ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
ഷാര്‍ജ : സമുദ്ര പൈതൃകത്തോടുള്ള ഷാര്‍ജയുടെ പ്രതിബദ്ധത പരിചയപ്പെടുത്തി ഖോര്‍ഫുക്കാനില്‍ മറൈന്‍ ഫെസ്റ്റിവല്‍. ഷാര്‍ജ അന്താരാഷ്ട്ര മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബാണ് ഫെസ്റ്റിവല്‍ സംഘാടിപ്പിക്കുന്നത്. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. സമുദ്ര സംസ്കാരത്തിന്റെ പ്രചാരണവും ആഘോഷവുമാണ് ഖോര്ഫുക്കാന് മറൈന്‍ ഫെസ്റ്റിവല്‍.
പരമ്പരാഗത സമുദ്രോപകരണങ്ങള്,കപ്പല്‍ നിര്‍മാണം,വല നെയ്ത്,ഗാര്ഗൂര് നിര്‍മാണം തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരം ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുണ്ട്. സായാഹ്നങ്ങളില്‍ വൈവിധ്യമാര്‍ന്ന വിനോദ-വിജ്ഞാന പരിപാടികളും അരങ്ങേറുന്നു. മത്സ്യബന്ധന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും പോരാട്ടം കാണുന്നതിനും നിരവധി പേരാണെത്തുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സജീവ സാന്നിധ്യം ഫെസ്റ്റിവല്‍ നഗരിയിയിലെ വേറിട്ട കാഴ്ചയാണ്. യുഎഇ ഷവാഹിഫ് ചാമ്പ്യന്‍ഷിപ്പ്,ഫോര്‍മുല ഫോര്‍ മത്സരം, ആധുനിക ഒളിമ്പിക്,റോയിങ്,കയാക്കിങ് ഇവന്റുകളും വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇനങ്ങളാണ്.
രാജ്യത്തിന്റെ സാംസ്കാരിക പ്രകടനങ്ങളും പൈതൃക പ്രദര്‍ശനങ്ങളും പാരമ്പര്യത്തിന്റെ ഓര്മ പുതുക്കലുമായി മറൈന്‍ മേള പുരോഗമിക്കുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച സജയ ഗേള്‍സിന്റെ ‘പേള്‍സ് ഇന്‍ ദി ഹാര്‍ട്ട് ഓഫ് എമിറേറ്റ്സ്’, ‘ഖോര്ഫുക്കാന് മറൈന്‍ ലൈഫ് സിമുലേറ്റിങ്’ തുടങ്ങിയ പരിപാടികളും ശ്രദ്ധേയമാണ്. പരമ്പരാഗത മത്സ്യ അനുബന്ധ വ്യവസായങ്ങള്‍,മറൈന്‍ മ്യൂസിയങ്ങള്‍,പൈതൃക ഭക്ഷ്യ വ്യാപാര ഉത്പന്നങ്ങള്‍ തുടങ്ങിയവക്കായി പ്രത്യേകം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ആവേശകരമായ സമുദ്ര കായിക വിനോദങ്ങള്‍,പരമ്പരാഗത കരകൗശല വസ്തുക്കള്‍, സാംസ്കാരിക ഇനങ്ങള്‍ തുടങ്ങിയവ ആസ്വദിക്കാനുള്ള അവസരവും ഫെസ്റ്റിവല്‍ നല്കുന്നു.
യൂഎഇയുടെ സമ്പന്നമായ ചരിത്രം മത്സ്യ ബന്ധന മേഖലയുമായി ഇഴചേര്‍ന്നതാണെന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബ് ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. സമുദ്ര സംസ്കാരത്തിന്റെ വിളംബരവും പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലുമാണ് മറൈന്‍ ഫെസ്റ്റിവല്‍. സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായി സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിക്കുന്നതില്‍ ഷാര്‍ജയുടെ പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുന്നതാണ് മേളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി അഞ്ചിന് ഫെസ്റ്റിവല്‍ സമാപിക്കും. പ്രവേശനം സൗജന്യമാണ്.