
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കൊച്ചിനഗരം മാറിക്കൊണ്ടേയിരിക്കുകയാണ് ; അവിടുത്തെ രാത്രി ജീവിതവും.
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചി ഇപ്പോൾ മറ്റു മെട്രോ നഗരങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. എടുത്തു പറയേണ്ടത് ഇവിടുത്തെ രാത്രി ജീവിതമാണ്. നഗരങ്ങളിൽ പലയിടങ്ങളിലും രാത്രി, പകലുപോലെ ആയിക്കഴിഞ്ഞിരിക്കുന്നു.
ജില്ലാ ഭരണകൂടത്തിൻ്റെയും ജിസിഡിഎയുടെയും സഹകരണത്തോടെ ബ്രോഡ്വേ, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവ്, ഫോർഷോർ റോഡ്, ദർബാർ ഹാൾ, പാർക്ക് അവന്യൂ എന്നിവിടങ്ങളിൽ നൈറ്റ് ലൈഫ് സോണുകൾ നിർദേശിക്കുന്ന കൊച്ചി നഗരസഭയുടെ പുതിയ പദ്ധതിയിലൂടെ നഗരത്തിൻ്റെ നൈറ്റ് ലൈഫ് എന്ന പദ്ധതിക്ക് ഉടൻ തുടക്കമാകും. തിരഞ്ഞെടുത്ത ഈ സോണുകളിൽ മൊബൈൽ ഫുഡ് കിയോസ്കുകൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവക്കുള്ള സജ്ജീകരണമുണ്ടാകും. രാത്രി ജീവിതത്തിനുള്ള ക്രമീകരണങ്ങൾ സജ്ജമാകുന്നതോടെ ഈ സ്ഥലങ്ങൾ നഗരത്തിലെ പ്രധാന ആകർഷണങ്ങളായി മാറുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതിയുടെ ഭാഗമായി സുഭാഷ് പാർക്ക് അർധരാത്രി വരെ കുടുംബങ്ങൾക്കായി തുറന്നുകൊടുക്കും.
കളമശ്ശേരി എച്ച് എം ടി കോളനിയിലൂടെ കടന്നു പോകുന്ന സീപോർട്ട് – കണ്ടെയ്നർ ഹൈവേയുടെ ലിങ്ക് റോഡ് പണി പൂർത്തിയായെങ്കിലും സാങ്കേതിക തടസ്സങ്ങളാൽ ഇനിയും പാരന്റ് റോഡുമായി ബന്ധിപ്പിക്കാതെ കിടക്കുകയാണ്. വിശാലമായ വയലുകൾക്കിടയിലൂടെ കടന്നു പോകുന്ന പാതയിൽ അതുകൊണ്ടു തന്നെ നഗരത്തിന്റെ മറ്റു തിരക്കുകളൊന്നും എത്തിയിട്ടില്ല.
പ്രഭാത സവാരിക്കാർക്കും, സ്വൈര്യസല്ലാപത്തിനായി കമിതാക്കൾക്കും, വെടിവട്ടം പറഞ്ഞിരിക്കാൻ സമീപവാസികൾക്കും കൂടാതെ ഭക്ഷണം കഴിക്കാൻ വരുന്നവർക്കും ഈ ‘ഹൈവേ’ ഏറെ പ്രിയപ്പെട്ടതാണ്. ഇവിടുത്തെ ഫുഡ് കോർട്ടുകൾ മിക്കതും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ രാത്രി ഏറെ വൈകിയും ഇവിടെ ആൾത്തിരക്കാണ്. ഈ പ്രദേശത്തിന്റെ പ്രകൃതിഘടനയും ശുചിത്വവും നൈറ്റ് ലൈഫിനു കൂടുതൽ ആകർഷണീയത നൽകുന്നുണ്ട് .
മെഡിക്കൽ കോളേജ്, കിൻഫ്ര പാർക്ക്, സ്വകാര്യ ഐ റ്റി കമ്പനികൾ, പ്രമുഖ വാർത്താ ചാനൽ, മാനേജ്മന്റ് സ്റ്റഡി സെന്ററുകൾ തുടങ്ങിയവയെല്ലാം സമീപപ്രദേശങ്ങളിലാണ്.