
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അസീര്‍: കെഎംസിസി പ്രീമിയര്‍ സോക്കര്‍ ‘മന്തി അല്‍ ബിലാദ് എഡിഷന്’ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആവേശകരമായ കലാശപ്പോരില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ഷിഫ അല്‍ ഖമീസ് വാര്‍സോണ്‍ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ലൈഫ് ടൈം വാച്ചസ് മെട്രോ സ്പോര്‍ട്സ് ചാമ്പ്യന്‍സ് ട്രോഫിയും 15000 റിയാല്‍ പ്രൈസ് മണിയും സ്വന്തമാക്കി. വാര്‍സോണ്‍ ഗോള്‍മുഖത്ത് അവസരം കാത്ത് നങ്കൂരമിട്ട ആഷിഖിനും ഫാസിലിനുമൊപ്പം മധ്യനിരയില്‍ നിന്ന് ഉമ്മറും പാച്ചുവും ഷജാസും നടത്തിയ നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതിയുടെ 18ാം മിനുട്ടില്‍ ഫാസില്‍ വിധി നിര്‍ണായകമായ ഗോള്‍ നേടി.
ഹാട്രിക് കിരീടം ലക്ഷ്യമാക്കി കളത്തിലിറങ്ങിയ ഫാല്‍ക്കണ്‍ എഫ്.സിയെ സെമി ഫൈനലില്‍ നാല് ഗോളിന് തകര്‍ത്ത വാര് സോണ്‍ ബ്രദേഴ്സ് കലാശപ്പോരാട്ടത്തിലേക്ക് രാജകീയമായ കുതിപ്പ് നടത്തിയെങ്കിലും ഫൈനലില്‍ അവര്‍ക്ക് അതേ താളം നിലനിര്‍ത്താനായില്ല. രണ്ടാം പകുതിയില്‍ ജിബിന്‍ വര്‍ഗീസിന്റെയും സഹീറിന്റെയും നേതൃത്വത്തില്‍ ഉണര്‍ന്ന് കളിച്ച ടീം വാര് സോണ്‍ അപകടകരമായ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധനിരയില്‍ ഷാനവാസും ബാറിന് കീഴില്‍ ആദിലും തീര്‍ത്ത വന്മതിലില് തട്ടി അവരുടെ ആക്രമണങ്ങളത്രയും നിഷ്ഫലമായി.
റണ്ണേഴ്സിനുള്ള അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ നല്കുന്ന ട്രോഫിയും 7000 റിയാല്‍ പ്രൈസ് മണിയും വാര് സോണ്‍ ബ്രദേഴ്സിന് ലഭിക്കും.ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ കാസ്ക് ക്ലബ്ബിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഫാല്‍ക്കണ്‍ എഫ്സി സണ്‍പാക്ക് നല്കുന്ന സെക്കന്റ് റണ്ണേഴ്സ് ട്രോഫിയും 3000 റിയാലും നേടി. മികച്ച കളിക്കാരനായി ജിബിന്‍ വര്‍ഗീസിനെയും (വാര്‍സോണ്‍) ഗോള്‍കീപ്പറായി ആദിലിനെയും (മെട്രോ),ഡിഫന്ററായി ഷബീറിനെയും (വാര് സോണ്‍) തിരഞ്ഞെടുത്തു. അല്‍ നൗറാസ് ഗ്രൂപ്പ് ചെയര്മാന് സാലിഹ് മന്‍സൂര്‍ ശഹറാനി, മന്തി അല്‍ ബിലാദ് എം.ഡി റഹൂഫ് ഇരിങ്ങല്ലൂര്‍,റഫറിമാരായ റഫീഖ് വയനാട്, വലീദ് അലക്സാന്‍ഡ്രിയ, പ്രൊജക്ട് പ്രോപര്‍ട്ടീസ് മാനേജര്‍ ഖയ്യൂം,മാധ്യമപ്രവര്‍ത്തകരായ റസാഖ് കിണാശ്ശേരി, മുജീബ് ചടയമംഗലം, വഹീദ് മൊറയൂര്‍ എന്നിവരെ ആദരിച്ചു. ടൂര്‍ണമെന്റിന്റെ കിക്കോഫ് അല്‍ ദമക് എഫ് സി പബ്ലിക് റിലേഷന്‍സ് മാനേജര്‍ സഈദ് ഹംദി ശഹറാനി, ക്ലബ്ബ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫായിസ് ശഹറാനി എന്നിവര്‍ നിര്‍വഹിച്ചു. മന്തി അല്‍ ബിലാദ് എം.ഡി റഹൂഫ് ഇരിങ്ങല്ലൂര്‍. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍, ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരി മുഹമ്മദ്കുട്ടി മാതാപ്പുഴ, സണ്‍പാക് മാനേജര്‍ ശിഹാബ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മൊയ്തീന് കട്ടുപ്പാറ,സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് വയനാട്, ചെയര്മാന് ഉസ്മാന് കിളിയമണ്ണില്‍, സെക്രട്ടറി സലീം പന്താരങ്ങാടി, വൈസ് പ്രസിഡന്റ്ുമാരായ സാദിഖ് കോഴിക്കോട്, അലി.സി പൊന്നാനി, അനീസ് വണ്ടൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.