കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം: മലയാള സിനിമാ ലോകത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട്, വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമ്പോൾ ചില പേജുകളും ഖണ്ഡികകളും നീക്കും. സ്വകാര്യത ലംഘിക്കാതെ വിവരങ്ങൾ നൽകാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചിരിക്കുന്നത്. മുദ്രവച്ച കവറിൽ കമ്മിഷനു സാംസ്കാരിക വകുപ്പ് കൈമാറിയ റിപ്പോർട്ടിൽ അനുബന്ധം ഉൾപ്പെടുത്തിയിരുന്നില്ല. ബാക്കി 295 പേജുകളാണു കൈമാറിയതെന്നു കമ്മിഷന്റെ ഉത്തരവിലുണ്ട്. സംസ്ഥാനത്തെ വിവരാവകാശ നിയമ ചരിത്രത്തിൽ നിർണായകമായ ഉത്തരവാണ് കമ്മിഷന്റേത്. സ്വകാര്യതയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നവരുടെ തൊഴിൽനഷ്ടവും സുരക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക മൊഴികളും തെളിവുകളും പൂഴ്ത്തി വെച്ചതിനു ശേഷമാകുമെന്നും ഇതെല്ലാം വെറും പ്രഹസനമാണെന്നും കഴിഞ്ഞ ദിവസം സംവിധായകൻ ഡോക്ടർ ബിജു അഭിപ്രായപ്പെട്ടിരുന്നു.
റിപ്പോർട്ട് പുറത്തുവിടാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) സ്വാഗതം ചെയ്തു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ സുതാര്യതയോടെ പുറത്തു വരുന്നത്, ഉപയോഗപ്രദമായ പരിഹാരനടപടികൾ പ്രാവർത്തികമാക്കാനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ടുവരാനും ഉപകരിക്കുമെന്നു ഡബ്ല്യുസിസി ഭാരവാഹികൾ പറഞ്ഞു.