റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
ഷാര്‍ജ : വാടക മുറി കരാര്‍ റദ്ദാക്കുക്കുതില് അശ്രദ്ധ കാണിച്ച മലയാളിക്ക് വന്‍തുക പിഴ. നാട്ടിലേക്കുള്ള യാത്ര മുടങ്ങിയെന്ന് മാത്രമല്ല കനിവിനായി കാര്യാലയങ്ങള്‍ കയറി ഇറങ്ങുകയാണ് നിലമ്പൂര്‍ സ്വദേശി. വാടക മുറി ഒഴിയുമ്പോള്‍ നഗരസഭയില്‍ വാടക കരാര്‍ റദ്ദാക്കിയിരിക്കണമെന്ന ചട്ടം ശ്രദ്ധിക്കാത്തതിനാല്‍ നിരവധി പേര് കുടുക്കിലായ വാര്‍ത്ത ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ‘ഗള്‍ഫ് ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന വിഷയത്തില്‍ പിഴയും കേസുമായി വലഞ്ഞ നിരവധി പേരാണ് ‘ഗള്‍ഫ് ചന്ദ്രിക’യുമായി ബന്ധപ്പട്ട് പരിഹാര മാര്‍ഗത്തിനായി സഹായം അഭ്യര്‍ത്ഥിക്കുന്നത്.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ എം.ടി അബൂബക്കര്‍ 2014 തുടക്കത്തില്‍ ഷാര്‍ജ മുസല്ല ഏരിയയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സി മുഖേന സ്റ്റുഡിയോ ഫ്ളാറ്റ് എടുത്തിരുന്നു. വര്‍ഷം 14,000 ദിര്‍ഹമായിരുന്നു വാടക. മൂന്ന് വര്‍ഷത്തെ താമസത്തിന് ശേഷം 2017ല്‍ ഫ്ളാറ്റ് ഒഴിഞ്ഞു. എല്ലാ ഇടപാടുകളും കൃത്യമായി തീര്‍ത്തതിനാല്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഷാര്‍ജ നഗരസഭയിലെ വാടക കരാര്‍ റദ്ദാക്കിയിരുന്നില്ല. നാട്ടില്‍ മാതാവിന് കലശലായ അസുഖമായതിനാല്‍ പൊടുന്നനെ നാട്ടിലേക്ക് പോയി വരികയും ചെയ്തു. പ്രത്യേകിച്ച് കുഴപ്പങ്ങളോ, തടസ്സങ്ങളോ അനുഭവപ്പെടാത്തതിനാല്‍ ഇക്കാര്യത്തില്‍ വലിയ കണിശത ഉണ്ടാവില്ല എന്ന കണക്ക് കൂട്ടലിലായിരുന്നു. ഒരു തവണ വിസ പുതുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്തു. 2023 നവംബറില്‍ വിസ വീണ്ടും പുതുക്കാന്‍ ശ്രമിച്ചപ്പോള്‍ അപേക്ഷ സ്വീകരിക്കാത്ത അവസ്ഥ. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മുസല്ലയിലെ ഒഴിഞ്ഞ് കൊടുത്ത ഫ്ളാറ്റുമായി ബന്ധപ്പെട്ട് നഗരസഭ വാടക തര്‍ക്ക പരിഹാര കോടതിയില്‍ കേസുണ്ടായിരുന്നതായും ഈയിടെ കേസില്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു എന്ന വിവരം അറിയുന്നത്. എന്നാല്‍ കേസ് സംബന്ധിച്ച ഒരു വിവരവും തനിക്ക് ലഭിച്ചിരുന്നില്ല എന്ന് അബൂബക്കര്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് ഏജന്‍സി നല്കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ ഹാജരാക്കി കരാര്‍ റദ്ദാക്കാതിരുന്നതാണ് കേസിനും നിയമ നടപടിക്കും കാരണമായത്. കരാര്‍ റദ്ദാക്കാത്തത് കാരണം നഗരസഭയുടെ ചട്ട പ്രകാരം പ്രസ്തുത ഫ്ളാറ്റ് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലാണ്. അത് കൊണ്ട് തന്നെ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിക്ക് ഈ ഫ്ളാറ്റ് മറ്റൊരാള്‍ക്ക് എഗ്രിമെന്റ് ചെയ്തു വാടകക്ക് കൊടുക്കാനാകുമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 80,300 ദിര്‍ഹം നഗരസഭ കോടതി പിഴ വിധിച്ചതായി മനസ്സിലായി. ഇന്റീരിയല്‍ ഡക്കറേഷന് ജോലിയുമായി കഴിഞ്ഞ് കൂടിയിരുന്ന