
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉദ്ഘാടനം ചെയ്തു
അബുദാബി: ‘ദീര്ഘായുസിലേക്ക്: ആരോഗ്യവും ക്ഷേമവും പുനര്‍നിര്‍വചിക്കല്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ലോകാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി അബുദാബിയില്‍ വാക്സിന് വിതരണ കേന്ദ്രം തുറന്നു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എമിറേറ്റിലെ ആരോഗ്യ സംരക്ഷണ മേഖലയുടെ ചാലകശക്തിയായ അബുദാബി ആരോഗ്യ വകുപ്പും പ്രമുഖ ബയോഫാര്‍മ കമ്പനിയായ ജിഎസ്കെയും 2024ല്‍ ഒപ്പുവച്ച ധാരണയുടെ(എംഒയു) അടിസ്ഥാനത്തിലാണ് വാക്സിന് ഹബ്ബ് ആരംഭിക്കുന്നത്. അഡ്നെക് സെന്ററില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് വീക്ക് ഇന്ന് സമാപിക്കും. ആഗോള ആരോഗ്യ മേഖലയില്‍ മുന്നില്‍ നില്ക്കുന്ന അബുദാബിയുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. പ്രധാന ആഗോള വിപണികളുമായുള്ള അബുദാബിയുടെ ബന്ധം പ്രയോജനപ്പെടുത്തി ആഗോള വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ആരോഗ്യ സംരക്ഷണത്തിനും നവീകരണത്തിനുമുള്ള മുന്‍നിര കേന്ദ്രമായി അബുദാബിയെ മാറ്റുന്നതാണ് പുതിയ വാക്സിന് കേന്ദ്രം. ഇത് എമിറേറ്റിലെയും യുഎഇയിലെയും ആരോഗ്യ സേവനങ്ങളിലും രോഗ പ്രതിരോധത്തിലും പുരോഗതിക്ക് വഴിയൊരുക്കും. വാക്സിന് സൗകര്യം വിപുലപ്പെടുത്തുന്നതിനും ഗവേഷണ വികസന ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും വാക്സിന് ലഭ്യത ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കേന്ദ്രം പ്രയോജനം ചെയ്യും. സമൂഹത്തിലെ രോഗ പ്രതിരോധം വര്‍ധിപ്പിക്കുന്നതിന് വാക്സിന് വിതരണ കേന്ദ്രങ്ങളുടെ പങ്ക് വിലപ്പെട്ടതാണെന്ന് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. വാക്സിന് വിതരണത്തിനായി പ്രത്യേക കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനും സമൂഹാരോഗ്യം സംരക്ഷിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള അവശ്യ രോഗപ്രതിരോധ പരിപാടികളെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതില്‍ മികച്ച തയാറെടുപ്പും പ്രതിരോധശേഷിയും പ്രകടിപ്പിക്കുന്നതില്‍ പേരുകേട്ട യുഎഇയുടെയും അബുദാബിയുടെയും ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായി മാറാന്‍ വാക്സിന് കേന്ദ്രങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാവിക്ക് അനുയോജ്യമായ ആരോഗ്യ സംവിധാനത്തിന്റെ നാഴികക്കല്ലാണിതെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയര്മാന് മന്‍സൂര്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ആരോഗ്യ നവീകരണത്തിനും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്ക്കുമുള്ള ആഗോള കേന്ദ്രമായി മാറാനുള്ള അബുദാബിയുടെ യാത്രയിലെ ഒരു നിര്‍ണായക ചുവടുവെപ്പാണിതെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി അഭിപ്രായപ്പെട്ടു. നൂതന പങ്കാളിത്തങ്ങളിലൂടെ ആരോഗ്യ സുരക്ഷ മുന്നോട്ട് കൊണ്ടുപോകുന്നതിന് ജിഎസ്കെ പ്രതിജ്ഞാബദ്ധമാണെന്ന് ജിഎസ്കെ ബോര്‍ഡ് ചെയര്മാന് സര് ജോനാഥന് സൈമണ്ട്സ് പറഞ്ഞു. അബുദാബിയിലെ തങ്ങളുടെ വാക്സിന് വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആഗോള വാക്സിന് മൂല്യ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് (എഡിഐഒ) ഡയരക്ടര്‍ ജനറല്‍ ബദര്‍ അല്‍ ഉലാമ,ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.നൂറ അല്‍ ഗൈതി എന്നിവരും ജിഎസ്കെ,റാഫെഡ്,പ്യുവര്‍ഹെല്‍ത്ത്, എഡിഐഒ,എഡി പോര്‍ട്ട്സ് ഗ്രൂപ്പ്,എഡി എയര്‍പോര്‍ട്ടുകള്‍,ഇത്തിഹാദ് എയര്‍വേയ്സ്,ഖലീഫ ഇക്കണോമിക് സോണ്‍സ് അബുദാബി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പങ്കാളികളുടെ മുതിര്‍ന്ന പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.