ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ
രാജ്യം വിടാന്‍ രണ്ട് മാസത്തെ ഇളവ്
അബുദാബി : രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ. റസിഡന്‍സി വിസ കഴിഞ്ഞും ഇവിടെ തങ്ങുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും വിസ പുതുക്കാനും അവസരം നല്‍കുന്നതാണ് പുതിയ തീരുമാനം. ഇതിനായി രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി-ഐസിപി യാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമലംഘകര്‍ക്ക് പിഴയില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ട് മാസത്തെ ഗ്രേസ് പിരീഡ് നല്‍കാനാണ് തീരുമാനം. 2024 സെപ്തംബര്‍ 1 മുതല്‍ രണ്ട് മാസം വരെയാണ് പൊതുമാപ്പ് കാലാവധി. പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതും നിയമലംഘകരെ ഒന്നുകില്‍ അവരുടെ നില ക്രമീകരിക്കാനോ അല്ലെങ്കില്‍ രാജ്യം വിടാനോ അനുവദിക്കുന്നത് ഉള്‍പ്പെടെ ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതോറിറ്റി ഏറ്റെടുക്കും.
നിയമലംഘകര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നല്‍കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ഒളിച്ചോടിയ തൊഴിലാളികള്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. വ്യക്തികള്‍ക്കും ആശ്രിത വിസയിലുള്ള കുടുംബങ്ങള്‍ക്കും കമ്പനികളില്‍ നിന്നോ വീടുകളില്‍ നിന്നോ ഒളിച്ചോടിയ തൊഴിലാളികള്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. സെപ്തംബര്‍ 1 മുതല്‍ തുടങ്ങുന്ന ഇളവ് ഒക്ടോബര്‍ 31നാണ് അവസാനിക്കുക. പൊതുമാപ്പ് ആരംഭിച്ചിതിന് ശേഷവും യുഎഇയില്‍ നിയമം ലംഘിച്ച് താമസിക്കുന്നവര്‍ പൊതുമാപ്പിന്റെ പരിധിയില്‍ വരാനും സാധ്യതയില്ല. മാത്രമല്ല, അതിന് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയവര്‍ക്കെതിരെ താമസകുടിയേറ്റ നിയമപ്രകാരം നടപടി സ്വീകരിച്ചേക്കും. നിയമലംഘകരായി യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ യുഎഇയിലെ ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. താമസ രേഖാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവര്‍ക്ക് അത് നിയമവിധേയമാക്കി ഇവിടെ തുടരാനും അല്ലെങ്കില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള അപൂര്‍വ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു. സെപ്റ്റംബര്‍ 1ന് പൊതുമാപ്പ് തുടങ്ങുന്നതിന് മുന്‍പായി മുന്‍വര്‍ഷങ്ങളിലെ പോലെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അധികൃതരുടെ നിര്‍ദേശപ്രകാരമുള്ള സൗകര്യങ്ങളൊരുക്കുമെന്നും പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍, പ്രവാസികളെ സഹായിക്കാനായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹെല്പ് ഡെസ്ക് സജ്ജീകരിക്കും. നിയമപരമായ കാര്യങ്ങള്‍ക്ക് അസോസിയേഷന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയിരങ്ങള്‍ക്ക് ആശ്വാസമാവും സ്വാഗതം ചെയ്ത് പ്രവാസി സംഘടനകള്‍
ഷാര്‍ജ : പൊതുമാപ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാവും. യുഎഇ ഭര കൂടത്തിന്റെ ഈ പ്രഖ്യാപനത്തെ പ്രവാസി സംഘടനകളും പൊതുസമൂഹവും സ്വാഗതം ചെയ്തു. സെപ്തംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തെ കാലയളവിലാണ് നിയമ വിരുദ്ധ താമസക്കാര്‍ക്ക് യുഎഇ പൊതുമാപ്പ് അനുവദിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, ആന്റ് പോര്‍ട്ട് സെക്യുരിറ്റിയാണ് പൊതുമാപ്പ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കാരുള്‍പ്പെടെ അനേകായിരം പേര് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാരായുണ്ട്. ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാര്‍ക്കിടയിലും നിയമ വിരുദ്ധ താമസക്കാര്‍ ഏറെ. കുടിയേറ്റ താമസ വകുപ്പ് നിയമം ലംഘിച്ച് കഴിയുന്ന താമസക്കാരെ കണ്ടെത്തുന്നതിന് അധികൃതര്‍ വ്യാപക പരിശോധന ആരംഭിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ‘ഗള്‍ഫ് ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിലൂടെ പിഴയോ, ജയില്‍ വാസമോ ഇല്ലാതെ നിയമ വിരുദ്ധ താമസക്കാര്‍ക്ക് സ്വദേശത്തേക്ക് തിരിക്കാം. വിസ കാലാവധി കഴിഞ്ഞ് യഥാസമയം പുതുക്കാന്‍ സാധിക്കാത്തതിനാല്‍ വന്‍ തുക പിഴയായി കിടക്കുന്ന ആയിരക്കണക്കിന് പേരെ യുഎഇയില്‍ കാണാം. പിഴ സംഖ്യ ലക്ഷം ദിര്‍ഹമിന് മുകളിലെത്തിയവര്വരെയുണ്ട് കൂട്ടത്തില്‍. മറ്റു സാമ്പത്തിക, ഇതര ക്രിമിനല്‍ കേസുകളില്‍ കോടതി നടപടികള്‍ നേരിടുന്നവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ഇതിന് മുമ്പ് 2013, 2018 വര്‍ഷങ്ങളിലാണ് യുഎഇ സമാന രീതിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് മാസം വീതം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. ഏതാണ്ട് ഒരു ലക്ഷത്തിലധികം പേര് പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. കോവിഡ് 19 വ്യാപന പ്രതിസന്ധി കാലത്തും യുഎഇ കാലാവധി കഴിഞ്ഞ വിസ പുതുക്കാനും മറ്റുമായി ഭാഗിക പൊതുമാപ്പും അനുവദിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് സുവര്‍ണ്ണാവസരമാണ് പൊതു മാപ്പ്. എന്നാലിതിലൂടെ യുഎഇ ഭരണകൂടം വേണ്ടെന്ന് വെക്കുന്നത് കോടിക്കണക്കിന് ദിര്‍ഹമിന്റെ വരുമാനം. കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാതെ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ നിയമപ്രകാരം ഓരോ ദിവസത്തിനും പിഴയടക്കണം. ദിവസം കൂടുന്തോറും പിഴ സംഖ്യയും ഉയരും. നാലും അഞ്ചും വര്‍ഷമൊക്കെ വിസയില്ലാതെ കഴിയുന്ന അനവധി വിദേശികളുണ്ട് രാജ്യത്ത്. ഇവരില്‍ പലരുടെയും പിഴ സംഖ്യ ലക്ഷം ദിര്‍ഹമിന് അടുത്ത് വരും. ഇങ്ങിനെയുള്ള അനേകം പേര്‍ക്കാണ് പൊതുമാപ്പിലൂടെ പിഴയിളവ് ലഭിക്കുക. കുടുക്കിലായ വിദേശികളോടുള്ള ഉദാര സമീപനമാണ് ഇതിലൂടെ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് പൂര്‍ണ്ണമായും ഉപയോഗപ്രദമാവുന്നതിന് തൊഴിലാളികള്‍ക്കിടയില്‍ വ്യാപക ബോധവത്കരണം അത്യാവശ്യം. തൊഴിലാളി താമസിടങ്ങളിലും തൊഴിലാളികള്‍ കൂട്ടമായി ഒത്തു കൂടുന്ന മേഖലകളിലുമെല്ലാം വിവിധ ഭാഷകളില്‍ പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. സന്നദ്ധ സംഘടനകള്‍ക്കും നാട്ടു കൂട്ടങ്ങള്‍ക്കും ഈ രംഗത്ത് ഫലപ്രദമായി ഇടപെടാനും പ്രചരണം നടത്താനും സാധിക്കും. വിവിധ ഭാഷാ പരിഞ്ജാനമുള്ള വളണ്ടിയേഴ്സിനെ ഉപയോഗപ്പെടുത്തി പ്രചരണം നടത്തിലൂടെ നിയമ വിരുദ്ധ താമസക്കാരായ അനേകം പേര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ഗുണകരമാവും.
അവസരം ഉപയോഗപ്പെടുത്തുക : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്
ഷാര്‍ജ : യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വിദേശികള്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് അനധികൃത താമസക്കാരായി കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു. പലവിധ കാരണങ്ങളാല്‍ യുഎഇയില്‍ അനധികൃത താമസക്കാരായി മാറേണ്ടി വന്നവര്‍ക്ക് ഇതൊരു അവസരമാണ്. വിദേശികളോട് യുഎഇ ഭരണകൂടം കാണിക്കുന്ന കാരുണ്യപൂര്‍ണ്ണമായ നിലപാടിന്റെ മറ്റൊരു ഉദാഹരമാണ് പൊതുമാപ്പ് പ്രഖ്യാപനമെന്ന് നിസാര്‍ തളങ്കര പറഞ്ഞു. പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണത്തിന് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക്ക് സജ്ജീകരിക്കും. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും, നിയമോപദേശങ്ങളും നല്‍കുന്നതിന് ഈ ഹെല്‍പ്പ് ഡെസ്ക്കുകളില് സംവിധാനമൊരുക്കും. യുഎഇ ഇന്ത്യ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ആലോചിച്ച് ഈ രംഗത്ത് സാധ്യമാവുന്ന എല്ലാവിധ സഹായങ്ങളും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ നല്‍കുമെന്നും നിസാര്‍ തളങ്കര അറിയിച്ചു.