27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : സ്മാര്‍ട്ട് കാര്‍ഷിക മേഖലയില്‍ മിഡിലീസ്റ്റ് രാജ്യങ്ങളുമായി സഹകരിക്കാനും യുഎഇയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും റിപ്പബ്ലിക് ഓഫ് കൊറിയയിലെ കൃഷി ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എമിറാത്തി,കിഴക്കന്‍ ഏഷ്യന്‍ മാധ്യമ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊറിയയിലെ കൃഷി,ഭക്ഷ്യ,ഗ്രാമകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോഗത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജന്‍സി നല്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇയുടെ നിരവധി നേട്ടങ്ങള്‍ കൊറിയന്‍ കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥര്‍ എടുത്തുപറഞ്ഞു.
സുസ്ഥിരമായ പാരിസ്ഥിതിക കാര്യക്ഷമത കൈവരിക്കാന്‍ ശ്രമിക്കുന്ന സ്മാര്‍ട്ട് കൃഷിയില്‍ സഹകരണം വികസിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിള ഉത്പാദനം ത്വരിതപ്പെടുത്താനും വര്‍ധിപ്പിക്കാനും ശേഷിയുള്ള സ്മാര്‍ട്ട് കൃഷിയില്‍ യുഎഇയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തന്റെ രാജ്യം ഉറ്റുനോക്കുന്നുവെന്ന് റിപ്പബ്ലിക് ഓഫ് കൊറിയയുടെ കൃഷി,ഭക്ഷ്യ,ഗ്രാമകാര്യ മന്ത്രാലയം വക്താവ് സിയുങ്ഹോ ചോയ് പറഞ്ഞു. ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍,പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സ്മാര്‍ട്ട് കൃഷിക്ക് സാധ്യമാകും. സാങ്കേതികവിദ്യ നല്കുന്ന വിശാലമായ ഡാറ്റയില്‍ നിന്ന് സ്മാര്‍ട്ട് കൃഷിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനാകും. കൊറിയന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ യുഎഇ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ യുഎഇയുമായി അടുത്ത സഹകരണത്തിന്റെ പ്രാധാന്യം കൃഷി, ഭക്ഷ്യ, ഗ്രാമകാര്യ മന്ത്രാലയത്തിലെ കൊറിയ നാഷണല്‍ ഫുഡ് ക്ലസ്റ്റര്‍ ഡിവിഷന് ഡയരക്ടര്‍ കിം ഷിന്ജെയും എടുത്തുപറഞ്ഞു. യുഎഇയില്‍ കൊറിയന്‍ ഉത്പന്നങ്ങള്‍ക്കുള്ള വലിയ ഡിമാന്റും അദ്ദേഹം ചൂണ്ടിക്കാട്ടി, ഇത് രാജ്യത്തിന്റെ പുതിയ പച്ചക്കറികള്‍,പഴങ്ങള്‍,മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള വിപണികളിലേക്ക് പ്രവേശിക്കാന്‍ അനുയോജ്യമായ അവസരങ്ങളോടെ, അന്താരാഷ്ട്ര വിപണികളിലേക്കുള്ള കൊറിയന്‍ ഫാം കയറ്റുമതിയുടെ സമീപകാല വളര്‍ച്ചയ്ക്ക് യുഎഇയുമായുള്ള സഹകരണം ഗുണം ചെയ്തതായി സംഘമിയോണ് ഫാമിന്റെ സിഇഒ ടെ ഹൂണ്‍ ക്വോണ്‍ പറഞ്ഞു. യുഎഇയിലും മറ്റ് പ്രാദേശിക വിപണികളിലും കൊറിയന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്റ്് പ്രാദേശിക ഫാമുകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ഓഫ് കൊറിയ യുഎഇയുടെ പ്രാദേശികമായും ആഗോളമായും പ്രധാന വ്യാപാര പങ്കാളികളില്പ്പെട്ട രാജ്യമാണ്. കൃഷി,ഊര്‍ജം,കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി,അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാരം, സാങ്കേതിക വിദ്യ,വ്യവസായം തുടങ്ങിയ നിരവധി മേഖലകളില്‍ യുഎഇയുമായി കൊറിയയുടെ സഹകരണം ശക്തമാണ്.