കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗസ്സ : തെക്കെ ഗസ്സയില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന അല്‍മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ സേന മാരകമായ ബോംബ് വര്‍ഷിച്ചു. ഇരുപതോളം പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിത മേഖലയിലെ ഈ ബോംബാക്രമണം നടത്തിയതിനെ ലോക നേതാക്കള്‍ അപലപിക്കുന്നതിനിടെ ഖാന് യൂനിസിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര് ഉള്‍പ്പെടെ ഗസ്സയിലുടനീളം 27 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊന്നു. അല്‍മവാസിയില്‍ സാധാരണക്കാര്‍ക്ക് നേരെ അധിനിവേശ സേന പ്രയോഗിച്ചത് കനത്ത പ്രഹര ശേഷിയുള്ള ബോംബുകള്‍. യുഎസ് നിര്‍മ്മിത 2,000 പൗണ്ട് (907 കിലോഗ്രാം) എംകെ84 ബോംബുകള്‍ ഇസ്രായേല്‍ ഉപയോഗിച്ചതായും 19 പേര് കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറയുടെ സനദ് ഏജന്‍സി കണ്ടെത്തി. യുഎന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഗസ്സയില്‍ പോളിയോ വൈറസിനെതിരെ കുട്ടികള്‍ക്ക് പോളിയോ വാക്സിനേഷന് ക്യാമ്പയിന് നടക്കുന്നതിനിടെയാണ് എല്ലാം തകിടം മറിക്കുന്ന രീതിയിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. ഗസ്സയിലെ അല്‍ മവാസി ക്യാമ്പില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയപ്പോള്‍ കൂടാരത്തില്‍ ഉറങ്ങിക്കിടന്നിരുന്ന ആളുകളുടെ മൃതദേഹങ്ങള്‍ 30 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഭയാനകമായ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു ഇത്. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഗസ്സയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യുകയോ വിട്ടുപോകാന്‍ ഉത്തരവിടുകയോ ചെയ്തതിന് ശേഷം ബാക്കിയുള്ള ആളുകളാണ് അല്‍ മവാസിയിലെ ടെന്റുകളില്‍ താമസിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ പ്രദേശത്ത് 200 ഓളം ടെന്റുകളുണ്ടായിരുന്നു, അതില്‍ 40 എണ്ണം നശിപ്പിക്കപ്പെട്ടുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബാസല്‍ പറയുന്നു. പ്രദേശമാകെ തരിശുഭൂമിക്ക് തുല്യമായി കാണപ്പെട്ടു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാരകമായ ബോംബിംഗില്‍ പ്രദേശത്ത് 10 മീറ്റര്‍ വരെയുള്ള ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടു. നിരവധി കുടുംബങ്ങള്‍ മണലിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ പോലുമില്ലാതെയാണ് ഫലസ്തീന് സിവില്‍ ഡിഫന്‍സ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തീവ്രവാദിയെ പിടിക്കാനെന്ന വ്യാജേനയായിരുന്നു ഇസ്രാഈല്‍ ആക്രമണം. എന്നാല്‍ ഇത് കളവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.