
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് സാംസ്കാരികോത്സവത്തിന് പ്രൗഢ തുടക്കം. മുസഫ ക്യാപിറ്റല്‍ മാളിനോട് ചേര്‍ന്നു ഒരുക്കിയ മൈതാനിയില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. ഇന്ത്യയുടെയും അറബ് രാജ്യങ്ങളുടെയും സാംസ്കാരവുമായി ബന്ധപ്പെട്ട കലാപരിപാടികളുമായാണ് ഉത്സവം നടക്കുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ആദ്യദിനം തന്നെ നിറഞ്ഞുകവിഞ്ഞ സദസ്സായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് അറബി കലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ശ്രദ്ധേയമായി. കേരളത്തില്‍നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,നാടന്‍ ഭക്ഷണ തട്ടുകടകള്‍, ആര്‍ട്ട് ഗാലറി,വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ഉത്സവനഗരിയില്‍ ഒരുക്കിയിട്ടുണ്ട്. പിണണി ഗായകരായ സയനോര ഫിലിപ്,വിഷ്ണുരാജ്,ലിബിന് സക്കറിയ എന്നിവരും പങ്കെടുക്കും. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും സിനിമാ നിര്‍മാതാവുമായ ഫ്രാന്‍സിസ് ആന്റണിയെ ഇന്‍ഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നല്കി ആദരിക്കും. വൈകുന്നേരം 5 മണി മു തല്‍ രാത്രി 12 മണിവരെയാണ് ഫെസ്റ്റ്. പത്തുദിര്‍ഹമാണ് പ്രവേശന കൂപ്പണ്‍. ഇതില്‍ നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനമായി 20 പവന് സ്വര്‍ണവും 56ഓളം വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കും. വ്യവസായ നഗരിയോട് ചേര്‍ന്നുള്ള ക്യാപിറ്റല്‍ മാളിന് സമീപമാണ് സാംസ്കാരികോത്സവം എന്നതുകൊണ്ട് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് പരിപാടി ആസ്വദിക്കുവാന്‍ ലഭിക്കുന്ന അപൂര്‍വ അവസരം കൂടിയാണിത്.