കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
രാജ്യത്തിന്റെ വളര്ച്ചയില് പ്രവാസികളുടെ പങ്ക് മഹത്തരം : സാദിഖലി ശിഹാബ് തങ്ങള്
കോഴിക്കോട് : രാജ്യത്തിന്റെ വളര്ച്ചയിലും പുരോഗതിയിലും പ്രവാസികളുടെ പങ്ക് മഹത്തരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. കെ.എം.സി.സി ഗ്ലോബല് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള് വിദേശങ്ങളിലും നാട്ടിലും ചെയ്തുവരുന്ന സേവനങ്ങള് വിവരണാതീതമാണ്. മലയാളികള് ഉള്ള രാജ്യങ്ങളിലെല്ലാം കെ.എം.സി.സി പ്രവര്ത്തിക്കുകയും കാര്യമാത്ര പ്രസക്തമായ സേവനങ്ങള് നടത്തുകയും ചെയ്യുന്നുണ്ട്. ഗള്ഫിന് പുറമെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം കെ.എം.സി.സി സജീവമായി പ്രവര്ത്തിച്ചുവരികയാണ്. കേരളത്തില് സംഘടനാ രംഗത്ത് പ്രവര്ത്തിച്ച് പരിചയമുള്ളവരാണ് ചെന്നുചേരുന്ന പ്രദേശങ്ങളില് സാമൂഹ്യ പ്രവര്ത്തനം നടത്താനുള്ള താല്പര്യത്തോടെ കെ.എം.സി.സി രൂപീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ പ്രശംസ പിടിച്ചുപറ്റാന് കെ.എം.സി.സിക്ക് സാധിച്ചു. കോവിഡ് കാലത്ത് തദ്ദേശീയരോടൊപ്പം സേവന പ്രവര്ത്തനങ്ങള് നടത്തി. സ്വന്തം ജീവന് പോലും പണയം വെച്ചാണ് അന്ന് കെ.എം.സി.സി പ്രവര്ത്തകര് കോവിഡ് രോഗികള്ക്ക് വേണ്ടി പ്രവര്ത്തിച്ചതെന്നും സാദിഖലി ശിഹാബ് തങ്ങള് അനുസ്മരിച്ചു. ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങില് ഗള്ഫ് ചന്ദ്രിക മൊബൈല് ആപ്ലിക്കേഷന് ലോഞ്ചിങ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് നിര്വ്വഹിച്ചു. സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സദസ്സുകളുടെ പശ്ചാത്തലത്തില് രചിക്കപ്പെട്ട അറബിക് പുസ്തകത്തിന്റെ കവര് പ്രകാശനം ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്വ്വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ പാര്ട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എല്.എ, സംസ്ഥാന ഭാരവാഹികളായ ഉമര് പാണ്ടികശാല, സി.പി സൈതലവി, ആബിദ് ഹുസൈന് തങ്ങള് എം.എല്.എ, അബ്ദുറഹ്മാന് രണ്ടത്താണി, പാറക്കല് അബ്ദുല്ല, സി. മമ്മൂട്ടി, കെ.എം ഷാജി, അഡ്വ. എന്. ഷംസുദ്ദീന് എം.എല്.എ, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, വനിതാ ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. പി. കുല്സു, പി.കെ ബഷീര് എം.എല്.എ, കുറുക്കോളി മൊയ്തീന് എം.എല്.എ, എം.എ റസാഖ് മാസ്റ്റര്, ടി.ടി ഇസ്മയില് തുടങ്ങിയവര് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി നന്ദി പറഞ്ഞു.
സി.എ റിന്ഷാദ് പി.പി, ഉമര് അബ്ദുസ്സലാം എന്നിവര് വിവിധ വിഷയങ്ങളില് ക്ലാസ്സെടുത്തു. ഗസല് രാവോടെയാണ് ആദ്യ ദിവസത്തെ പരിപാടികള് സമാപിച്ചത്. കെ.എം.സി.സിക്ക് ഏകീകൃത സ്വഭാവവും ഏകീകൃത ഭരണഘടനയും പ്രവര്ത്തന രീതികളില് നവീകരണവും ലക്ഷ്യമിട്ടാണ് മുസ്ലിംലീഗ് ഗ്ലോബല് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 35 രാജ്യങ്ങളില്നിന്നുള്ള പ്രധാന ഭാരവാഹികളാണ് കെ.എം.സി.സി ഗ്ലോബല് സമ്മിറ്റിലെ പ്രതിനിധികള്.