
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
തീപാറും പോരാട്ടത്തില്‍ കപ്പുയര്‍ത്തി 'ഹിറ്റ് ഷോ'
ദുബൈ: മിന്നല്‍ പിണര്‍പോലെ അശ്വമേധം ആവേശം തീര്‍ത്ത ദുബൈ കുതിരയോട്ട ലോകകപ്പില്‍ കിരീടം ഖത്തറിന്. പ്രധാന മത്സരത്തില്‍ ഖത്തറിന്റെ ‘ഹിറ്റ് ഷോ’യാണ് ലോകത്തെ ഏറ്റവും വലിയ കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിന്റെ കപ്പുയര്‍ത്തിയത്. 12 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍ ദുബൈ വേള്‍ഡ് കപ്പില്‍ ഫ്ളോറന്റ് ജെറോക്സ് ഓടിച്ചതും ബ്രാഡ് കോക്സ് പരിശീലിപ്പിച്ചതുമായ വാത്നാന് റേസിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഹിറ്റ് ഷോ 2:03:50 മിനുട്ടിലാണ് എട്ട് മുന്‍നിര കുതിരകളെ മറികടന്ന് ചാമ്പ്യനായത്. ജോക്കി ഫ്രാങ്കി ഡെറ്റോറി ഓടിച്ചതും ഡഗ് ഒ’നീല്‍ പരിശീലിപ്പിച്ചതുമായ കാലുമെറ്റ് ഫാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ കുതിര മിക്സ്റ്റോ രണ്ടാം സ്ഥാനത്തെത്തി. 2.4 മില്യണ്‍ ഡോളര്‍ ക്യാഷ് പ്രൈസാണ് സമ്മാനത്തുക കരസ്ഥമാക്കിയത്.
സുസുമു ഫുജിതയുടെ ഉടമസ്ഥതയിലുള്ള യോഷിറ്റോ യഹാഗി പരിശീലിപ്പിച്ചതും റിയുസെ സകായ് ഓടിച്ചതുമായ ജപ്പനീസ് കുതിര ഫോറെവര്‍ യങ്ങിനാണ് മൂന്നാം സ്ഥാനം. 1.2 മില്യണ്‍ ഡോളര്‍ നേടി. അത്ബാ റേസിങ്ങിന്റെ ഉടമസ്ഥതയിലുള്ള സൗദി കുതിര വാക്ക് ഓഫ് സ്റ്റാര്‍സ് നാലാം സ്ഥാനത്തെത്തി. മെയ്ഡാന്‍ റേസ്കോഴ്സിനെ ആവേശഭരിതമാക്കിയ 29ാമത് ദുബൈ ലോകകപ്പ് കുതിരയോട്ട ചാമ്പ്യന്‍ഷിപ്പില്‍ തീപാറും പോരാട്ടങ്ങളാണ് കണ്ടത്. വ്യത്യസ്ത റൗണ്ടുകളിലായി വിവിധ വിഭാഗങ്ങള്‍ മാറ്റുരച്ച ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ കുതിരയോട്ട മത്സരം ആവേശത്തിന്റെ കൊടുമുടി കയറി. ഫസ്റ്റ് ക്ലാസ് 1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ദുബൈ കഹൈല ക്ലാസിക് 2000 മീറ്റര്‍ ഗ്രൂപ്പ് വണ്‍ ഡേര്‍ട്ട് റേസില്‍ കോണര്‍ ബീസ്ലി ഓടിച്ച കുതിര ഉജ്വല വിജയം നേടി. 14 കുതിരകളുമായി മത്സരിച്ച് 2:12:65 മനുട്ട് സമയം കൊണ്ടാണ് ഡഗ് വാട്സണ് പരിശീലിപ്പിച്ച കുതിര ഫസ്റ്റ് ക്ലാസ് ചാമ്പ്യനായത്. 580,000 ഡോളര്‍ ക്യാഷ് പ്രൈസാണ് കോണര്‍ ബീസ്ലി സ്വന്തമാക്കിയത്.
ലോംഗൈന്‍സ് ദുബൈ ഷീമ ക്ലാസിക്’ ഓട്ടത്തില്‍ ജപ്പാന്റെ ‘ഡാനോണ്‍ ഡെസൈല്’ ചാമ്പ്യനായി. കീറ്റ ടൊസാക്കി ഓടിച്ച ഡാനോക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ഷോഗോ യസുദ പരിശീലിപ്പിച്ചതുമായ ഡാനോണ്‍ ഡെസൈലാണ് 2,410 മീറ്ററില്‍ 6 മില്യണ്‍ ഡോളര്‍ സമ്മാനമുള്ള ലോംഗൈന്‍സ് ദുബൈ ഷീമ ക്ലാസിക് നേടിയത്. എട്ട് എലൈറ്റ് കുതിരകളെയാണ് പരാജയപ്പെടുത്തിയത്. ഡാനോണ്‍ ഡെസൈല് 2:27:05 മിനിറ്റ് സമയം രേഖപ്പെടുത്തി റൗണ്ടില്‍ ഒന്നാമതെത്തി 3.48 മില്യണ്‍ ഡോളറിന്റെ ഒന്നാം സമ്മാനം നേടി.