അഴീക്കോട് മണ്ഡലം ദുബൈ കെഎംസിസി പ്രഥമ വനിതാ കമ്മിറ്റി നിലവില്‍ വന്നു
അബുദാബി : ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ യുഎഇ ദിര്‍ഹം ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികള്‍ക്ക് വന്‍ നേട്ടം. ഒരു ദിര്‍ഹമിന് 22.90 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലെ ഉച്ചയ്ക്കു ശേഷം രേഖപ്പെടുത്തിയത്. യുഎഇയുടെ കോളിങ് ആപ്പായ ബോട്ടിം വഴി പണം അയച്ചവര്‍ക്ക് ഒരു ദിര്‍ഹമിന് 22.87 ദിര്‍ഹം വരെ ലഭിച്ചിരുന്നു. അതേസമയം,മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ വഴി ഇടപാടുകള്‍ നടത്തിയവര്‍ക്ക് ഒരു ദിര്‍ഹമിന് 22.82 രൂപയും ബാങ്കുകളില്‍ 22.59 രൂപയുമാണ് ലഭിച്ചത്. ഒരു ഒമാനി റിയാല്‍ 218.42,ബഹ്റൈനി ദിനാര്‍ 223.06,ഖത്തര്‍ റിയാ ല്‍ 23.05, സൗദി റിയാല്‍ 22.39,കുവൈറ്റി ദിനാര്‍ 274.28 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് കറന്‍സികളുടെ വിനിമയം നടന്നത് .
മാസത്തിന്റെ പകുതിയോടടുത്തതിനാലും ശമ്പളം നേരത്തെ തന്നെ നാട്ടിലേക്കു അയച്ചതിനാലും പലര്‍ക്കും ഉയര്‍ന്ന വിനിമയനിരക്കു ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. എന്നാലും എക്സ്ചേഞ്ചുകളിലും ബാങ്കുകളിലും സാധാരണയില്‍ കവിഞ്ഞ തിരക്ക് ദൃശ്യമായിരുന്നു. കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡ് വഴിയും മറ്റും പണമെടുത്തു അയച്ചവരും കുറവല്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ രൂപയുടെ മൂല്യം എത്തിയപ്പോള്‍ ഡോളറുമായുള്ള വിനിമയ നിരക്ക് 84ലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 12ന് രേഖപ്പെടുത്തിയ 83.98 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്നതാണ് രൂപയ്ക്ക് ഇത്രയധികം തിരിച്ചടി നേരിടാന്‍ കാരണം. ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരികളില്‍നിന്ന് പിന്‍വലിച്ചു. ഭരണകൂടത്തിന്റെയും റിസേര്‍വ് ബാങ്കിന്റെയും ഭാഗത്തുനിന്ന് കൂടുതല്‍ ഉത്തേജക പദ്ധതികള്‍ ഉടന്‍ വന്നില്ലെങ്കില്‍ മൂല്യത്തകര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രാസികള്‍ക്കും ആശങ്ക
രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ഒരര്‍ത്ഥത്തില്‍ നേട്ടമാണെങ്കിലും നാട്ടിലെ വിലവര്‍ധന കുടുംബബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പലരും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലവര്‍ധനവും അവയുടെ ഇറക്കുമതിയില്‍ ഉണ്ടാവുന്ന ഭീമമായ ചിലവും ഇന്ത്യന്‍ വിപണിയെയും സാരമായി ബാധിക്കാനിടയുണ്ട്. ഇത് അവശ്യവസ്തുക്കളുടെ വില വര്ധനവിലേക്കു വഴിവെക്കാന്‍ സാധ്യതയുണ്ട്. ‘നാട്ടില്‍ ലോണ്‍ എടുത്തവരെ സംബന്ധിച്ചു കറന്‍സി വിനിമയനിരക്കിലുള്ള വര്‍ധന ഇഎംഐ അടവില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ വരും നാളുകളില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചാല്‍ നാട്ടിലെ കുടുബ ബജറ്റിനെ സാരമായി അതു ബാധിക്കും’:- അബുദാബിയില്‍ പ്രവാസിയായ പത്തനംതിട്ട സ്വദേശി പി.ജെ ഫൈസല്‍ ‘ഗള്‍ഫ് ചന്ദ്രികയോട്’ പറഞ്ഞു. രൂപയെ പിടിച്ചു നിര്‍ത്താന്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും.