
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
അബുദാബി : സുസ്ഥിര ഉത്പാദന സംവിധാനം കെട്ടിപ്പടുക്കുക,കാര്ഷിക മേഖലയില് മികച്ച സാങ്കേതികവിദ്യകള് ഉപയോഗിക്കുക,ദേശീയ ഭക്ഷ്യക്വാട്ട വര്ധിപ്പിക്കുക തുടങ്ങിയ പദ്ധതികളിലൂടെ 2051ല് ഭക്ഷ്യസുരക്ഷാ സൂചികയില് യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കുമെന്ന് യുഎഇ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല തൗക്ക് അല്മര്റി വ്യക്തമാക്കി. അബുദാബിയില് അന്താരാഷ്ട്ര ഭക്ഷ്യപ്രദര്ശനത്തില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങള് നല്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്ന നയം യുഎഇ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്ഷ്യല് കോടതി ചെയര്മാനും അബു ദാബി അഗ്രികള്ച്ചര് ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയര്മാനുമായ ശൈഖ് മന്സൂര് ബിന് സായിദ് അല്നഹ്യാന്റെ രക്ഷാകര്തൃത്വത്തില് നടക്കുന്ന പരിപാടിയില് ആഗോള ഭക്ഷ്യ സുരക്ഷാ ഉച്ചകോടി, ഭക്ഷ്യപ്രദര്ശനം,അബുദാബി ഈന്തപ്പന പ്രദര്ശനം എന്നിവ ഉള്പ്പെടെ മൂന്ന് പ്രധാന സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനച്ചടങ്ങില് യുഎഇ പ്രസിഡന്ഷ്യല് കോര്ട്ട് ഫോര് സ്പെഷ്യല് അഫയേഴ്സ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് സായിദ് അല്നഹ്യാന്,കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല്ദഹക്ക്,സംരംഭകത്വ സഹമന്ത്രി ആലിയ ബിന്ത് അബ്ദുല്ല അല്മസ്റൂയി,ഈജിപ്ഷ്യന് കൃഷി മന്ത്രി അലായ്ക്ക് ഫറൂഖ് എന്നിവര് ഉള്പ്പെടെ നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ആഗോള ഭക്ഷ്യോത്പാദന രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കൃഷി,ഭക്ഷ്യ ഉത്പാദനം,ഭക്ഷ്യ വ്യവസായം എന്നിവയില് നവീകരണവും സഹകരണവും സുസ്ഥിരമായ പരിഹാരങ്ങളും പ്രോത്സാഹനവും നല്കുന്ന ചര്ച്ചകളും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. കാര്ഷിക ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നതിനും ആഗോള ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള ചര്ച്ചകളും വിവിധ സെഷനുകളിലായി ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം വര്ധിച്ചുവരുന്ന വെല്ലുവിളികള്ക്കിടയില് ഭക്ഷ്യമേഖലയിലെ ഭക്ഷ്യോത്പാദനം വര്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്ഗങ്ങളും ഇന്നും നാളെയുമായി അവതരിപ്പിക്കും. 70 രാജ്യങ്ങളില്നിന്നുള്ള ഭക്ഷ്യോത്പാദന രംഗത്തെ 1900 കമ്പനികളും അറുനൂറിലധികം ആഗോള വിദഗ്ധരും പരിപാടിയില് പങ്കെടുക്കുന്നുണ്ട്. ആഗോളതലത്തിലെ ഭക്ഷ്യോത്പാദകരുടെ സുപ്രധാന കൂടിച്ചേരല്കൂടിയാണ് യുഎഇയില് നടക്കുന്നത്. ഭക്ഷ്യോത്പാദന മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്ഗങ്ങളും വിദഗ്ദധ പാനലിന്റെ നേതൃത്വത്തില് ചര്ച്ച ചെയ്യുന്നുണ്ട്. പുതുതായി ഇറക്കുന്ന നിരവധി ഉത്പന്നങ്ങള് ഇവിടെ പരിചയപ്പെടുത്തുന്നതാണ് പ്രദര്ശനം. ഈന്തപ്പന കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി അബുദാബി ഈന്തപ്പന പ്രദര്ശനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴ ഉത്പാദനം വര്ധിപ്പിക്കുന്നതില് നൂതന സാങ്കേതിക വിദ്യയുടെ പങ്ക് വ്യക്തമാക്കുന്ന ഏക ആഗോള പരിപാടി കൂടിയാണ് അബുദാബിയില് നടക്കുന്ന ഭക്ഷ്യമേള.