കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കൊച്ചി : മലയാളത്തിന്റെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മ ഓര്‍മ്മയായി. അമ്മ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അതുല്യ നടിയാണ് അരങ്ങൊഴിഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരിക്കുമ്പോള്‍ 79 വയസായിരുന്നു പ്രായം. ആറര പതിറ്റാണ്ടു കാലത്തോളം അഭ്രപാളികളില്‍ നിറഞ്ഞു നിന്നു. 700ലധികം സിനിമകളില്‍ തന്റേതായ അഭിനയമികവ് അടയാളപ്പെടുത്തി.
മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 4 തവണ സ്വന്തമാക്കി. നിരവധി സിനിമകളില്‍ ഗാനമാലപിച്ചിട്ടുണ്ട്. 14 ാം വയസില്‍ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് കടന്നുവന്നത്. തോപ്പില്‍ ഭാസിയെയാണ് തന്റെ അഭിനയ കലയുടെ ഗുരുവായി കണ്ടത്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ കവിയൂര്‍ പൊന്നമ്മ 1964ല്‍ പുറത്തിറങ്ങിയ കുടുംബിനിയിലാണ് ആദ്യമായി അമ്മ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. 1965ല്‍ തൊമ്മന്റെ മക്കളില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. അതേവര്‍ഷം തന്നെ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ സത്യന്റെ നായികാകഥാപാത്രമായി. 1973ല്‍ പെരിയാര്‍ എന്ന ചിത്രത്തില്‍ മകനായി അഭിനയിച്ച തിലകന് പില്ക്കാലത്ത് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് എന്ന നിലയ്ക്ക് മികച്ച ജോഡികളായി ശ്രദ്ധനേടി. മലയാള സിനിമയിലെ ഭൂരിഭാഗം നടീനടന്മാരുടെ അമ്മയായി വേഷമിട്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മ വേഷങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമാ നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ മണിസ്വാമിയാണ് ഭര്‍ത്താവ്. ബിന്ദു ഏകമകളാണ്.