ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
മസ്കത്ത്: പഞ്ചവാദ്യ സംഘത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 23 വെള്ളിയാഴ്ച അല്‍ ഫലജ് ഹോട്ടലില്‍ നടക്കുന്ന മസ്കത്ത് പൂരത്തിന് അരങ്ങൊരുങ്ങി. ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ് ഉദ്ഘാടനം ചെയ്യും നാട്ടില്‍ നിന്നും വരുന്ന പ്രശസ്ത കലാകാരന്മാര് കുട്ടനെല്ലൂര്‍ രാജന് മാരാര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവും ചൊവ്വല്ലൂര്‍ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും നയിക്കുന്ന അറുപതില്‍ പരം കലാകാരന്മാര് അണിനിരക്കുന്ന പഞ്ചാരിമേളവും അരങ്ങേറും. നൂറില്‍ പരം കലാകാരന്മാര് അണിനിരക്കുന്ന ഇന്ത്യയിലെ വിവിധ കലാരൂപങ്ങളും ഒമാനിലെ തദ്ദേശീയ നൃത്ത സംഗീതവും നടക്കും. ലോകപ്രശസ്തനായ ഡ്രംമ്മര് ശിവമണി അവതരിപ്പിക്കുന്ന മാജിക്കല്‍ പെര്‍ഫോമന്‍സ് എന്നിവയാണ് പ്രധാന പരിപാടികള്‍. 3 മണിമുതല്‍ തുടങ്ങുന്ന മസ്കത്ത് പൂരത്തിനു പ്രവേശനം സൗജന്യമാണു. അനന്തപുരി ഹോട്ടലില്‍ നടന്ന പത്ര സമ്മേളനത്തില്‍ മസ്കത്ത് പഞ്ചവാദ്യസംഘം ആശാന് തിച്ചൂര്‍ സുരേന്ദ്രന് കോ ഓഡിനേറ്റര്‍ മനോഹരന് ഗുരുവായൂര്‍, രതീഷ് പട്യാത്ത്, വാസുദേവന്‍ തളിയറ തുടങ്ങിയാര്‍ സംസാരിച്ചു. രവി പാലിശ്ശേരി, സുരേഷ് ഹരിപ്പാട്, ചന്തു മിറോഷ്, രാജേഷ് കായംകുളം, അജിത്കുമാര്‍, വിജി സുരേന്ദ്രന്, അനിത രാജന് പങ്കെടുത്തു.