കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ആക്രി സാധനങ്ങൾ പെറുക്കിവിറ്റാണ് അമാവാസി എന്ന തമിഴ് ബാലനും അവൻറെ അമ്മയും ജീവിച്ചിരുന്നത്. ഒരു ദിവസം ആക്രി പെറുക്കുന്നതിനിടെ കയ്യിൽ കിട്ടിയ സ്റ്റീൽ പാത്രം വളരെ പ്രതീക്ഷയോടെയാണ് അവൻ തുറക്കാൻ ശ്രമിച്ചത്. ഉള്ളിൽ വെല്ല ഭക്ഷണവുമാണെങ്കിലോ.. പക്ഷെ അവനെ കാത്തിരുന്നത് ഉഗ്ര സ്ഫോടനമാണ്. അവൻറെ ഒരു കണ്ണും കയ്യും സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. 1998ലെ ഒക്ടബോറിലായിരുന്നു അമാവാസിയുടെ ജീവിതം കീഴ്മേൽ മറിച്ച സംഭവം. പിന്നീട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവിക്കാനായി ജോലി നൽകി. ഇന്ന് മലയൻകീഴിലെ നാല് സെൻറ് ഭൂമിയിൽ അമ്മ കാളിയമ്മക്കൊപ്പം ജീവിക്കുകയാണ് അമാവാസി, ഒരിക്കൽ രാഷ്ട്രീയ കേരളം നൽകിയ വൈകല്യവുമായി.
അവിടെ തീർന്നില്ല. വീണ്ടും പലയിടങ്ങളിലായി ബോംബുകൾ പൊട്ടി. 2000 സെപ്തംബർ ഏഴിനാണ് വീട്ട് മുറ്റത്ത് അനുജനൊപ്പം കളിച്ചു കൊണ്ടിരുന്ന അസ്ന എന്ന അഞ്ചുവയസ്സുകാരിക്ക് ബോംബേറിൽ പരിക്കേൽക്കുന്നത്. അസ്നയുടെ വലതുകാൽ മുറ്റത്ത് ചിന്നിച്ചിതറി. അനുജനും അമ്മക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്നയുടെ കാൽ മുട്ടിന് മുകളിൽ വെച്ച് മുറിച്ച് മാറ്റേണ്ടി വന്നു. പക്ഷെ വേദന തിന്ന് കഴിയുന്നതിനിടയിലും അവൾ പഠിച്ച് മിടുക്കിയായി. ഇന്നവൾ ഡോക്ടറാണ്. ഇത്തരത്തിൽ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൽ ജീവിക്കുന്ന രക്തസാക്ഷികൾ ഇനിയുമുണ്ട്. നിർവീര്യമാക്കും തോറും വീര്യം ഒട്ടും ചോരാതെ വീണ്ടും വീണ്ടും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടൻ ബോംബുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 250ലധികം ബോംബുകളാണ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തത്. മൂന്ന് വർഷത്തിനിടെ ഒമ്പതിടത്ത് സ്ഫോടനങ്ങൾ നടന്നു. 1998ന് ശേഷം ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഇരുപതിലേറെ തവണ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാനൂരിൽ ആരെയോ ലക്ഷ്യം വെച്ച് ഉണ്ടാക്കിക്കൊണ്ടിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം രാഷ്ട്രീയപാർട്ടികൾ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല എന്നതിൻറെ തെളിവാണ്. ആരെയൊക്കെയോ ലക്ഷ്യം വെച്ച് ആരൊക്കെയോ നിർമിക്കുന്ന ബോംബുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുന്നവരിലും ഗുരുതരമായി പരിക്കേൽക്കുന്നവരിലും നിരപരാധികളും ഉൾപ്പെടുന്നുവെന്നതാണ് സങ്കടകരം. ഇപ്പോൾ എരഞ്ഞോളിയിലെ സംഭവത്തോടെ 85 വയസ്സുള്ള വയോധികനും കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല, അതിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച് മാധ്യമങ്ങളുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന സീനയെന്ന യുവതിയുടെ വാക്കുകൾ നമ്മൾ കേട്ടതാണ്. പാർട്ടി ഗ്രാമങ്ങളിൽ പേടിയോടെയാണ് സാധാരണക്കാർ ജീവിക്കുന്നത് എന്നതിന് ഇതിനേക്കാൾ വലിയ തെളിവ് വേണ്ടതില്ലല്ലോ.. ബോംബ് നിർമാണവും സ്ഫോടനവും നടക്കുന്ന മേഖലകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടേയോ സംഘടനകളുടേ കേന്ദ്രങ്ങളാണ്. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി രക്തസാക്ഷി മണ്ഡപം നിർമിച്ച സംഭവവും ഉണ്ടായി എന്നത് രാഷ്ട്രീയ കേരളത്തിന് നാണക്കേടാണെന്ന് പറയാതെ വയ്യ. ഇനിയും നേരം വെളുക്കാത്ത, അക്രമ രാഷ്ട്രീയം വിലപ്പോകില്ലെന്ന് ഇനിയും തിരിച്ചറിയാത്തവരോടായി ഒന്നേ പറയാനുള്ളൂ വരും നാളുകളിൽ പോളിങ് ബൂത്തുകളിൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.