കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കൃത്യമായ മാലിന്യസംസ്കരണത്തിലൂടെ നാഗ്പൂർ മുനിസിപ്പാലിറ്റി (Nagpur municipality) ഒരു വർഷം കൊണ്ട് 300 കോടി രൂപ വരുമാനം നേടുന്നതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). മലിന ജലം സംസ്കരിച്ച് സമീപത്തെ വ്യവസായശാലകള്‍ക്ക് വില്‍ക്കുന്നതിലൂടെയാണ് നാഗ്പൂര്‍ മുന്‍സിപ്പാലിറ്റി പ്രതിവര്‍ഷം 300 കോടി രൂപ വരുമാനമുണ്ടാക്കുന്നതെന്ന് നാഗ്പൂർ ലോക്സഭാ മണ്ഡലം എംപി കൂടിയായ അദ്ദേഹം വെളിപ്പെടുത്തി. മാലിന്യത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണമെന്ന് പറഞ്ഞ അദ്ദേഹം മാലിന്യസംസ്കരണത്തില്‍ സുസ്ഥിരത കൈവരിക്കണമെന്ന് ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 31ന് നാഗ്പൂരില്‍ നടന്ന സ്ഥാനിക് സ്വരാജ്യ സന്‍സ്ത ദിവസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖില ഭാരതീയ സ്ഥാനിക് സ്വരാജ്യ സന്‍സ്തയാണ് പരിപാടി സംഘടിപ്പിച്ചത്. മാലിന്യത്തില്‍നിന്ന് മൂല്യവര്‍ധിത വിഭവങ്ങള്‍ തയ്യാറാക്കി ഒരു സംരംഭമാക്കി വളര്‍ത്തിയ നാഗ്പുരിലെ നൂതനമായ രീതികളെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
ജൈവമാലിന്യം സംസ്കരിച്ച് മീഥേയ്ന്‍ ഉത്പാദിപ്പിക്കുന്ന നൂതന സംരംഭം നാഗ്പൂരില്‍ പുതിയതായി ആവിഷ്കരിച്ചതായും അദ്ദേഹം വിശദീകരിച്ചു. ഈ മീഥേയ്ന്‍ പിന്നീട് ജൈവ ഇന്ധനമാക്കി മാറ്റുകയും നഗരത്തിലെ ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുകയും അതുവഴി സുസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യും. ‘‘നാഗ്പൂരില്‍ ജൈവ ഇന്ധനങ്ങള്‍ ഒരു ബയോ ഡൈജസ്റ്ററിലേക്ക് മാറ്റി മീഥേയ്ന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും,’’ ഗഡ്കരി പറഞ്ഞു. മാലിന്യത്തിന്റെ മൂല്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം മാലിന്യത്തെ വിലപ്പെട്ട ഉത്പന്നങ്ങളാക്കി മാറ്റണമെന്നും ആളുകള്‍ അത് ആവശ്യപ്പെട്ട് തുടങ്ങുമെന്നും പറഞ്ഞു.
സുസ്ഥിരമായ രീതികളില്‍ മാലിന്യം ഉപയോഗപ്പെടുത്തണമെന്ന് ഗഡ്കരി ഇതാദ്യമായല്ല ആഹ്വാനം ചെയ്യുന്നത്. ഡല്‍ഹിയിലെ ഗാസിപൂര്‍, ഓഖ്ല, ഭലാസ്വ എന്നിവടങ്ങളിലെ മാലിന്യം തലസ്ഥാനഗരിയിലെ മൂന്നാമത്തെ റിംഗ് റോഡായ അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ്(യുഇആര്‍)2ന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹം അറിയിച്ചിരുന്നു.