ഗള്ഫ് കപ്പില് ഇറാഖിനെ തോല്പിച്ച് സഊദി സെമിയില്
വിശ്വസാഹിത്യത്തിലെ എഴുത്തിന്റെ പ്രവാചകനായിരുന്നു ഖലീല് ജിബ്രാന്. വാക്കുകളില് ഭാവം ആവാഹിച്ച് ലോകത്തെ കീഴടക്കിയ ജിബ്രാന്റെ എക്കാലത്തെയും വിശ്വപ്രിയമായ ‘പ്രവാചകന്’ നൂറ്റാണ്ടിനിപ്പുറവും സ്നേഹത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുകയാണ്. വായനക്കാരുടെ തലമുറകള് മാറിയിട്ടും പരകോടി പുസ്തക കെട്ടുകളില് വായിച്ച് വായിച്ച് വിരലടയാളങ്ങള് പതിഞ്ഞ ഈ പുസ്തകത്തിന്റെ മാന്ത്രിക ശക്തി ഇന്നും പരശ്ശതം ഭാഷകളില് പരന്നൊഴുകുന്നു. ‘പ്രവാചകന്’ വായിക്കുകയെന്നാല് ജീവിതത്തെ വായിക്കലാണ്. അവരവരെ വായിക്കലാണ്. നാം പറയാന് വെമ്പിയത് മറ്റൊരാള് പറഞ്ഞുകേള്ക്കുമ്പോഴുള്ള ഒരു കുളിരുണ്ടല്ലോ! അതാണ് ‘പ്രവാചകന്’. മനുഷ്യരാശിയെ മുഴുവനും സ്നേഹത്തിന്റെ മാന്ത്രികസ്പര്ശത്തില് ഒന്നിപ്പിക്കുന്ന സാഹിതീയ സ്പര്ശം.ചരിത്രവും പ്രണയവും ദര്ശനങ്ങളും കലര്ന്നൊഴുകുന്ന സാഹിത്യ ലോകത്തെ അതികായന്റെ ഈ അനശ്വര കാവ്യം വായിക്കാത്ത സാഹിത്യ പ്രേമികളുണ്ടാവാനിടയില്ല. ഇരുപതാം നൂറ്റാണ്ടിലെ അറേബ്യന് സാഹിത്യത്തെ ഖലീല് ജിബ്രാനെപ്പോലെ സ്വാധീനിച്ച മറ്റൊരു കവിയില്ല. പാശ്ചാത്യസാഹിത്യത്തില് ജിബ്രാനോളം ജനപ്രീതി കൈവന്ന മറ്റൊരു പ്രതിഭയുമില്ല. ഷേക്സ്പിയര്ക്കും ലാവോസിനും ശേഷം ലോകത്തേറ്റവും കൂടുതല് വില്പനയുള്ള സാഹിത്യരചനകള് ജിബ്രാന്റേതാണെന്നു പറയപ്പെടുന്നു. ‘പ്രവാചകന്’ നൂറിലേറെ ഭാഷകളിലേക്കു വിവര്ത്തനം ചെയ്യപ്പെടുകയും കഴിഞ്ഞ നൂറ്റാണ്ടിലെ വിശ്വമഹാസാഹിത്യരചനകളിലൊന്നായി വാഴ്ത്തപ്പെടുകയും ചെയ്തു. സൂഫിസം,ക്രൈസ്തവത,നീഷെയന് ലോകചിന്ത,യൂറോപ്യന് മിസ്റ്റിക്റൊമാന്റിക് കാവ്യപാരമ്പര്യം എന്നിവയുടെ അസാധാരണമായ ലാവണ്യസംയുക്തമായിരുന്നു ജിബ്രാന്റെ ഭാവന.
