കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയില് ജോലി ചെയ്ത് വിരമിച്ചവര്ക്കുള്ള വിസ അപേക്ഷകള്ക്കുള്ള നടപടി ക്രമങ്ങള് വിശദീകരിച്ച് ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി,സിറ്റിസണ്ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്ട്ട് സെക്യൂരിറ്റി. ഐസിപി വെബ്സൈറ്റ് വഴിയും യുഎഇ ഐസിപി എന്ന സ്മാര്ട്ട് ആപ്ലിക്കേഷന് വഴിയും റസിഡന്സ് പെര്മിറ്റും റിട്ടയേര്ഡ് റസിഡന്റിനുള്ള ഐഡി കാര്ഡും അപേക്ഷിക്കുന്നതിന് നാലു ഘട്ടത്തിലുള്ള നടപടിക്രമങ്ങള് പാലിക്കണമെന്നും ഐസിപി അറിയിച്ചു. അപേക്ഷകര് ആദ്യം യുഎഇ പാസ് മുഖേന അവരവരുടെ അക്കൗണ്ടിലേക്ക് ലോഗിന് ചെയ്യണം. തുടര്ന്ന് ഐഡിയും റസിഡന്സ് കാര്ഡ് സേവനവും തിരഞ്ഞെടുക്കണം. പിന്നീട് ഡാറ്റ അവലോകനം ചെയ്യുകയും ബാധകമാകുന്നിടത്ത് അപ്ഡേറ്റ് ചെയ്യുകയും നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. ശേഷം അംഗീകൃത ഡെലിവറി കമ്പനികള് വഴി ഐഡി കാര്ഡ് ലഭിക്കും. നിബന്ധനകള്ക്കനുസരിച്ചായിരിക്കും വിസ അനുവദിക്കുക. വ്യക്തി ജോലിയില് നിന്നും വിരമിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15 വര്ഷമെങ്കിലും രാജ്യത്ത് താമസിച്ചിരിക്കണം, അല്ലെങ്കില് കുറഞ്ഞത് 55 വയസ്സ് പ്രായമുണ്ടായിരിക്കണം, കൂടാതെ ഒരു ദശലക്ഷം ദിര്ഹം മൂല്യമുള്ള ഒന്നോ അതിലധികമോ സ്വത്തുക്കള് കൈവശം വെച്ചിരിക്കണം. അല്ലെങ്കില് വ്യക്തി കുറഞ്ഞത് 240,000 ദിര്ഹം വാര്ഷിക വരുമാനം കാണിക്കണം. അല്ലെങ്കില് വിദേശ കറന്സികളില് അതിന് തുല്യമായത്,ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കണം. www.gov.ae എന്ന വെബ്സൈറ്റിലൂടെയും യുഎഇ ഐസിപി എന്ന സ്മാര്ട്ട് ആപ്ലിക്കേഷനിലൂടെയും ഐഡന്റിറ്റി കാര്ഡുമായി ബന്ധപ്പെട്ട ലേറ്റ് ഫീസില് നിന്ന് ഒഴിവാക്കലിന് അപേക്ഷിക്കുന്നതിനുള്ള നടപടികള് ഐസിപി വിശദീകരിച്ചു. എമിറേറ്റ്സ് ഐഡി കാര്ഡുമായി ബന്ധപ്പെട്ട ലേറ്റ് ഫീസില് നിന്ന് മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഐസിപി വ്യക്തമാക്കി. രാജ്യംവിട്ട് മൂന്ന് മാസത്തിലേറെയായി കഴിഞ്ഞ വ്യക്തികളും ഭരണപരമായ ഉത്തരവോ തീരുമാനമോ ജുഡീഷ്യല് വിധിയോ മുഖേന നാടുകടത്തപ്പെട്ടതിന് ശേഷം ഐഡി കാര്ഡുകള് കാലഹരണപ്പെട്ട വ്യക്തികളും ഇതില് ഉള്പ്പെടുന്നു. കൂടാതെ,നിയമനടപടികള് തീര്പ്പാക്കാതെ പാസ്പോര്ട്ട് പിടിച്ചെടുത്ത വ്യക്തികള്ക്ക് ഈ ഇളവ് ബാധകമാണ്.