നോട്ടം വഹിക്കുന്നതിനുമാണ് കൗണ്സില്. ബഹിരാകാശ പ്രവര്ത്തനങ്ങള് സജീവമായി തുടരുന്നതിനൊപ്പം പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് യുഎഇ. ഈ വര്ഷം അവസാനത്തോടെ യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അല് മത്രൂഷി പറന്നുയരും. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം കഴിഞ്ഞ വര്ഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ വര്ഷം അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ എംബിസൈഡ് സാറ്റ് വിക്ഷേപിക്കാന് യുഎഇ തയാറെടുക്കുകയാണ്. എല്ലാ മേഖലയിലും പ്രാവര്ത്തികമാക്കിയ വനിതാ ശാക്തീകരണം ബഹിരാകാശത്തേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് നൂറ അല് മത്രൂഷിയെ അടുത്ത ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
2021 ഏപ്രിലില് യുഎഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് ആയിരക്കണക്കിന് അപേക്ഷകരില് നിന്നാണ് നൂറ അല് മത്രൂഷി എന്ന മെക്കാനിക്കല് എഞ്ചിനിയര് ആയ വനിതയെ തിരഞ്ഞെടുത്തത്. ഭാവി ബഹിരാകാശ ദൗത്യങ്ങള്ക്കായി നാസയില് പരിശീലനം നല്കുന്നതിന് 4,000 ഉദ്യോഗാര്ത്ഥികളില് നിന്ന് നൂറയെ തിരഞ്ഞെടുക്കുകയായിരുന്നു. 2021 സപ്തംബറില് നാസയുടെ പ്രസിദ്ധമായ ജോണ്സണ് ബഹിരാകാശ കേന്ദ്രത്തിലേക്ക് 2021ലെ നാസ ബഹിരാകാശ യാത്രിക കാന്ഡിഡേറ്റിന്റെ ക്ലാസിനായി അല് മത്രൂഷിയെത്തി. അതി കഠിനമായ പരിശീലനങ്ങളിലൂടെയാണ് നൂറയും സഹപ്രവര്ത്തകനായ മുഹമ്മദ് അല് മുല്ലയും കടന്നു പോയത്. ഉള്വനത്തിലും ആഴക്കടലിലും മരുഭൂമിയിലും ഉള്പ്പെടെ ദുര്ഘട മേഖലകളില് അകപ്പെട്ടാല് എങ്ങനെ അതിജീവിക്കണം എന്നതിന്റെ പരിശീലനവും പൂര്ത്തിയാക്കി. തീ,വീട്,ഭക്ഷണം,വെള്ളം എന്നീ അവശ്യ സാധനങ്ങള് എങ്ങനെ കണ്ടെത്തും എന്നതു സംബന്ധിച്ച് യുഎസ് ആര്മി ഏവിയേഷന് സെന്ററാണ് പരിശീലനം നല്കിയത്. ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്ത് നേടുന്നതിനൊപ്പം 130 കിലോ ഭാരമുള്ള സ്പേസ് വാക്കിങ് സ്യൂട്ട് ധരിക്കുന്നതിനുള്ള പരിശീലനവും വിജയകരമായി പൂര്ത്തിയാക്കി. ചന്ദ്രന്റെ ഉപരിതലത്തിന് സമാനമായി സജ്ജീകരിച്ച അലബാമയിലെ മാര്ഷല് സ്പേസ് ഫൈറ്റ് സെന്ററിലെ വി20 തെര്മല് വാക്വം ചേംബറിലും നൂറ പരിശീലനം നടത്തി. ടി38 സൂപ്പര് സോണിക് ജെറ്റുകള് പറത്തുന്നതും ബഹിരാകാശ നിലയത്തിന്റെ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കുന്നതും പരിശീലനത്തില് ഉള്പ്പെടുത്തിയിരുന്നു. 2021ല് ചരിത്രം സൃഷ്ടിച്ച 5 അറബ് വനികളുടെ ഫോര്ബ്സ് പട്ടികയില് ഇമറാത്തി ബഹിരാകാശ സഞ്ചാരി നൂറ അല് മത്രൂഷി ഇടം നേടി. ആദ്യ വനിത ബഹിരാകാശ സഞ്ചാരിയുടെ വിജയം കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് യുഎഇ ജനത നോക്കിക്കാണുന്നത്. 31 വയസുകാരിയായ നൂറ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്ത്തിയാക്കി ചരിത്രം നേടുന്നതിനുള്ള കാത്തിരിപ്പിലാണ് അറബ് ജനത.