
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
അബുദാബി: ഫലസ്തീനില് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് യുഎഇയും ഈജിപ്തും സംയുക്തമായി ആവശ്യപ്പെട്ടു. യുഎഇയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല് ഫത്താഹ് എല്സിസി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും ഇക്കാര്യം ആവര്ത്തിച്ചത്. ഗസ്സയിലെ വെടിനിര്ത്തല് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഇരുവരും അവരിലേക്ക് മാനുഷിക സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മേഖലയില് ശാശ്വതവും സമഗ്രവുമായ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത്. ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതില് ഈജിപ്ത് നടത്തിയ ശ്രമങ്ങളെയും ഗസ്സ വെടിനിര്ത്തല് കരാറില് മധ്യസ്ഥത വഹിക്കുന്നതില് അവര് വഹിച്ച നിര്ണായക പങ്കിനെയും ശൈഖ് മുഹമ്മദ് പ്രശംസിച്ചു.
ലബനന് പ്രസിഡന്റായി ജോസഫ് ഔണിനെ തിരഞ്ഞെടുത്തതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഈ മാറ്റം ലബനനില് സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സിറിയയുടെ ഐക്യം,സ്ഥിരത,പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയോടുള്ള പ്രതിബദ്ധത ശൈഖ് മുഹമ്മദ് ബിന് സായിദും എല്സിസിയും ആവര്ത്തിച്ചു. സിറിയന് സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഉള്പ്പെടുത്തി ഒരു സമഗ്ര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം അവര് അടിവരയിട്ടു. മേഖലയിലുടനീളം സമാധാനവും സ്ഥിരതയും വളര്ത്തിയെടുക്കേണ്ടതിന്റെയും അതിന്റെ രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും ക്ഷേമത്തിന് മുന്ഗണന നല്കേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
യുഎഇയുടെയും ഈജിപ്തിന്റെയും വികസനം,സാമ്പത്തികം,നിക്ഷേപ മേഖലകളില് സഹകരണം വര്ധിപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചുള്ള ചര്ച്ചകളും കൂടിക്കാഴ്ചയില് വിഷയമായി. പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള തങ്ങളുടെ രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങള് നിറവേറ്റുന്നതില് ഈ ശ്രമങ്ങളുടെ പ്രാധാന്യം ഇരു നേതാക്കളും പങ്കുവച്ചു. നിരവധി പ്രാദേശിക,അന്തര്ദേശീയ വിഷയങ്ങളും പ്രധാന സംഭവവികാസങ്ങളും അവലോകനം ചെയ്തു.