
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഇന്‍ഫിനിറ്റി പാലത്തിനോട് ചേര്‍ന്നാണ് പുതിയ പാലം യാഥാര്‍ത്ഥ്യമായത്
ദുബൈ: ദുബൈ ഇന്‍ഫിനിറ്റി പാലത്തിനോട് ചേര്‍ന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ പാലം തുറന്നു. ജുമൈറ സ്ട്രീറ്റിനെ അല്‍ മിന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇന്‍ഫിനിറ്റി ബ്രിഡ്ജനോട് ചേര്‍ന്നുള്ള ഭാഗത്താണ് പ്രധാന പാലം തുറന്നത്. 985 മീറ്റര്‍ വിസ്തീര്‍ണമുള്ള പാലത്തില്‍ രണ്ടു വരികളിലായി മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ശൈഖ് റാഷിദ് റോഡ് സ്ട്രീറ്റില്‍ നിന്നും ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ നിന്നും അല്‍ മിന സ്ട്രീറ്റിലെ ഫാല്‍ക്കണ്‍ ഇന്റര്സെക്ഷന് വരെ 4.8 കിലോമീറ്റര്‍ നീളമുള്ള അല്‍ ഷിന്ദഗ കോറിഡോര്‍ ഇംപ്രൂവ്മെന്റ് പ്രോജക്റ്റിന്റെ നാലാംഘട്ട നിര്‍മാണ ഭാഗമായാണ് പാലം പണിതത്.
പുതിയ പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജുമൈറ സ്ട്രീറ്റില്‍ നിന്ന് അല്‍ മിന സ്ട്രീറ്റ് വഴി ഇന്‍ഫിനിറ്റി പാലത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ സമയം 67% 12 മിനിറ്റില്‍ നിന്ന് 4 മിനിറ്റായി കുറയ്ക്കാനും സഹായകമാകും. ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്താതെ തന്നെ പുതിയ പാലത്തിലൂടെ തടസമില്ലാത്ത ഗതാഗതം നടത്താം.
നാലാം ഘട്ടത്തില്‍ 3.1 കിലോമീറ്റര്‍ നീളമുള്ള അഞ്ച് അധിക പാലങ്ങളും ഉള്‍പ്പെടുന്നുണ്ട്. എല്ലാ പാതകളിലുമായി മണിക്കൂറില്‍ 19,400 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും വിധമാണ് ഇവ രൂപകല്പന ചെയ്തിട്ടുള്ളത്.
ജുമൈറ സ്ട്രീറ്റ്,അല്‍ മിന സ്ട്രീറ്റ്,ശൈഖ് സബാഹ് അല്‍ അഹ്്മദ് അല്‍ ജാബര്‍ അല്‍സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പ്രധാന ഉപരിതല ഇന്റര്‍ സെക്ഷനുകളിലേക്കുള്ള നവീകരണങ്ങള്‍ ഈ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ശൈഖ് റാഷിദ് റോഡിലും അല്‍ മിന സ്ട്രീറ്റിലും കാല്‍നട യാത്രക്കാര്‍ക്കുള്ള രണ്ട് പാലങ്ങളും പദ്ധതിയിലുണ്ട്. 2025 രണ്ടാം പാദത്തില്‍ ഇന്‍ഫിനിറ്റി പാലത്തെ അല്‍ മിന സ്ട്രീറ്റ് വഴി അല്‍ വാസല്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 780 മീറ്റര്‍ നീളമുള്ള മൂന്നു വരി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ മണിക്കൂറില്‍ 4,800 വാഹനങ്ങള്‍ പാലത്തിലൂടെ യാത്ര ചെയ്യാനാകും.