അബൂബക്കറിന് ഇത്രയും വലിയ തുക പിഴയടക്കാനുള്ള നിര്‍വ്വാഹമുണ്ടായിരുന്നില്ല. ഇത് കാരണം വിസ പുതുക്കുന്നതും അനിശ്ചിതമായി വൈകി, താമസിയാതെ രാജ്യത്ത് അനധികൃത താമസക്കാരനായി. ഇതിനിടക്ക് ഒരു പ്രാവശ്യം സിഐഡി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കുടുങ്ങി, 20 ദിവസം ജയിലിലുമായി. പാസ്പ്പോര്‍ട്ട് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. യാത്ര നിരോധനം കൂടി ആയതിനാല്‍ നാട്ടിലേക്കുള്ള പോക്കും മുടങ്ങി. മാതാവിന്റെ രോഗം മൂര്‍ഛിച്ച സമയത്ത് പോലും വീടണയാനുള്ള ആഗ്രഹം തടസ്സപ്പെട്ടു. ഇത്രയും വലിയ സംഖ്യ എങ്ങിനെ അടച്ചു തീര്‍ക്കുമെന്നറിയാതെ സഹായം തേടി നഗരസഭ ഓഫീസും നഗരസഭയുടെ സര്‍വ്വീസ് കേന്ദ്രങ്ങളും കയറി അലയുകയാണ് അബൂബക്കര്‍. നാട്ടില്‍ മദ്രസ അധ്യാപകനായിരുന്നു. മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചാണ് വിമാനം കയറിയത്. പലവിധ ജോലികള്‍ ചെയ്തു, കച്ചവടം നടത്തി, അല്ലലില്ലാതെ കഴിയുന്നതിനിടെയാണ് ചെറിയ ഒരു അശ്രദ്ധ മൂലം ഇത്രയും വലിയ പൊല്ലാപ്പിലായത്. പ്രശ്ന പരിഹാരത്തിനായി റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയുടെ സഹായം തേടിയെങ്കിലും അവരും കൈമലര്‍ത്തി. വിധി പറഞ്ഞ ജഡ്ജിക്ക് മുന്നില്‍ സങ്കടങ്ങള്‍ നിരത്തി ഹരജി നല്‍കാനുള്ള നീക്കത്തിലാണ് അബൂബക്കറിപ്പോള്. അറിഞ്ഞ് കൊണ്ട് ആരെയും പറ്റിച്ചിട്ടില്ല അത് കൊണ്ട് തന്നെ എന്റെ ആവലാതിയില്‍ എനിക്ക് അനുകൂലമായി തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ്-അബൂബക്കര്‍ പറഞ്ഞു നിര്‍ത്തി. ഇത്തരത്തില്‍ വാടക ഫ്ളാറ്റില്‍ നിന്നും താമസം ഒഴിയുന്നതോടെ രക്ഷപ്പെട്ടു എന്ന് കരുതി മറ്റു റൂമുകളിലേക്ക് ചേക്കേറിയവര്‍ക്ക് നാട്ടിലേക്കുള്ള യാത്ര സമയത്തും, വിസ പുതുക്കുന്ന വേളയിലും, വഴിയില്‍ സി.ഐ.ഡി പരിശോധനയില്‍ പെടുന്ന നേരത്തുമെല്ലാമാണ് കഴുത്തില്‍ നിയമക്കുരുക്ക് വീണ വിവരമറിയുന്നത്. വ്യക്തിഗത രേഖകളും ബാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഗ്യാരണ്ടിയും നല്‍കിയാണ് കെട്ടിട ഉടമകളില്‍ നിന്ന് നേരിട്ടോ, റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ മുഖേനയോ താമസത്തിന് ഫ്ളാറ്റുകളെടുക്കുന്നത്. ജോലി നഷ്ടപ്പെടുക പോലുള്ള കാരണത്താല്‍ വരുമാനം നിലക്കുകയോ കുറയുകയോ ചെയ്താല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഫ്ളാറ്റൊഴിവാക്കി താമസം മാറുന്ന പ്രവണത നടപടികള്‍ ക്ഷണിച്ച് വരുത്തുന്നു. ഇതേ സ്വഭാവത്തിലുള്ള കേസുകളില്‍ പലരുടെയും പിഴ സംഖ്യ ലക്ഷം ദിര്‍ഹമിനും മുകളിലാണ്. വാടക തര്‍ക്ക കേസ് നടപടികളില്‍ പിഴ അടക്കലില്‍ കുറഞ്ഞ ഒരുവിധ ഒത്തു തീര്‍പ്പിനും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും കെട്ടിട ഉടമകളും സന്നദ്ധരാവുന്നില്ല. കാരണം നിയമ നടപടി നീണ്ട് പോവുന്ന വര്‍ഷങ്ങളത്രയും ഫ്ളാറ്റുകള്‍ മറ്റൊരാള്‍ക്ക് മറിച്ചു നല്കാനാവാതെ അടച്ചിടേണ്ടി വരുന്നതാണ് കെട്ടിട ഉടമകളെ നിലപാട് കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുന്നത്.