ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
തിരുവനന്തപുരം : സൂപ്പര്‍ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പന്‍സ് – മലപ്പുറം എഫ്സി അവേശക്കളി സമനിലയില്‍. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ പങ്കുവെച്ച് പിരിഞ്ഞു. മലപ്പുറത്തിനായി അലക്സിസ് സാഞ്ചസും കൊമ്പന്‍സിനായി പകരക്കാരന് വൈഷ്ണവും സ്കോര്‍ ചെയ്തു.
ബ്രസീലിയന്‍ താരങ്ങളെ നായകസ്ഥാനം ഏല്‍പ്പിച്ചാണ് ഇന്നലെ ഇരുടീമുകളും കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയുടെ അഭാവത്തില്‍ ആള്‍ഡലിര്‍ മലപ്പുറത്തെയും പാട്രിക് മോട്ട തിരുവനന്തപുരത്തെയും നയിച്ചു. പരിക്കിനെ തുടര്‍ന്ന് സീസണ് നഷ്ടമായ ബുജൈറിന്റെ ജഴ്സിയുമായാണ് മലപ്പുറം ടീം മത്സരത്തിന് മുന്‍പ് ഫോട്ടോക്ക് പോസ് ചെയ്തത്.
കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മലപ്പുറം താരം അജയ് കൃഷ്ണന് പരിക്കേറ്റ് പുറത്ത് പോയി. പകരമെത്തിയത് ജാസിം. ആദ്യ പതിനഞ്ച് മിനിറ്റിനിടെ അഞ്ച് കോര്‍ണറുകള്‍ നേടാന്‍ മലപ്പുറത്തിന് സാധിച്ചു. നിരന്തരം എതിര്‍കോട്ട ആക്രമിച്ച ബാര്‍ബോസ, ഫസലു, അലക്സിസ് സാഞ്ചസ് എന്നിവര്‍ക്കൊന്നും പക്ഷേ സന്ദര്‍ശകര്‍ക്കായി അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല. ഇരുപത്തിയേഴാം മിനിറ്റില്‍ മലപ്പുറത്തിന് വീണ്ടും ഒരു കളിക്കാരനെ നഷ്ടമായി. പരിക്കേറ്റ് നന്ദു കൃഷ്ണ മടങ്ങിയപ്പോള്‍ പകരമെത്തിയത് നവീന്‍ കൃഷ്ണ.
മുപ്പത്തിയൊന്നാം മിനിറ്റില്‍ മലപ്പുറം ഗോള്‍ നേടി. പത്താം നമ്പര്‍ താരം ജോസബ മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി നല്കിയ പന്ത് അലക്സിസ് സാഞ്ചസ് ഓടിയെത്തിയ കൊമ്പന്‍സ് ഗോളി പവന് കുമാറിന്റെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് കോരിയിട്ടു (1-0). ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ഡവി കൂന്, സീസണ് എന്നിവരുടെ നേതൃത്വത്തില്‍ കൊമ്പന്‍സ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും നിരന്തരം വന്ന മിസ് പാസുകള്‍ അവര്‍ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സീസണിന് പകരം ഗണേശന്, കൂനിന് പകരം മാര്‍ക്കോസ് എന്നിവരെ ഇറക്കി കൊമ്പന്‍സ് ആക്രമണം കനപ്പിച്ചു. തുടര്‍ച്ചയായി മലപ്പുറത്തിന്റെ ഹാഫില്‍ അപകടം മണത്തു. ഇടയ്ക്ക് കളിക്കാര്‍ തമ്മിലുള്ള കൈയ്യാങ്കളിക്കും സ്റ്റേഡിയം സാക്ഷിയായി. എഴുപതാം മിനിറ്റില്‍ മലപ്പുറം ഗുര്‍ജീന്ദര്‍, മാന്‍സി എന്നിവരെ കളത്തിലിറക്കി. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ കൊമ്പന്‍സ് സമനില നേടി. കോര്‍ണറില്‍ നിന്ന് വന്ന പന്ത് മലപ്പുറം പോസ്റ്റിലേക്ക് അടിച്ചുകയറ്റി പകരക്കാരന് വൈഷ്ണവ് ആണ് ആതിഥേയര്‍ക്ക് സമനില നല്‍കിയത് (1-1).
ലീഗ് അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആറ് പോയന്റുള്ള കൊമ്പന്‍സ് നാലാമത്. അഞ്ച് പോയന്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്ത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കളിയില്ല. ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ നേരിടും.