കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ന്യൂഡൽഹി ∙ ഇംഗ്ലിഷിനൊപ്പം മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതൽ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മിഷനാണ് (എൻഎംസി) പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിർദേശം. മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം മുതൽ അവതരിപ്പിച്ചിരുന്നു. പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാർഥികൾക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഎംസിയുടെ നയംമാറ്റം.
ഇംഗ്ലിഷിൽ മാത്രമേ എം ബി ബി എസ് പഠനം നടത്താവൂ എന്നതായിരുന്നു 2021 നു മുൻപ് എൻഎംസിയുടെ നയം. അതേസമയം, പ്രാദേശിക ഭാഷകളിലുള്ള പഠനം നിലവാരത്തെ ബാധിക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പിജി പഠനത്തിനു വേണ്ടി പൊതു പരീക്ഷയെഴുതി മറ്റു സ്ഥലങ്ങളിൽ പ്രവേശനം നേടാനും അയൽ സംസ്ഥാനങ്ങളിൽ ജോലി നേടാനുമെല്ലാം ഇതു തടസ്സമായി മാറുമെന്നും അഭിപ്രായമുണ്ട്.
മികവ് കൂട്ടാൻ ‘അറ്റ്കോം’
ഡോക്ടർമാരുടെ പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘അറ്റ്കോം’ (ആറ്റിറ്റ്യൂഡ്, എത്തിക്സ് ആൻഡ് കമ്യൂണിക്കേഷൻ) എന്ന പുതിയ കോഴ്സും ഈ വർഷം മുതൽ എംബിബിഎസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. രോഗീപരിചരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, ആതുരസേവന–ഗവേഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, രോഗികൾ, അവരുടെ കുടുംബങ്ങൾ, ആതുരസേവന മേഖലയിലെ സഹപ്രവർത്തകർ എന്നിവരുമായി മികച്ച ആശയവിനിമയം, പരമ്പരാഗത ചികിത്സാരീതികളുടെ നേട്ടവും ദോഷങ്ങളും, ഔദ്യോഗിക ജീവിതത്തിലെ വിവിധ സന്ദർഭങ്ങളോട് എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങളാകും വിദ്യാർഥികൾ പഠിക്കുക.