സൈക്കിള്‍ യാത്രക്കാര്‍ക്കായി മൂന്ന് മാസത്തെ ബോധവത്കരണം
ഷാര്‍ജ : നഗര കാഴ്ചകള്‍ക്ക് കണ്‍കുളിര്‍മ നല്കാന് വിപുലമായ പദ്ധതിയുമായി ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റിയും ഷാര്‍ജ ഇല്ക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സേവ)യും. എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും സേവനത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഊര്‍ജ ഉപഭോഗ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കാനുളള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
പ്രധാന കേന്ദ്രങ്ങളിലും പാതകളുടെ മധ്യത്തിലെയും വശങ്ങളിലെയും ഇന്റര്‍ ലോക്കുകള്‍ നവീകരിക്കുന്നതും പുല്‍ത്തകിടികള്‍ മാറ്റി വിരിക്കുന്നതുമായ ജോലികള്‍ പുരോഗമിക്കുന്നു. ഭൂഗര്‍ഭ പൈപ്പ് ലൈനുകളും മാറ്റി ഘടിപ്പിച്ച് വരുന്നു. പൊതു ഇടങ്ങളില്‍ നഗര സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്കി അധികൃതര്‍. അനധികൃതമായി പരസ്യങ്ങള്‍ പതിക്കുന്നതും ജനങ്ങള്‍ ഒത്തുകൂടുന്ന പൊതു സ്ഥലങ്ങളില്‍ മുറുക്കാന്‍ ചവച്ച് തുപ്പുന്നതും വിലക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഷാര്‍ജ സിറ്റി നഗരസഭ പരിധിയില്‍ മാത്രമായി സേവ പുതുതായി സ്ഥാപിച്ചത് 1,110 തെരുവ് വിളക്കുകകളാണ്. വിവിധ മേഖലകളിലെ റോഡുകളുടെയും പ്രദേശത്തിന്റെയും പ്രാധാന്യം അടിസ്ഥാനമാക്കി തെരുവ് വിളക്കുകളും വിളക്ക് കാലുകളും വ്യത്യസ്തവും മനോഹരവുമാക്കി. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 16,605 അറ്റകുറ്റപ്പണികളും സേവ നടത്തി.
64 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ലൈറ്റിങ് കേബിള്‍ ശൃംഖല വിപുലീകരിച്ചു. എല്ലാ ഏരിയകളിലേയും റോഡുകളില്‍ ആവശ്യമായ വെളിച്ചം നല്കാന് ഉയര്‍ന്ന ഗുണനിലവാരവും കാര്യക്ഷമതയുമുള്ള വിളക്കുകളാണ് സ്ഥാപിച്ചത്. പ്രദേശങ്ങളുടെ സവിശേഷതകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് റോഡ് ലൈറ്റിങ് ശൃംഖലയുടെ രൂപകല്പന. പാരിസ്ഥിതിക വശങ്ങള് കണക്കിലെടുത്ത് ഉപഭോഗം നിയന്ത്രിക്കുമെന്ന സവിശേഷതയും സേവയുടെ തെരുവു വിളക്ക് ശൃംഖലക്കുണ്ട്. കച്ച പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ ഷാര്‍ജ സിറ്റി നഗരസഭ തയാറാക്കിയ പദ്ധതികളും പുരോഗമിക്കുന്നു. ഇത്തരം സ്ഥലങ്ങളിലേക്ക് ആദ്യ ഘട്ടമായി ഇടവഴി റോഡുകള്‍ സൗകര്യപ്പെടുത്തുന്ന പണി തുടങ്ങി. കച്ച പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഇന്റര്‍ ലോക്ക് പാകുകയും വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ശേഷം ഈ മേഖലകളെ പെയ്ഡ് പാര്‍ക്കിങ് ഏരിയകളാക്കി മാറ്റാനാണ് അധികൃതരുടെ പദ്ധതി.
ഒഴിഞ്ഞ സ്ഥലങ്ങളാണ് കച്ച പാര്‍ക്കിങ് സ്ഥലമായി ഉപയോഗിച്ചു വന്നിരുന്നത്. രാത്രിയില്‍ വിളക്കുകളും മറ്റും ഇല്ലാത്തത് കാരണം ഇവിടെ സാമൂഹ്യ ദ്രോഹികള്‍ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. പരിസര വാസികള്‍ക്ക് ശല്യമേറി വന്നതാണ് കച്ച പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നഗര നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.