
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
കുവൈത്ത് സിറ്റി: പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് സഊദി അറേബ്യയുമായും ഇറാഖുമായും അതിര്‍ത്തി പങ്കിടുന്ന പെട്രോളിയം നിക്ഷേപത്താല്‍ സമ്പന്നമായ ഒരു കൊച്ചു രാജ്യമായ കുവൈത്ത് ഇന്ന് അറുപത്തിനാലാം ദേശീയദിനം കൊണ്ടാടുകയാണ്. പുരാതനകാലത്ത് മത്സ്യത്തൊഴിലാളികള്‍ മാത്രം വസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുവൈത്ത്,കടല്‍ തീരത്തെ കോട്ട എന്നര്‍ത്ഥം വരുന്ന ‘അല്‍ കൂത്ത്’ എന്ന അറബി വാക്കില്‍ നിന്നാണ് ആ രാജ്യത്തിന് കുവൈത്ത് എന്ന പേരു ലഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് കുവൈത്ത് അഭിവൃദ്ധി പ്രാപിച്ചുവന്നത്. ഇന്ത്യ,മസ്ക്കത്ത്,ബഗ്ദാദ് എന്നീ രാജ്യങ്ങളുമായി ചരക്ക് നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി അക്കാലത്ത് കുവൈത്ത് മാറി. എണ്ണയുടെ കണ്ടെത്തലോടെ കുവൈത്ത് ലോകശ്രദ്ധയിലേക്ക് വന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രം കുവൈത്ത് ആണെന്നു പറയാം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ഉള്ള ഭരണഘടനാപരമായി രാജഭരണം നില്ക്കുന്ന ഒരു രാജ്യം കൂടിയാണ് കുവൈത്ത്. 1961ല്‍ ആണ് കുവൈത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികമായാണ് കുവൈത്ത് ഫെബ്രുവരി 25ന് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഈ സംഭവത്തിന് കൃത്യം മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1991 ഫെബ്രുവരി 26 നാണ് ഇറാഖ് അധിനിവേശത്തില്‍ നിന്ന് കുവൈത്ത് മോചിതരാകുന്നത്. ഇതിന്റെ ഓര്മക്കാണ് ഫെബ്രുവരി 26 വിമോചന ദിനമായി ആചരിക്കുന്നത്.
പുരാതനകാലം തൊട്ട് ഇന്ത്യയുമായി വളരെ നല്ല ബന്ധം സൂക്ഷിച്ച് പോരുന്ന കുവൈത്തില്‍ 1960 മുതല്‍ തന്നെ മലയാളികള്‍ ചേക്കേറാന്‍ തുടങ്ങിയിരുന്നുവെന്ന് പല പഠന റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്നുള്ള രേഖകളുമുണ്ട്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യ ഗവണ്മെന്റ് സ്വന്തമായി ഏറ്റടുത്ത സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് കുവൈത്തില്‍ ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട് എന്നാണ് കണക്ക്. അതില്‍ പകുതിയിലധികം മലയാളികളുമാണ്. അറബി ഔദ്യോഗിക ഭാഷയായുള്ള കുവൈത്തില്‍ ഏകദേശം 99% മുസ്ലിംകളാണ്. അവരില്‍ 70% സുന്നികളും 30% ഷിയ ആശയക്കാരുമാണ്. രാജ്യത്തിന്റെ കറന്‍സി കുവൈത്ത് ദിനാര്‍ ആണ്. ലോകത്തിലെ ഏറ്റവും ശക്തമായ കറന്സികൂടിയാണ് കുവൈത്ത് ദിനാര്‍. കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച കുവൈത്ത് ടവറുകള്‍ രാജ്യത്തിന്റെ പ്രധാന ആകര്‍ഷമാണ്. കുവൈത്തിന്റെ തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് ടവറുകളില്‍ പ്രധാന ടവറിനു 187 മീറ്റര്‍ ഉയരമുണ്ട്. ജീവകാരുണ്യ രംഗത്ത് കുവൈത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏവരാലും പ്രശംസ പിടിച്ചു പറ്റിയതാണ്. കുവൈത്ത് മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ജാബിര്‍ അല്സബാഹിന് ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനുള്ള ഉദാരമായ ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ ‘അമീറുല്‍ ഇന്‍സാനിയ’ (ഹ്യുമാനിറ്റേറിയന്‍ ലീഡര്‍) എന്ന ബഹുമതി നല്കി ആദരിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സൗത്തേഷ്യന്‍ രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇപ്പോഴും കുവൈത്തിന്റെ കാരുണ്യസ്പര്‍ശം ലഭിച്ച് കൊണ്ടിരിക്കുന്നു.
മലയാളികളടക്കമുള്ള വലിയ ഒരു ശതമാനം ഇന്ത്യക്കാരുടെ വളര്‍ത്തുനാടായ കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ശക്തിപകരാന്‍ കേരളക്കരയില്‍നിന്നുള്ള പ്രവാസികളും മുന്നില്‍ തന്നെ ഉണ്ട്. ദേശീയവിമോചന ദിനങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്ന കുവൈത്ത് ജനതക്ക് അഭിവാദ്യങ്ങള്‍ നേരാം.