
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
റിയാദ്: പരിശുദ്ധ റമസാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ ഇരു ഹറമുകളിലും വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അനുഗ്രഹങ്ങളുടെ വസന്തകാലമായ റമസാനിന്റെ പുണ്യം നേടാന്‍ വേണ്ടി രാജ്യത്തിനകത്തും പുറത്തു നിന്നുമായി ജനലക്ഷങ്ങളാണ് ഇരു ഹറമുകളിലേക്കും ഒഴുകിയെത്തുന്നത്. മക്കയിലും മദീനയിലേക്കുമായി എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഇരുഹറമുകളുടെയും പരിപാലന കാര്യാലയത്തിനു കീഴിലെ എല്ലാ വകുപ്പുകള്‍ക്കു കീഴിലും വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പ്രതിദിനം റമസാനില്‍ 10 ലക്ഷത്തിലധികം പേര് ഹറമിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം രാവിനെ പകലാക്കി മാറ്റുന്ന റമസാനില്‍ രാജ്യത്തുടനീളമുള്ള മസ്ജിദുകളിലൂം ജനം നിറഞ്ഞൊഴുകുകയാണ്. വൃതമെടുത്തും രാത്രികാല നമസ്കാരമടക്കം നിരന്തരമായി പ്രാര്‍ത്ഥനയില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നല്‍കിയും മനസും ശരീരവും സ്ഫുടം ചെയ്തെടുക്കുന്ന വിശ്വാസികള്‍ക്ക് റമസാന്‍ അവരുടെ ജീവിതത്തില്‍ വന്നുപോയ തെറ്റുകുറ്റങ്ങളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങാനുള്ള അവസരം കൂടിയാണ്. അതിനാല്‍ ഉംറയും മദീനാ സിയാറത്തും നിര്‍വഹിക്കാന്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ലക്ഷങ്ങളാണ് റമസാനില്‍ ഇവിടെയെത്തുന്നത്. പതിവു പോലെ റമസാനിലെ അവസാന പത്തില്‍ ഇരു ഹറമുകളും ജനസാഗരമായി മാറും. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മക്കയിലും മദീനയിലും ഇരുഹറം പരിപാലന കാര്യാലയങ്ങള്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മക്ക ഹറമില്‍ റമസാനില്‍ ഇഫ്താറിന് ഏകദേശം 56 ലക്ഷം ഭക്ഷണ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. നമസ്കാര വിരിപ്പുകള്‍,സംസം വാട്ടര്‍ കണ്ടെയ്നറുകള്‍,ഉന്തുവണ്ടികള്‍,ഹെഡ്ഫോണുകള്, തീര്‍ത്ഥാടകരുടെ യാത്രക്കായി ഇലക്ട്രിക് എക്സലേറ്ററുകള്‍,ലിഫ്റ്റുകള്‍,ഗോള്‍ഫ് വണ്ടികള്‍ അടക്കം വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 11,000ത്തിലധികം ജീവനക്കാരും, 1,20,000 ലധികം ലൈറ്റിങ് യൂനിറ്റുകളും ഇവിടെ സജ്ജമാണ്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘങ്ങളുടെയും സഹകരണത്തോടെയാണ് ഇഫ്താര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഹറമിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ സ്ഥലങ്ങള്‍ നമസ്കാരത്തിന് വേണ്ടി തുറന്നുകൊടുത്തത് മൂലം കൂടുതല്‍ ആളുകള്‍ക്ക് പ്രാര്‍ത്ഥനക്ക് സൗകര്യം ലഭിച്ചു. മസ്ജിദുന്നബവിയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ നടക്കുന്ന ഇഫ്താറിലും ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ് മസ്ജിദുന്നബവി കാര്യാലയ ഏജന്‍സിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് നോമ്പ് തുറക്കാന്‍ ഹറമില്‍ പ്രത്യേക സ്ഥലം അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും തറാവീഹ് നമസ്കാരത്തിനും ലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. മസ്ജിദുല്‍ ഹറമില്‍ ശൈഖ് അബ്ദുറഹ്മാന് അല്‍ സുദൈസ്,ശൈഖ് അബ്ദുല്ല ജുഹാനി,ശൈഖ് അല്‍ വലീദ് അല്‍ ഷംസാന് എന്നിവരും മസ്ജിദുന്നവബിയില് ശൈഖ് അഹ്മദ് താലിബ് ഹമീദ്,ശൈഖ് അബ്ദുല്‍ മുഹ്സിന് അല്‍ഖസിം എന്നിവരാണ് തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത്.ഇഅ്തികാഫ് ഇരിക്കാന്‍ റമസാന്‍ അഞ്ചു മുതല്‍ ഇരുഹറമുകളിലും പ്രത്യേക രജിസ്ട്രേഷന് ഒരുക്കിയിട്ടുണ്ട്. റമസാന്‍ 20 മുതല്‍ 30 വരെയാണ് ഇഅ്തികാഫിരിക്കാന്‍ അവസരം ലഭിക്കുക.
ഉംറ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തല മുണ്ഡനം ചെയ്യാനും മുടി വെട്ടാനും മൊബൈല്‍ ബാര്‍ബര്‍ ഷോപ്പ് സേവനവും പരീക്ഷാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം വിശുദ്ധ ഹറമുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ ഫോട്ടോയെടുത്ത് സമയം പാഴാക്കുന്നത് ഒഴിവാക്കണമെന്നും ഹറമിലെത്തുന്നത് പ്രാര്ത്ഥനക്കാണെന്ന ബോധം ഉണ്ടാവണമെന്നും ഹറാം മതകാര്യ വകുപ്പ് മേധാവി ഡോ.അബ്ദുറഹ്മാന് അല്‍ സുദൈസ് ഉണര്‍ത്തി. ഇതിനിടെ റിയാദിലെ അല്‍യമാമ കൊട്ടാരത്തിലെത്തിയ സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖിനെയും രാജകുമാരന്മാരെയും പണ്ഡിതന്മാരെയും മന്ത്രിമാരെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് സ്വീകരിച്ചു. നോമ്പും പ്രാര്‍ത്ഥനകളും അല്ലാഹു സ്വീകരിക്കട്ടെയെന്നും വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരന് സല്മാന് രാജാവിന്റെ നേതൃത്വത്തില്‍ രാജ്യം സുരക്ഷയും സ്ഥിരതയുമുള്ളതാക്കി മുന്നേറാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും കിരീടാവകാശി പ്രാര്‍ത്ഥിച്ചു.