കവിത, നോവല്, ചിത്രകല എന്നീ രൂപങ്ങളില് ജിബ്രാന് നടത്തിയ ഇടപെടലുകള് ഈ രണ്ടു സാംസ്കാരിക പാരമ്പര്യങ്ങളുടെ അനിതരസാധാരണമായ സൗന്ദര്യശാസ്ത്രമായി പരിണമിച്ചു.പാശ്ചാത്യലോകം പൊള്ളയായ ഭൗതികപുരോഗതിയെ പരിണയിക്കുന്ന കാലഘട്ടത്തില് ആയിരുന്നു ജിബ്രാന് അവതരിച്ചത്. ഒരേസമയം കവിയും ചിത്രകാരനും ആയിരുന്ന ആ ഉജ്ജ്വലാത്മാവ് തന്റെ കാലത്തിന്റെ സന്ദിഗ്ധതകളെ രചനയിലേക്ക് ആവാഹിച്ചു, പ്രതികരിച്ചു. കാലദേശങ്ങളെ ഉല്ലംഘിച്ചു. തലമുറകളെ ആശ്ലേഷിച്ചു. അചുംബിതമായ കല്പനാസമൃദ്ധികൊണ്ടും ആര്ജവമാര്ന്ന വാഗ്മയവൈഭവംകൊണ്ടും അന്യൂനമായ ലിറിസിസംകൊണ്ടും അവ നമ്മെ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. സൂഫിയുടെ ഭാഷയില് സംസാരിക്കുകയും ദര്ശനദീപ്തിയില് എഴുതുകയും ചെയ്ത ജിബ്രാന്റെ കവിത കാലാതിവര്ത്തിയായതില് അതിശയിക്കാനില്ല. ഉള്ളിലുണരുന്ന ചോദ്യങ്ങള്ക്ക് ‘പ്രവാചക’നിലൂടെ ജിബ്രാന് ഉത്തരം പറയുമ്പോള് നാം അറിയാതെ ശരിയാണല്ലോ എന്ന് പറഞ്ഞുപോകും. അത്രമാത്രം നമ്മുടെ ഹൃദയസ്പന്ദനങ്ങളോട് ചേര്ന്നിരുന്നാണ് ജിബ്രാന് സംസാരിക്കുന്നത്. ‘പ്രവാചകന്’ വായിക്കുമ്പോള് ജിബ്രാന്റെ അപാരമായ സ്നേഹവായ്പ്പ് കൂടി വരുന്നുണ്ടായിരുന്നു. ‘നിന്നെ ഞാന് അത്യധികമായി സ്നേഹിച്ചു. എന്റെ സ്നേഹം മൂകമായിരുന്നു, മൂടുപടത്താല് ആവൃതമായിരുന്നു. ഇപ്പോള് ആ സ്നേഹം നിന്റെ നേരെ ഉച്ചത്തില് നിലവിളിക്കുന്നു. നിന്റെ മുമ്പില് തീര്ത്തും അനാവൃതമായിത്തത്തീരുന്നു.’ജിബ്രാന്റെ കവിതകളില് തുടക്കമിടുമ്പോള് ഇത്രയേറെ പിടിച്ചുലയ്ക്കാന് പോകുന്നതെന്തൊക്കെയോ അതിലുണ്ടെന്നും അറിഞ്ഞിരുന്നതേയില്ല. ഖലീല് ജിബ്രാന് അനശ്വരനാവുന്നത് അദ്ദേഹമിവിടെ ബാക്കി വെച്ച ശേഷിപ്പുകളുടെ ശോഭ കൊണ്ടാണ്. മഹത്തായ ഭാവനയില് വിരിഞ്ഞ തത്വജ്ഞാനിയായ അല് മുസ്തഫ എന്ന പ്രവാചകനിലൂടെ സന്ദേഹങ്ങള്ക്കും വിചാരങ്ങള്ക്കും ദര്ശന സാന്ദ്രമായ ആവിഷ്കാരം നല്കിയപ്പോള് ആ ‘പ്രവാചക’നെ ലോകം ഇരു കൈകളാല് ഏറ്റു വാങ്ങിയത് അത് ലോകത്തിന്റെ സന്ദേഹങ്ങള്ക്കും വിചാരങ്ങള്ക്കുമുള്ള മറുപടി ആയി വായിക്കുവാന് സാധിച്ചതിനിലാണെന്ന് നിസംശയം പറയാം. പ്രണയം, വിവാഹം,കുഞ്ഞുങ്ങള്.നിയമം, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം,മതം,സുഖം,ദുഃഖം എന്നിങ്ങനെയുള്ള ആശയങ്ങള്ക്ക് ഉപദേശകനായ അല്മുസ്തഫ നല്കുന്ന മറുപടികള് ചിന്താധീനവും സത്യസന്ധവുമായിരുന്നു.
