കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഇന്ത്യാ ആഫ്രിക്ക ട്രേഡ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയില്‍ തുടക്കം. സിംബാബ്വെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷന് നടക്കുന്നത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്എഡിസി രാജ്യങ്ങളായ സിംബാബ്വെ,യുഎഇ, ഇന്ത്യ എന്നിവക്കിടയിലെ വ്യാപാര വികസനത്തിനുള്ള ട്രേഡ് കമ്മീഷണറായി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പൂര്‍ണ തോതിലുള്ള പ്രയോജനം നേടുന്നതിനും മികച്ച ബിസിനസ് വളര്‍ച്ചയ്ക്കും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) നിക്ഷേപക മേഖലയില്‍ ബോധവത്കരണം നടത്തുക,അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക,എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ നടത്തുമെന്ന് ട്രേഡ് കമ്മീഷണര്‍ വിജയ് ആനന്ദ് പറഞ്ഞു.
അതോടൊപ്പം യുഎഇയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബിസിനസ് കൗണ്‍സില്‍ യോഗവും തുടങ്ങി. കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാര്‍ക്കും കമ്പനികളുടെ സിഇഒമാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്ഗനൈസേഷന് ഗള്‍ഫ് ഡയരക്ടര്‍ ബെന്‍സി ജോര്‍ജ് പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണര്‍ വിജയ് ആനന്ദിനെ അഭിനന്ദിച്ചു.2024ല്‍ ഉഭയകക്ഷി വ്യാപാരം 2 ബില്യണ്‍ ഡോളര്‍ കടന്നതോടെ സിംബാബ്വെയുമായുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതായി അബുദാബി സിംബാബ്വെ എംബസി പ്രതിനിധി ലവ്മോര്‍ മസെമോ അഭിപ്രായപ്പെട്ടു.
സിംബാബ്വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ സമീപഭാവിയില്‍ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാന്‍ തയാറെടുക്കുകയാണെന്നും യുഎഇയിലെ എസ്എഡിസി കൗണ്‍സില്‍ തലവനായി വിജയ് ആനന്ദിനെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ലവ്മോര്‍ മസെമോ പറഞ്ഞു. കൃഷി,ഖനനം,ഊര്‍ജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്വെയില് നിന്നുള്ള നിക്ഷേപകര്‍ യുഎഇ യിലെ ഭക്ഷ്യകാര്‍ഷിക മേഖലകളില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ നോക്കുകയാണെന്നും സ്വര്‍ണം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ സിംബാബ്വെയില് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ യുഎഇയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളില്‍ നിന്ന് സൗരോര്‍ജ മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ വരുവാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍,റിപ്പബ്ലിക് ഓഫ് സിംബാബ്വെയുടെ പ്രസിഡന്റ് എമേഴ്സണ്‍ മംഗഗ്വയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സിംബാബ്വെയില് നടക്കുന്ന ശ്രമങ്ങളെ മസെമോ പരാമര്‍ശിച്ചു. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് ഡോ. ആസിഫ് ഇഖ്ബാലും ഇന്ത്യയും യുഎഇയും സിംബാബ്വെയും തമ്മിലുള്ള ത്രികക്ഷി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു.
യുഎഇയിലെ ഇന്ത്യക്കാര്‍ സിംബാബ്വെയിലെ ബിസിനസ് വളര്‍ച്ചയില്‍ വളരെ താല്പര്യം ഉള്ളവരുമാണ്. എന്നും ഈ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പിന്തുണച്ചതിന് യുഎഇയിലെ സിംബാബ്വെ എംബസിക്ക് നന്ദി പറയുന്നുവെന്നും ഡോ.ഇക്ബാല്‍ പറഞ്ഞു.
ഇന്ത്യ-ആഫ്രിക്ക വ്യാപാര കൗണ്‍സിലിന്റെ വ്യാപാര കമ്മീഷണറായി ചുമതല ഏറ്റെടുക്കുമ്പോള്‍, ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെച്ചതെന്നും. 2025ല്‍ തങ്ങളുടെ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക് പോകുമെന്നും വിജയ് ആനന്ദ് വ്യക്തമാക്കി.