കാറ്റും പൂവും തമ്മിലുള്ള നിശബ്ദമായ സംവേദനം. അതിന്റെ സൗന്ദര്യവും സൗരഭ്യവും ലോകമാനം പരക്കുന്നു. വിശദീകരണങ്ങളില്ലാതെ വിവശതകളില്ലാതെ നമ്മള് പോലുമറിയാതെ അത് ആത്മാവിലലിഞ്ഞു ചേരുന്നു. ഖലീല് ജിബ്രാന്റെ രചനകളും ഇത്തരത്തില് വായനക്കാരന്റെ ഉള്ള് തുരന്ന് ഇറങ്ങിച്ചെല്ലുന്നു. ആ യാത്രയില് സ്നേഹത്തിന്റെ പുതിയ വെളിച്ചവും പുതിയ ആകാശവും നമുക്ക് കൂട്ടുവരുന്നു. എല്ലാ മനുഷ്യര്ക്കും അവിശ്വസനീയവും അസാധാരണവുമായ മനുഷ്യവംശത്തിനാകെയും ആസ്വദിക്കാനാകുന്നതാകണം കവിത. സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങള് മനസ്സിലാക്കിയിരുന്ന, തന്റെ കവിതകളിലൂടെ അത് പ്രകടിപ്പിച്ചിരുന്ന സാഹിത്യ ലോകത്തെ ആ ഏകാന്തപഥികന്റെ പ്രവാചകനില് ഈ ഗുണങ്ങള് കാണാം. മിഥ്യാബോധത്തിന്റെ പുകമഞ്ഞിലകപ്പെട്ട പാവം മനുഷ്യരെ സ്വാതന്ത്ര്യത്തിലേക്കും സത്യത്തിലേക്കുമത്തെിക്കുന്ന ചുമതലയാണ് പ്രവാചകനുള്ളത്. സ്വത്വത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെ മനുഷ്യന് എക്കാലത്തും സംശയങ്ങളുണ്ടായിട്ടുണ്ട്. കൃത്യമായ ഉത്തരം കിട്ടാതെ കുഴങ്ങിയിട്ടുണ്ട്. ‘പ്രവാചകന്’ സംശയനിവാരണം നടത്തുന്നവനാണ്. നന്മയിലേക്ക് നയിക്കുന്നവനാണ്. പ്രണയ ബന്ധത്തിന്റെ തകര്ച്ച മൂലം വിവാഹമെന്ന സമ്പ്രദായത്തെ തന്നെ വെറുത്ത ജിബ്രാന് സ്ത്രീത്വത്തിന്റെ ഏറ്റവും മഹത്തായ അര്ഥം അമ്മയാണെന്ന് എഴുതി. അമ്മയുടെ മരണത്തില് തകര്ന്നു പോയ അങ്ങയുടെ ഈ വാക്കുകള് മാതൃത്വത്തിന് എഴുതപ്പെട്ട വാക്കുകളില് മനോഹരമായ ഒന്ന് തന്നെ. ‘മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിര്ഭരമായ പദമാകുന്നു; ഹൃദയത്തിന്റെ അഗാധതയില് നിന്നുവരുന്ന മധുരോദാരമായ പദം’.
കവിത്വം എന്നത് പ്രവാചകത്വമാണെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല് സാഹിത്യത്തിലേക്ക് ഊറിയിറങ്ങിയവര്ക്ക് പ്രവാചകനെന്നാല് അത് ജിബ്രാനാണ്. ‘നിങ്ങള് സ്നേഹത്തിലായിരിക്കുമ്പോള് ദൈവം എന്റെ ഹൃദയത്തിലാണെന്ന് പറയാതിരിക്കുക. മറിച്ച്, ഞാന് ദൈവഹൃദയത്തിലാണെന്ന് പറയുക.’ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ‘പ്രവാചകനി’ലൂടെ കടന്നുപോയ മനുഷ്യാത്മാക്കളുടെ അവസ്ഥയും ഇതുതന്നെയാണ്. ഓരോ വരിയും വായിക്കുമ്പോള് യഥാര്ഥത്തില് തങ്ങള് നില്ക്കുന്നത് ജിബ്രാന്റെ ഹൃദയത്തിലാണെന്ന് ആനന്ദത്തോടെ അവര് തിരിച്ചറിയുന്നു. ഒന്നുമേ പറയാന് ബാക്കിയില്ലാത്ത വിധത്തില് എല്ലാം പറഞ്ഞു പോയ ആ മനുഷ്യനെ വീണ്ടും വീണ്ടും അവര് സ്നേഹിച്ചു പോകുന്നു.ആ നിറവില് അവര് അറിയുന്നു, ജിബ്രാന് എന്നാല് ആനന്ദമാണ്. ഓരോ തവണ വായിക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത ആനന്ദം.ജിബ്രാന് ഖലീല് ജിബ്രാന്…എന്ന പേരില് പോലും കവിതയുള്ള ഒരാള്.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്